ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു.
“ശെരി, വരൂ ചേട്ടാ. നമുക്ക് കഴിക്കാം.” അതും പറഞ്ഞ് അവൾ നടന്നതും ഞാൻ പിന്നാലെ ചെന്നു.
അവൾ ആദ്യം താഴെ വീണു ചിതറിയ ഭക്ഷണം എല്ലാം ഒതുക്കി കളഞ്ഞു. എന്നിട്ട് എനിക്ക് ഭക്ഷണം വച്ചു തന്നു. എന്നിട്ട് അവള്‍ക്കും എടുത്തു കൊണ്ട് അവൾ എന്റെ അടുത്തുതന്നെ ഇരുന്നു.
ഞങ്ങൾ മിണ്ടാതെ കഴിച്ചിട്ട് എഴുന്നേറ്റു. ഞാൻ വേഗം റൂമിൽ ചെന്ന് കിടക്കുകയും ചെയ്തു.
കുറെ കഴിഞ്ഞ് ജൂലി റൂമിൽ വന്ന് മലര്‍ന്നു കിടന്ന എന്നോട് ചേര്‍ന്നു കിടന്നു. എനിക്ക് ആശ്വാസമാണ് തോന്നിയത്. എന്നോട് അവള്‍ക്ക് ദേഷ്യം ഉണ്ടായിരുന്നെങ്കില്‍ അവൾ എന്നോട് ചേര്‍ന്ന് കിടക്കില്ലായിരുന്നു.
മലര്‍ന്നു കിടക്കുന്ന ഞങ്ങൾ രണ്ടുപേരുടെ നോട്ടവും കറങ്ങുന്ന ഫാനിലായിരുന്നു.
അവസാനം ജൂലി എന്നെ നോക്കി ചെരിഞ്ഞു കിടന്നു.
“ഒരു കാര്യം ചോദിച്ചാൽ ചേട്ടൻ സത്യം പറയുമോ..?” പെട്ടന്നാണ് ജൂലിയുടെ ചോദ്യം വന്നത്.
അവളുടെ മുഖത്ത് നോക്കാന്‍ ധൈര്യം വന്നില്ലെങ്കിലും ഞാൻ എങ്ങനെയോ ചെരിഞ്ഞു കിടന്ന് അവളെ നോക്കി.
“എന്നെ ഒഴിവാക്കണം എന്ന് ചേട്ടൻ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…? ഒരിക്കല്‍ എങ്കിലും ആ ചിന്ത ചേട്ടന്റെ മനസ്സിലൂടെ കടന്നു പോയിട്ടില്ലേ…?”
അവളുടെ ചോദ്യം കേട്ട് എനിക്ക് സങ്കടവും വേദനയുമാണ് ഉണ്ടായത്. കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. എന്റെ ഹൃദയത്തെ ആരോ ചവിട്ടി അരച്ചത് പോലെയാണ് വേദനിച്ചത്.
“എന്തിനാ ജൂലി ഇങ്ങനെയൊക്കെ ചോദിക്കുന്നത്…?” വിഷമത്തോടെ ഞാൻ ചോദിച്ചു. ശബ്ദം ഇടറിയാണ് പുറത്തേക്ക് വന്നത്. “ഞാൻ നിന്നെ വഞ്ചിച്ചു, ശെരിയാണ്. ഞാൻ ചെയ്തത് തെറ്റാണ്… പക്ഷേ നിന്നെ എനിക്ക് വേണ്ടെന്ന് എന്റെ നോട്ടത്തില്‍ നിന്നും, പെരുമറ്റത്തിൽ നിന്നും, എന്റെ സംസാരത്തിൽ നിന്നും, എപ്പോഴെങ്കിലും നിനക്ക് തോന്നിയിട്ടുണ്ടോ..?” ചോദിച്ചു കൊണ്ട് ഞാൻ എഴുനേറ്റിരുന്നു.
കുറെ നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് അവളും എഴുനേറ്റ് എനിക്ക് എതിരായി ഇരുന്ന ശേഷം പറഞ്ഞു,,
“ചേട്ടന് എന്നെ വേണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, സത്യമാണ്. പക്ഷേ എന്നാലും ഉള്ളിന്‍റെ ഉള്ളില്‍ അങ്ങനെ വല്ലതും ഉണ്ടോ എന്നറിയാന്‍ ചോദിച്ചത…!”