“കഴിക്കാൻ വരുന്നില്ലേ..!!” ജൂലിയുടെ കോപത്തോടെയുള്ള കടുത്ത ശബ്ദം എന്റെ കാതിനെ തുളച്ചു. “ഇനി ഞാൻ അങ്ങോട്ട് വന്ന് താങ്ങിത്തൊഴുത് വിളിച്ചാലേ വരത്തുള്ളോ…? അതോ തൂകിയെടുത്തു കൊണ്ട് ഇരുത്തിയാലേ കഴിക്കുകയുള്ളോ..?” അവളുടെ നിന്ദാഗര്‍ഭമായ വാക്കുകൾ എന്നെ തേടിയെത്തി.
അതുകേട്ട് വിഷമിച്ചു നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.
“ഒന്ന് വരുന്നുണ്ടോ, എനിക്ക് വിശക്കുന്നു.” അവസാനം ദേഷ്യത്തില്‍ ജൂലി ശബ്ദം ഉയർത്തി.
ഉടനെ ഞാൻ നടന്ന് ഡൈനിംഗ് റൂമിൽ അവള്‍ക്ക് എതിര്‍ വശത്തുള്ള കസേരയില്‍ ചെന്നിരുന്നു. എന്റെ ഇടത് തുടയിൽ കൈ മുട്ട് ഊന്നി ഉള്ളം കൈ താടിക്കും കൊടുത്താണ് ഞാൻ ഇരുന്നത്.
അല്‍പ്പനേരം അവള്‍ എന്നെ കോപത്തോടെ നോക്കിയ ശേഷം എഴുനേറ്റ് പ്ലേറ്റിൽ ചപ്പാത്തിയും കടല കറിയും വിളമ്പി എടുത്തുകൊണ്ട് എന്റെ അടുത്തേക്ക് വന്നു. അതിനെ എന്റെ മുന്നില്‍ മേശപ്പുറത്ത് വച്ച ശേഷം എന്റെ പുറന്തലയിൽ അവളുടെ കൈ വച്ച ശേഷം ദേഷ്യത്തില്‍ താഴേക്ക് തള്ളിക്കൊണ്ട് പറഞ്ഞു,,
“എല്ലാം കാട്ടിക്കൂട്ടിയിട്ട് ഒന്നുമറിയാത്ത പാവത്തേപോലെ ഇരിക്കുന്നത് കണ്ടില്ലേ..!!”
പക്ഷേ എന്റെ കഷ്ടകാലത്തിന് ദേവി എന്റെ തലയില്‍ പിടിച്ചു താഴ്ത്തിയതും, എന്റെ തുടയിൽ ഞാൻ ഊന്നിയിരുന്ന കൈ മുട്ട് തെന്നി എന്റെ ഗ്രിപ് വിട്ടുപോയി. എന്റെ മുഖം നേരെ പ്ലേറ്റിലേ ചപ്പാത്തിക്ക് മുകളില്‍ പടർന്നു കിടന്ന ചൂടുള്ള കറിയില്‍ ചെന്ന് പതിഞ്ഞമർന്നു.
ഭാഗ്യത്തിന് തിളച്ച കറി അല്ലായിരുന്നു. പക്ഷേ അത്യാവശ്യം ചൂടും എരിവും ഉണ്ടായിരുന്നു. കറി എന്റെ കണ്ണിലും മുഖത്തും മൂക്കിലും എല്ലാം കേറി.
വെപ്രാളപ്പെട്ട് ഞാൻ ചാടിയെഴുന്നേറ്റതും ഭക്ഷണവും പ്ലേറ്റും താഴെ വീണു ചിതറി.
ഞാൻ കരഞ്ഞു വിളിച്ചു. അപ്പോൾ എന്റെ മൂക്കിലൂടെ കറി ഉള്ളിലേക്ക് കടന്ന് എനിക്ക് ചുമ പൊട്ടി. കരഞ്ഞു ചുമച്ചു കൊണ്ട് എന്റെ ലുങ്കി പൊക്കി ഞാൻ മുഖം തുടച്ചു. എന്നിട്ട് വാഷ് ബേസിൻ തിരക്കി ഞാൻ ഓടി.
“ദൈവമേ….!! ഞാൻ എന്താണ് കാണിച്ചത്..?” വേദനയും സങ്കടവും പിന്നേ സ്വയം പഴിക്കുന്ന സ്വരത്തില്‍ ജൂലി കരഞ്ഞുപോയി.
എന്നിട്ട് അവളും എന്റെ അടുത്തേക്ക് കരഞ്ഞുകൊണ്ട് ഓടി വന്നു.
“സോറി ചേട്ടാ… അറിയാതെ സംഭവിച്ചു പോയി….” കരഞ്ഞു കൊണ്ട് വാഷ് ബേസിനിൽ നിന്നും വെള്ളം പിടിച്ച് വേഗത്തിൽ എന്റെ മുഖത്തെ ജൂലി കഴുകൻ തുടങ്ങി. അവള്‍ ഇടതടവില്ലാതെ കരഞ്ഞുകൊണ്ട് ക്ഷമയും ചോദിച്ചു കൊണ്ടിരുന്നു.