അതുകൊണ്ട് അവള്‍ എല്ലാം കഴുകി തീരും വരെ ഞാൻ പിന്നില്‍ നിന്നും അവളെ കെട്ടിപിടിച്ചു കൊണ്ട് സങ്കടത്തോടെ വെറുതെ നിന്നു. ജൂലി എന്നോട് പിണങ്ങി നില്‍ക്കുകയാണെങ്കിലും ഞാൻ അവളെ ഇങ്ങനെ കെട്ടിപിടിച്ചു നില്‍ക്കുന്നത് അവള്‍ക്കും ഇഷ്ട്ടപ്പെട്ടു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കാരണം അവളുടെ ദേഹത്തുള്ള എന്റെ പിടിത്തം വിട്ടു പോകാതിരിക്കാന്‍ അവള്‍ വളരെ സൂക്ഷിച്ചാണ് അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് പാത്രം എടുക്കുകയും വയ്ക്കുകയോ ചെയ്തു കൊണ്ടിരുന്നത്. ഇടയ്ക്ക് അവളുടെ തോളില്‍ നിന്നും എന്റെ താടിയെല്ല് തെന്നി പോയപ്പോ അവൾ തോളിനെ അഡ്ജസ്റ്റ് ചെയ്ത് എന്റെ താടിയെല്ലിന് അടിയില്‍ തന്നെ ആക്കി വച്ചു.
അവസാനം അവളുടെ ജോലി കഴിഞ്ഞതും ജൂലി എന്നില്‍ നിന്നും അകന്നു മാറാതെ അങ്ങനെതന്നെ നിന്നു. ഇടക്കിടക്ക് അവൾ പോലും അറിയാതെ അവളുടെ ചുണ്ടില്‍ വിരിയുന്ന സന്തോഷപ്പുഞ്ചിരിയെ അവള്‍ മറയ്ക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു.
അവസാനം ഒരു ദീര്‍ഘ നിശ്വാസത്തോടെ ജൂലി എന്റെ കൈകളെ വിടുവിച്ചു കൊണ്ട് തിരിഞ്ഞു നിന്ന് എന്റെ കണ്ണിലേക്ക് നോക്കി. ശേഷം, തിരികെ കിട്ടിയ പ്രാണനെ അവളുടെ ഉള്ളിലേക്ക് ആവാഹിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ ജൂലി എന്നെ മുറുകെ അണച്ചു പിടിച്ചു.
“സാമേട്ടനോട് അധികനേരം എനിക്ക് പിണങ്ങിയിരിക്കാൻ പോലും കഴിയുന്നില്ല.” അവള്‍ സ്നേഹത്തോടെ പറഞ്ഞു. “ചേട്ടനോട് സംസാരിക്കാതിരുന്നാൽ എനിക്ക് വെപ്രാളം എടുക്കും…. ശ്വാസവായു ഇല്ലാത്ത മണൽക്കുഴിയിൽ പുതഞ്ഞു പോയത് പോലെ ഭയം തോന്നും…. മനസ്സ് ബ്ലാങ്ക് ആയിപ്പോകും.” പേടിയോടെ പറഞ്ഞിട്ട് അവള്‍ എന്നെ കൂടുതൽ മുറുകെ പിടിച്ചു. അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.
ഉടനെ അവളെ ഞാൻ സ്നേഹത്തോടെ എന്നോട് ചേര്‍ത്തു പിടിച്ചു. എന്റെ കവിളും അവളുടെ തലയുടെ വശത്തായി ചേര്‍ത്തു വച്ചു.
അപ്പോൾ ജൂലി റിലാക്സ് ആവുന്നത് അറിയാൻ കഴിഞ്ഞു… മുറുകിയ വടം പോലെ ഇരുന്ന അവളുടെ ശരീരം അയഞ്ഞു നോർമലായി. ഒടുവില്‍ അവളുടെ വിറയലും മാറി. അവസാനം പതിയെ എന്നില്‍ നിന്നും അവൾ അകന്നുമാറി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന മാലാഖയെ പോലെ പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഞാൻ എന്നെതന്നെ മറന്ന് അവളെ നോക്കി നിന്നു.