ഗോൾ 6 [കബനീനാഥ്]

Posted by

കണ്ണൂർ – പാലക്കാട് ഒരു ഫാസ്റ്റ് പാസഞ്ചർ വരുന്നതു കണ്ടതും സല്ലു സുഹാനയേയും വലിച്ച് ബസ്സിനടുത്തേക്കു ചെന്നു…… .

തിരക്കുണ്ടായിരുന്നു ബസ്സിൽ…

മുന്നിൽ നിന്നും പിന്നിൽ നിന്നും ആളുകൾ ഇടിച്ചു കയറിയതോടെ സുഹാന ഞെരുങ്ങി……

സീറ്റിനടുത്തേക്ക് അവളെ വലിച്ചു നിർത്തി, സല്ലു അവൾക്കു പിന്നിൽ ഒരു കവചം തീർക്കുന്നതു പോലെ നിൽക്കുന്നത് സുഹാന അറിയുന്നുണ്ടായിരുന്നു…

മുകളിലെ പൈപ്പിൽ കൈ എത്തിപ്പിടിച്ചു നിൽക്കുക സുഹാനയ്ക്ക് സാദ്ധ്യമല്ലായിരുന്നു……

സീറ്റിന്റെ കമ്പിയിൽ പിടിച്ച്, സുഹാന നിന്നു..

ബസ്സ് ഓടിത്തുടങ്ങി…

ഒരു വശത്ത് മൂന്നുപേർക്കുള്ള സീറ്റും , മറുവശത്ത് രണ്ടു പേർക്കുള്ള സീറ്റുമായിരുന്നു ബസ്സിനുണ്ടായിരുന്നത്.

അടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയപ്പോൾ ഇറങ്ങിയ ആളുകളെക്കാൾ കൂടുതൽ കയറുവാനുണ്ടായിരുന്നു……

സല്ലു അവളോട് ഒട്ടിത്തുടങ്ങി ….

വലതു വശത്ത് നിന്നിരുന്ന മദ്ധ്യവയസ്കൻ സുഹാനയിലേക്കടുത്തതും സല്ലു , അവളുടെ ഇടുപ്പിൽ കൈ ചുറ്റി തന്നിലേക്ക് അടുപ്പിച്ചു നിർത്തി……

സുഹാന മുഖം ചെരിച്ച്, അവനെ നോക്കി പുഞ്ചിരിച്ചു…

സല്ലു നിർവ്വികാരനായി നിന്നതേയുള്ളു…

ചുമലിലെ ബാഗ് വലതു വശത്തേക്കാക്കി , അയാൾ അവളെ സ്പർശിക്കാനിടവരാതെ സല്ലു ശ്രദ്ധിച്ചു…

അത് സുഹാന അറിയുന്നുണ്ടായിരുന്നു…

തന്നോട് അവന് സ്നേഹമുണ്ട്… ….

തന്നെ സംരക്ഷിച്ചു കൂടെ നിർത്തുന്നുമുണ്ട്…….

പിന്നെ എന്താണ് സംഭവിച്ചത്… ?

എവിടെയാണ് പിഴച്ചത്… ?

സീറ്റ് കിട്ടാൻ ബസ്സ് മുക്കം എത്തേണ്ടിവന്നു……

ഇടതു വശത്തെ രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റ് കിട്ടിയതും സല്ലു അവളെ വിൻഡോയ്ക്കരുകിലേക്കാക്കി…

ബാഗുമായി , അവനും കയറിയിരുന്നു ….

ഷാളെടുത്ത് തലവഴി മൂടി, അവൾ അവനെ നോക്കി …

സല്ലു പക്ഷേ ഗൗരവത്തിൽ തന്നെയായിരുന്നു……

സീറ്റ് കിട്ടിയതും സുഹാന ചെറുതായി മയങ്ങിത്തുടങ്ങി……

ഇടയ്ക്കവൾ അവന്റെ ചുമലിലേക്കും തല ചായ്ച്ചിരുന്നു…

മഞ്ചേരിയിൽ ബസ്സിറങ്ങി , സുൾഫിയുടെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷ വിളിച്ചാണ് ഇരുവരും പോയത്……

ഉമ്മയേയും ബാപ്പയേയും കാര്യം പറഞ്ഞു മനസ്സിലാക്കി തന്നെയാണ് സുഹാന , സല്ലുവുമായി സ്കൂട്ടിയെടുത്തു തിരിച്ചത്……

ആ സമയങ്ങളിലൊക്കെ , ഒന്നും ശബ്ദിക്കാതെ ഒരാജ്ഞാനുവർത്തിയായി സല്ലു അവൾക്കൊപ്പം നിന്നു…

അബ്ദുറഹ്മാൻ എത്തിയിരുന്നില്ല……

ഫാത്തിമ, അവരോട് കല്യാണവിശേഷങ്ങൾ തിരക്കിയത് സുഹാന വെറും മൂളലിലൊതുക്കി…….

Leave a Reply

Your email address will not be published. Required fields are marked *