എന്നോട് ക്ഷമിക്കടാ.. ഞാൻ നിന്നോട് തെറ്റു ചെയ്തു.. നിന്നെ മനസിലാക്കാനോ സ്നേഹിക്കാനോ എനിക്ക് കഴിഞ്ഞില്ല…
തന്റെ മാറിലേക്ക് തല ചായ്ച്ചു കൊണ്ട് പൊട്ടികരയുന്ന ശോഭന അവന് പുതിയ അനുഭവം ആയി…
അവരുടെ സങ്കടം തീരുന്നതു വരെ കരയട്ടെ എന്ന് കരുതി അവൻ അനങ്ങാതെ നിന്നുകൊടുത്തു…
അകത്തു നിന്ന് മക്കൾ രണ്ടുപേരും അതു കാണുന്നുണ്ടായിരുന്നു…
വീടിനകത്തു കയറിയപ്പോൾ തന്നെ അവരുടെ അവസ്ഥ ഏകദേശം റോയ്ക്ക് മനസിലായി…
നിനക്ക് ഒരു കടുംകാപ്പി ഇട്ടു തരാൻ പോലും ഇവിടെ ഒന്നും ഇല്ലല്ലോ മോനേ…
ഞാൻ വിരുന്നുകാരൻ ഒന്നുമല്ലല്ലോ ആന്റി.. എന്ന് പറഞ്ഞു കൊണ്ട് ബാഗ് രണ്ടും എടുത്ത് അകത്തു വെച്ചിട്ട് അവൻ അടുക്കളയിൽ ഒക്കെ പോയി നോക്കി…
രണ്ടു ദിവസം എങ്കിലുമായി അടുപ്പ് കത്തിച്ചിട്ട് എന്ന് അവന് മനസിലായി..
ആന്റി ഞാൻ വെളിയിൽ ഒന്നു പോയിട്ട് വരാം എന്ന് പറഞ്ഞുകൊണ്ട് അവൻ റോഡിലേക്ക് നടന്നു…
അവന് എങ്ങിനെ ഇന്ന് ഭക്ഷണം കൊടുക്കും എന്നോർത്ത് വിഷമിച്ചു നിൽക്കുംമ്പോൾ ഒരു ഇളം തണുപ്പുള്ള കാറ്റ് മണിമലയാറ്റിൽ നിന്നും ശോഭനയെ തഴുകി കടന്നുപോയി..
ആ കാറ്റിനു എപ്പോഴോ മറന്നുപോയ ഒരു മണം ഉണ്ടായിരുന്നോ എന്ന് അവൾക്ക് തോന്നി… മൈക്കിളിന്റെ മണം….
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ജീപ്പ് വന്ന് അവരുടെ മുറ്റത്തേക്ക് കയറുന്ന സൗണ്ട് കേട്ടാണ് അമ്മയും മക്കളും വെളിയിൽ വന്നത്…
ജീപ്പ് നിറയെ വീട്ടിലേക്കുള്ള സാധനങ്ങൾ.. ഒരു ചാക്ക് അരി.. കുറേ പച്ചക്കറികൾ.. പച്ചമീൻ…. പിന്നെ എന്തൊക്കെയോ.. കുറേ പൊറോട്ട ബീഫ് കറി.. പഞ്ചസാര തേയില അങ്ങനെ അങ്ങനെ….
സാധനങ്ങൾ എടുത്തു വെയ്ക്കുന്നതിനു മുൻപ് നമുക്ക് എന്തെങ്കിലും കഴിക്കാം..എനിക്ക് വല്ലാതെ വിശക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് പൊറോട്ടയും ബീഫും ഉള്ള പാർസൽ എടുത്തുകൊണ്ട് അവൻ അകത്തേക്ക് കയറി…
അടുക്കളയിൽ നിന്നും പ്ലെയ്റ്റുകൾ എടുത്തു കൊണ്ടുവന്ന് ശോഭന എല്ലാവർക്കും വിളമ്പി കൊടുത്തു..
ആന്റിയും ഇരിക്ക്… സോഫിയ മടിച്ചു നിൽക്കുന്നത് കണ്ട് റോയി പറഞ്ഞു
ഇരിക്ക് ഞാൻ പഴയ റോയി തന്നെയാ നിങ്ങളുടെ കൂടെ ഈ പറമ്പിൽ കളിച്ചു നടന്ന റോയി..എന്റെ മുൻപിൽ എന്തിനാണ് നാണിക്കുന്നത്…