“എല്ലാം എടുത്ത് വച്ചിട്ടുണ്ട്. എല്ലാവരും വരൂ.” വിഷമിച്ച സ്വരത്തില്‍ പറഞ്ഞിട്ട് ജൂലി അവളുടെ അമ്മയും സാന്ദ്രയെയും നോക്കി അവിടെ തന്നെ നിന്നു.
പക്ഷേ ഞാൻ നടന്നു, നേരെ ഡൈനിംഗ് റൂമിലേക്ക്. പിന്നില്‍ നിന്നും അമ്മയും മക്കളും എന്തോ രഹസ്യം പറയുന്നത് ഞാൻ കേട്ടു, പക്ഷേ ഒന്നും വ്യക്തമായില്ല.
ഞാൻ നേരെ ചെന്ന് ഒരു പത്തിരിയും അല്‍പ്പം ഇറച്ചി കറിയും പ്ലേറ്റിൽ എടുത്ത് കഴിക്കാൻ ഇരുന്നു.
അവർ വരുന്നതിന് മുമ്പ് ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റ സമയം അവർ മൂന്ന് പേരും എത്തി. ഞാൻ എന്റെ പ്ലേറ്റും എടുത്തു കൊണ്ട് നേരെ കിച്ചനിലേക്ക് നടന്നു. അതിനെ കഴുകി വച്ചിട്ട് തിരികെ വരുമ്പോൾ ആരുടെ മുഖത്തും നോക്കാതെ നേരേ റൂമിലേക്ക് നടന്നു.
അര മണിക്കൂര്‍ കഴിഞ്ഞ് ജൂലി റൂമിൽ കേറി വന്നു. അന്നേരം ഞാൻ ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ കളിക്കുകയായിരുന്നു.
“ചേട്ടൻ കാണിച്ചത് ഒട്ടും ശരിയായില്ല…!!” ബെഡ്ഡിൽ കേറി എന്റെ അടുത്തിരുന്നു കൊണ്ട് ജൂലി കുറ്റപ്പെടുത്തി.
“അപ്പോ ഞാൻ ആഹാരവും കഴിക്കാൻ പാടില്ലേ..?” മൊബൈലില്‍ നിന്നും കണ്ണ് മാറ്റാതെ ഞാൻ ചോദിച്ചു.
“അതല്ല ഞാൻ ഉദ്ദേശിച്ചത്…” പറഞ്ഞിട്ട് ജൂലി എന്റെ മൊബൈൽ പിടിച്ചു വാങ്ങി. അപ്പോൾ ഞാൻ ദേഷ്യത്തില്‍ അവളെ നോക്കി.
“സാന്ദ്രയോടും മമ്മിയോടും എന്തിനാ അങ്ങനെ കടുപ്പിച്ച് സംസാരിച്ചത്…? എന്തിനാ അവരെ അങ്ങനെ വിഷമിപ്പിച്ചത്..?” ജൂലി ചൂടായി.
“കടുപ്പിച്ചും.. പിന്നെ ആരെയും വിഷമിപ്പിക്കാനും അല്ല അങ്ങനെ ഞാൻ പറഞ്ഞത്. കാര്യം തന്നെയ ഞാൻ പറഞ്ഞത്. അതിൽ വിഷമിക്കേണ്ട കാര്യം ഒന്നുമില്ല.”
പക്ഷേ ജൂലി ഭയങ്കര ദേഷ്യത്തില്‍ എന്നെ നോക്കിയിരുന്നു. അതോടെ എനിക്കും കോപം വന്നു.
“എന്റെ ജൂലി, എനിക്ക് കുടുംബം എന്നു പറയാൻ നിങ്ങളാണ് പ്രധാനമായി ഉള്ളത്. പക്ഷേ നിങ്ങൾ എല്ലാവരും എന്നെ വെറും അന്യനായി കണ്ട് എന്നില്‍ നിന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചു… എന്റെ ഇളയമ്മയും മക്കളും എന്നെ അവരുടെ ജീവിതത്തിൽ നിന്നും ഒതുക്കി നിര്‍ത്തിയത് പോലെ.”
ഞാൻ പറഞ്ഞത് കേട്ട് ജൂലിയുടെ കണ്ണുകൾ നിറഞ്ഞു.