“ഞാൻ പറഞ്ഞതെന്താണെന്ന് വച്ചാൽ അയാളോട് നേർക്കുനേർ നിന്ന് ആരെങ്കിലും എതിർക്കാൻ ഉണ്ടെങ്കിൽ അയാളുടെ പത്തി താഴും…ആരും എതിർക്കാൻ ധൈര്യപ്പെടില്ലെന്നതാണ് അയാളുടെ ധൈര്യം…അങ്ങനെ ഒരു പേടി അയാൾ വാക്കുകൾ കൊണ്ട് മറ്റുള്ളവരിൽ സൃഷ്ടിച്ചെടുക്കാൻ മിടുക്കൻ ആയിരുന്നു…അയാളുടെ ആ ധൈര്യം ആണ് ആര്യൻ ഇപ്പോൾ തകർത്തത്…അതുകൊണ്ട് ഇനി അയാൾ ആര്യന് നേരെ പ്രശ്നവുമായി വരുമെന്ന് തോന്നുന്നില്ല…” സുഹറ പറഞ്ഞ് നിർത്തി.
“എങ്കിലും ഞാൻ അയാളെ വേദനിപ്പിച്ചതിൽ അയാൾക്ക് എന്നോട് പക കാണില്ലേ ഇത്താ…?” ആര്യൻ വീണ്ടും ഒരൽപ്പം സംശയത്തോടെ ചോദിച്ചു.
“ആര്യന് അയാളെ പേടിയില്ലാ എന്ന് അയാൾക്ക് ബോധ്യമായിട്ടുണ്ട് ഇതിനോടകം…അതുകൊണ്ട് ഇനി വീണ്ടും ആര്യന് നേരെ കൈ ഉയർത്തുന്നതിന് മുൻപ് അയാളൊന്ന് ചിന്തിക്കും…അതുകൊണ്ട് ആര്യൻ പേടിക്കണ്ട…പക കാണും പക്ഷേ അത് തീർക്കാനുള്ള ധൈര്യം ഇപ്പോൾ കാണില്ല…ഉണ്ടായിരുന്നെങ്കിൽ അയാൾ ഇപ്പോഴും ഇവിടെ ഉണ്ടായേനേം…” സുഹറയുടെ വാക്കുകൾക്ക് ദൃഢതയുണ്ടായിരുന്നു.
അവളുടെ വാക്കുകൾ സ്വാഭാവികമായും ആര്യനിൽ ആശ്വാസം ഉളവാക്കി. എങ്കിലും പൂർണമായി രാജനെ നിസ്സാരവത്കരിക്കാൻ ആര്യൻ തയ്യാറായിരുന്നില്ല. അത് മനസ്സിലായിട്ടാവണം സുഹറ വീണ്ടും തുടർന്നത്.
“ഞാൻ പറഞ്ഞില്ലേ ആര്യനോട് ഇനി അയാള് പ്രശ്നത്തിന് വരാനുള്ള സാധ്യത കുറവാണ്…ആര്യനോടുള്ള പകയും ദേഷ്യവും കൂടി ഇനി അയാള് വരുമ്പോൾ എൻ്റെ ശരീരത്തിൽ തീർത്തോളും…അതിന് എനിക്ക് സന്തോഷമേ ഉള്ളൂ…കാരണം അത്രയും ആൾക്കാർ നോക്കി നിൽക്കെ എന്നെ മാനക്കേടിൽ നിന്നും രക്ഷിച്ചത് ആര്യനാ…” സുഹറ വിങ്ങിപ്പൊട്ടി.
സുഹറ പറഞ്ഞത് കേട്ട ആര്യന് ആ കാഴ്ച കൂടി കണ്ടപ്പോൾ അവളെയോർത്ത് സങ്കടവും സഹതാപവും ഒരുപാട് സ്നേഹവും തോന്നി.
“ശ്ശേ…അങ്ങനെയൊന്നും പറയല്ലേ…ഇത്ത കരയാതെ…” ആര്യൻ അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞുകൊണ്ട് സുഹറയുടെ തോളിൽ കൈകൾ ചേർത്ത് പിടിച്ചു.
മുഖം പൊത്തി കരഞ്ഞുകൊണ്ടിരുന്ന സുഹറ പെട്ടെന്ന് ആര്യൻ്റെ നെഞ്ചിലേക്ക് വീണുകൊണ്ട് കരച്ചിൽ തുടർന്നു. ആര്യന് എന്ത് പറഞ്ഞ് സുഹറയെ ആശ്വസിപ്പിക്കണം എന്ന് അറിയാത്തതുകൊണ്ട് അവളെ മാറോട് ചേർത്ത് നിർത്തിക്കൊണ്ട് തന്നെ തലയിൽ തഴുകി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് നേരം മുഖം പൊത്തി തന്നെ ആര്യൻ്റെ നെഞ്ചിൽ ചേർന്ന് നിന്നുകൊണ്ട് സുഹറ കരച്ചിൽ അടക്കാൻ ശ്രമിച്ചു.