ആര്യൻ്റെ വാക്കുകൾ ഓരോന്നായി കേട്ടുകൊണ്ട് എന്ത് പറയണമെന്നറിയാതെ സുഹറ സ്തബ്ദയായി നിന്നു. അവളുടെ മിഴികൾ വീണ്ടും ഈറനണിയുന്നത് ആര്യനും നോക്കി നിന്നു. പക്ഷേ ഉടനെ തന്നെ സുഹറ കരച്ചിൽ നിർത്തി ആശ്വാസം പ്രകടിപ്പിച്ചു. അത് എന്തുകൊണ്ടാണെന്ന് ആര്യന് അപ്പോൾ മനസ്സിലായില്ല.
“ഇത്രയൊക്കെ ചെയ്ത അവനോട് മാപ്പ് ചോദിക്കാനും മാത്രം ആര്യൻ തരംതാഴരുത്…അല്ലെങ്കിൽ തന്നെ ആര്യൻ അല്ലല്ലോ അയാളല്ലേ എല്ലാവരോടും മാപ്പ് ചോദിക്കേണ്ടത്…ആര്യൻ ചെയ്തതിൽ ഒരു തെറ്റുമില്ല…” സുഹറയുടെ വാക്കുകൾക്ക് ഒരു കർക്കശക്കാരിയുടെ സ്വരം ഉണ്ടായിരുന്നു.
“അത് പിന്നെ ഇത്താ ഞാൻ പറഞ്ഞല്ലോ…ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ മാപ്പ് പറയാനും തയ്യാറാണ്…അതുകൊണ്ട് മാത്രം…” ആര്യൻ വ്യക്തമാക്കി.
“എന്തായാലും അതൊന്നും വേണ്ട ആര്യാ അയാളിനി നിങ്ങളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല…ആര്യൻ പറഞ്ഞത് വച്ച് നോക്കുമ്പോൾ അയാളിവിടെ നിന്നും പോയിട്ടുണ്ട്…ഇനി ഉടനെ തിരികെ വരാനും സാധ്യതയില്ല…”
പറയുമ്പോൾ സുഹറയിൽ വീണ്ടും ഒരു ആശ്വാസം ഉടലെടുത്തിരുന്നത് ആര്യൻ ശ്രദ്ധിച്ചു.
“അതെന്താ ഇത്താ അത്രക്ക് ഉറപ്പ്…?” ആര്യൻ്റെ മുഖത്ത് സംശയം നിറഞ്ഞുനിന്നു.
“ആര്യൻ ലിയക്ക് ഉണ്ടായ ഒരു അനുഭവം എന്നോട് പറഞ്ഞില്ലേ അതുപോലെ ഒരു അനുഭവം ശാലിനിക്കും ഉണ്ടായിട്ടുണ്ട് പണ്ട് കുളത്തിൽ വച്ച്…”
സുഹറയുടെ വാക്കുകൾ ആര്യനിൽ ഒരു ഞെട്ടൽ ഉണ്ടാക്കി. ഇത് തനിക്കും ചന്ദ്രികക്കും മാത്രം അല്ലാതെ മറ്റൊരാൾക്കും അറിയില്ലാ എന്ന് ശാലിനി പറഞ്ഞിരുന്നതായി ആര്യൻ ഓർത്തു. എന്നിട്ടും സുഹറയ്ക്ക് എങ്ങനെ അതിനെപ്പറ്റി അറിവുണ്ടായി എന്ന് അവൻ തലപുകച്ചു. എന്നാൽ അതിനുള്ള ഉത്തരം ആര്യൻ ചോദിക്കാതെ തന്നെ സുഹറ തുടർന്നു.
“ശാലിനി ഇത് ചന്ദ്രിക ചേച്ചിയോട് പറയുകയും ചേച്ചി ഇവിടെ വന്ന് അയാളോട് അതിനെപ്പറ്റി ചോദിച്ചിട്ട് അവൻ്റെ കരണം നോക്കി രണ്ടെണ്ണം കൊടുക്കുകയും ചെയ്തു…അന്ന് ആദ്യമായിട്ടാണ് അയാള് ആരുടെയെങ്കിലും മുന്നിൽ തലകുനിച്ച് ദേഷ്യം ഉള്ളിലൊതുക്കി നിൽക്കുന്നത് ഞാൻ കാണുന്നത്…അന്ന് തന്നെ അയാള് ഇവിടെ നിന്നും നാട് വിടുകയും ചെയ്തിരുന്നു…”
സുഹറ പറഞ്ഞത് മുഴുവൻ ആര്യൻ ശ്രദ്ധയോടെ കേട്ട് നിന്നു. എന്തെങ്കിലും ചോദിക്കാനോ പറയാനോ തുടങ്ങുന്നതിനു മുന്നേ സുഹറ വീണ്ടും തുടർന്നു.