സുഹറ കിതയ്ക്കുന്നത് ആര്യൻ കണ്ടു. അത് ഭയപ്പാടോടെ ആണെന്ന് തിരിച്ചറിയാൻ അവന് അധികം ആലോചിക്കേണ്ടി വന്നില്ല. അവൻ എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ പറയാൻ തുടങ്ങി.
“അയാളാണെന്ന് വിചാരിച്ച് മനപ്പൂർവം തുറക്കാഞ്ഞതാണ് ആര്യാ…തുറക്കാതിരുന്നാൽ അയാള് തിരികെ പൊയ്ക്കോളും എന്നൊന്നും കരുതിയിട്ടല്ല…വാതില് ചവിട്ടി പൊളിക്കാൻ വേണ്ടിയെടുക്കുന്ന അത്രയും നിമിഷങ്ങൾ കൂടി അയാൾടെ തല്ല് കിട്ടാതെ അകത്തിരിക്കാമല്ലോ എന്ന് വിചാരിച്ചാണ്…” പറയുമ്പോൾ സുഹറയുടെ മിഴികൾ നിറഞ്ഞിരുന്നു.
ആര്യൻ അവളുടെ അവസ്ഥ എത്രത്തോളം ഭയാനകം ആണെന്ന് ഓർത്തുകൊണ്ട് ഒന്നും മിണ്ടാനാകാതെ നിന്നു.
“ഇത്താ എന്ന് വിളി കേട്ടപ്പോഴേ തോന്നി ആര്യൻ ആയിരിക്കുമെന്ന്…അപ്പോഴാ സമാധാനം ആയത്…” ഒഴുകിയിറങ്ങിയ മിഴികൾ തുടച്ചുകൊണ്ട് ചുണ്ടിൽ ഒരൽപ്പം പുഞ്ചിരി വിരിയിക്കാൻ പാടുപെട്ട് സുഹറ പറഞ്ഞു.
“അതിരിക്കട്ടെ, ആര്യൻ എന്തിനാ ഇപ്പോ വന്നത്…?” ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ ഒരു ചെറിയ ഭയം ഉണ്ടായിരുന്നു.
“അത് ഇത്താ…പുള്ളിയെ ഒന്ന് കാണാൻ വേണ്ടി വന്നതാ…ഇവിടെ ഇല്ലെന്ന് മനസ്സിലായി…എപ്പൊ വരുമെന്ന് ഞാൻ ഇനി ഇത്തയോട് ചോദിക്കുന്നതും ശരിയല്ല…” ആര്യൻ തല കുനിച്ച് പറഞ്ഞു.
“അയാളെ കാണാനോ…എന്തിന്?…എന്താ ആര്യാ ഇനിയും വഴക്കുണ്ടാക്കാൻ ആണോ ആര്യൻ്റെ ഉദ്ദേശ്യം…?” സുഹറയുടെ സ്വരം കടുത്തു.
“അയ്യോ ഇത്താ ഞാൻ വഴക്കുണ്ടാക്കാൻ വേണ്ടിയൊന്നുമല്ല…” ആര്യൻ സൗമ്യമായി മറുപടി നൽകി.
“ആര്യനായിട്ട് പോയി വഴക്കൊന്നും ഉണ്ടാക്കില്ലെന്ന് അറിയാം…ഞാൻ അയാള് ആര്യനെ കണ്ടാൽ ഉണ്ടായേക്കാവുന്ന കാര്യമാണ് പറഞ്ഞത്…” സുഹറ മയത്തിൽ അവളുദ്ദേശിച്ച കാര്യം പറഞ്ഞു.
“അങ്ങനെ ഇനി ഉണ്ടാകാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്താ ഞാൻ വന്നത്…ഇനി പ്രശ്നത്തിന് ഒന്നും വരരുതെന്ന് പറയാനും വേണ്ടി വന്നാൽ മാപ്പ് പറയാനും കൂടിയിട്ടാണ്…” ആര്യൻ സുഹറയുടെ മുഖത്തേക്ക് നോക്കി.
“മാപ്പ് പറയാനോ…എന്തിന്?…അതിന് ആര്യൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അയാളോട് മാപ്പ് പറയാനും മാത്രം…” സുഹറ അത്ഭുതപ്പെട്ടുകൊണ്ട് അവളുടെ സംശയം പ്രകടിപ്പിച്ചു.
“അത് ഇത്താ…”
“പറ ആര്യാ എന്താ ഉണ്ടായത്?”
“പറയാം ഇത്താ…”
ആര്യൻ ഉണ്ടായ കാര്യങ്ങളെല്ലാം സുഹറയോട് വിവരിച്ചു. ലിയയോട് രാജൻ ബസ്സിൽ വെച്ച് അപമര്യാദയായി പെരുമാറിയത് മുതൽ ഇന്നലെ ഓഫീസിൽ ഉണ്ടായ സംഭവങ്ങൾ വരെ അവൻ അവളോട് പറഞ്ഞു.