“ഹഹഹ…” ആര്യൻ ചിരിച്ചു.
“നീ ചുമ്മാ കളിയാക്കാതെ വേറെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയട ചെക്കാ…”
“മ്മ്…ഓക്കേ…ഒരു കാര്യം പറയാനുണ്ട്…” ആര്യൻ കളി മാറ്റി വെച്ചുകൊണ്ട് പറഞ്ഞു.
“എന്താ…?” ശാലിനി അറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു.
“ഞാൻ അയാളെ ഒന്ന് കാണാൻ വേണ്ടി പോയിരുന്നു…?” ആര്യൻ കണ്ണുകൾ മേശയിൽ ഇരിക്കുന്ന അവൻ്റെ കൈകളിലേക്ക് നോക്കി പറഞ്ഞു.
“ആരെ…? ശാലിനി മുന്നോട്ട് അൽപ്പംകൂടി നീങ്ങിയിരുന്നു.
ആര്യൻ സുഹറയുടെ വീട്ടിലേക്ക് പോകാനുണ്ടായ കാരണം മുതൽ അവിടെ എത്തിയിട്ടുണ്ടായ കാര്യങ്ങൾ എല്ലാം ഓരോന്നായി ശാലിനിയോട് പറഞ്ഞു. പക്ഷേ സുഹറ ശാലിനിയോട് പറയരുതെന്ന് പറഞ്ഞ കാര്യം മാത്രം അവൻ ഒഴിവാക്കി. ശാലിനി ആര്യൻ പറഞ്ഞതെല്ലാം ശ്രദ്ധയോടെ തന്നെ കേട്ടിരുന്നു.
“മ്മ്…എന്തായാലും ഇനി അയാള് പ്രശ്നം ഒന്നും ഉണ്ടാക്കില്ലെന്ന് വിശ്വസിക്കാം അപ്പോ…” എല്ലാം കേട്ട ശേഷം ശാലിനി പറഞ്ഞു.
“മ്മ് ഏറെക്കുറെ…”
“എന്തായാലും അയാളെ പറ്റി ഇനി ഒന്നും ഓർക്കണ്ടാ…അങ്ങനെ ഒരാളെ കണ്ടിട്ടില്ലെന്ന് വിചാരിച്ചാൽ മതി…” ശാലിനി അവനെ ആശ്വസിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.
“മ്മ്…” തനിക്കുണ്ടായതിനേക്കാൾ മോശം അനുഭവം അയാളിൽ നിന്നുമുണ്ടായ ശാലിനി അങ്ങനെ പറഞ്ഞത് അവന് വലിയ ആശ്വാസം ഉണ്ടാക്കി. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.
“അതുപോട്ടെ…അമ്മയ്ക്ക് കറികൾ ഇഷ്ട്ടായോ…?” ആര്യൻ അവളോട് ചോദിച്ചു.
“ഹാ പറയാൻ മറന്നു…അമ്മ നീ അങ്ങോട്ടേക്ക് വരുമ്പോ പറയാൻ വേണ്ടി ഇരിക്കുവായിരുന്നു…പിന്നെ എന്നോട് പറഞ്ഞ് വിട്ടു…നന്നായി ഇഷ്ട്ടപ്പെട്ടു അമ്മയ്ക്ക് എല്ലാം…” ശാലിനി സന്തോഷത്തോടെ പറഞ്ഞു.
“ആഹാ…ഞാൻ എന്തായാലും ചേച്ചിയെ കൊണ്ടുവിടാൻ വരുമല്ലോ അപ്പോ അമ്മേടെ വായിൽനിന്ന് തന്നെ കേട്ടോളാം ഇനി…”
“അതെന്താ നിനക്ക് എൻ്റെ വായിൽ നിന്ന് കേട്ടാൽ…” ശാലിനി അവനെ ആശങ്കക്കുഴപ്പത്തിലാക്കാൻ വേണ്ടി മനപ്പൂർവം ചോദിച്ചു.
“ചേച്ചീടെ വായിൽനിന്ന് ഞാൻ കേട്ടതാണല്ലോ ഉച്ചക്ക്…”
“അതെന്താ നിനക്ക് വീണ്ടും കേട്ടാൽ…?” ശാലിനി കുറച്ചുകൂടി ഗൗരവത്തിൽ ചോദിച്ചു.
“ഇതെന്താ നാഗവല്ലിയോ!…ഞാൻ കേട്ടോളാമേ പറഞ്ഞോ…”