കറുത്ത ഉണ്ടക്കണ്ണുകൾ കൊണ്ടുള്ള അവന്റെ നന്ദി പ്രകടനം കണ്ടവൾ ഒളിപ്പിച്ചു വെച്ച പുഞ്ചിരി തിരിച്ചു നൽകി…..നിരയാർന്ന അവളുടെ വെള്ള പല്ലുകൾ കാണിച്ചുള്ള ഭംഗിയാർന്ന ചിരിയിൽ മയങ്ങിയ അർഥർ കണ്ണിമാ വെട്ടാതെ അവളെ തന്നെ നോക്കി ഇരുന്നു…
“നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിനക്ക് അറിയാൻ സാധിക്കുമായിരുന്നു പ്രണയം എന്ന വികാരം എന്താണെന്ന്…!!!
മനസ്സിൽ തന്റെ കട്ട് ആയിപോയ അസിസ്റ്റന്റിനോട് പറഞ്ഞവൻ…അവരെ തഴുകി ഒരിളം കാറ്റ് പോയതും അർഥർ ഇരുന്നിടത്തു നിന്നെണീറ്റു…
അവൻ പോവുകയാണോ എന്നൊരു ഭയത്തോടെ ദേവിക അർഥറിന്റെ മുഖത്തേക്ക് നോക്കി..താൻ എന്തിനാണ് അവൻ പോവുന്നതിൽ ഇത്ര ഭയക്കുന്നത് എന്ന് മനസിലാവാതെ അവളിരുന്നു…ഒരു നിമിഷം കൊണ്ടു തന്നെ ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങൾ അവളുടെ മനസ്സിലേക്ക് വന്നു
അർഥറിനും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…അതുകൊണ്ട് തന്നെ അവനാ മഴയിലേക്ക് ഇറങ്ങി നടന്നു…അലച്ചു പെയ്തൊഴിയുന്ന മഴയിലേക്ക് ഇറങ്ങി പോയ അവനെ നോക്കി അവളിരുന്നു..തനിക്ക് വേണ്ടപ്പെട്ടത് എന്തോ കയ്യിൽ നിന്നും വഴുതി പോകുന്നത് പോലവൾക്ക് അനുഭവപ്പെട്ടു….ഒരുനിമിഷം ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടിയവൾ പൂച്ച കുഞ്ഞിനെ കയ്യിലെടുത്തു ബസ്സ്റ്റോപ്പിന്റെ ഇരുബു കമ്പിയിൽ പിടിച്ചു കൊണ്ട് ഉറക്കെ വിളിച്ചവനെ….
“ഹേയ്…അതെ…!!!
പ്രണയമെന്ന അമൂല്യമായ വികാരത്തിൽ മനസ്സു നിറഞ്ഞു മഴയത്തുകൂടെ നടന്നയവൻ അവളുടെയാ വിളിയിൽ തറഞ്ഞു നിന്നു….കാലുകളുടെ ചലനം നഷ്ടമായവൻ അവളെ തല തിരിച്ചു നോക്കി….
“എന്താ…?
കോരി ചൊരിയുന്ന മഴയത്തു നിന്നവൻ ചോദിച്ചു……പെട്ടെന്നുള്ള ഒരു പ്രേരണയിൽ ദേവിക അവനെ വിളിച്ചെങ്കിലും എന്ത് പറയണമെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല
വാക്കുകൾക്കായി അവൾ തന്റെ മനസ്സിൽ പരതി…
”അത്…മഴ കുറഞ്ഞിട്ടു പോയാൽ പോരെ…!
മഴനനഞ്ഞു കുതിർന്നവളുടെ ഉത്തരത്തിനായി കാത്തിരുന്ന അർഥറിനെ നോക്കി അവൾ പറഞ്ഞു…അവളുടെ മറുപടി കേട്ട അവൻ പ്രാന്തനെ പോലെ അലച്ചു പൊയ്യുന്ന മേഘങ്ങളെ തലയുയർത്തി നോക്കി….പിന്നീട് ഒരു ചിരിയോടെ തിരിച്ചു സ്റ്റോപ്പിലേക്ക് കയറി…ഇത്തവണ അവൾക്കടുത്തായി ആണവൻ വന്നിരുന്നത്….
അവൻ അരികിലുണ്ടെന്ന ബോധ്യം വന്നതോടവൾ മുഖത്തു വിരിഞ്ഞ ചിരിയോടെ പൂച്ചകുഞ്ഞിനെ ചേർത്തു പിടിച്ചു….പെട്ടെന്നാണ് റോഡിനപ്പുറം നിന്നൊരു വലിയ പൂച്ച കരിയിലകൾ കാറ്റിൽ പറത്തികൊണ്ട് റോഡിലേക്ക് വന്നു വീണത്….അതിന്റെയാ വരവിൽ പേടിച്ച ദേവിക എന്ത് ചെയ്യാമെന്നറിയാതെ അർഥറിനെ നോക്കി…എന്നാൽ അവന്റെ കണ്ണുകൾ ശത്രുവിനെ കണ്ടത് പോലെ തിളങ്ങി…പക്ഷെ സ്വബോധം വീണ്ടെടുത്ത അവൻ അവളുടെ കയ്യിൽ ഭദ്രമായിരിക്കുന്ന പൂച്ച കുഞ്ഞിനെ നോക്കി…..