ഹോട്ടൽ Raviz ന്റെ പാർക്കിങ്ങിലേക്ക് ഇറങ്ങുമ്പോൾ ഹബ് ചാടി വണ്ടിയൊന്ന് കുലുങ്ങിയപ്പോളായിരുന്നു ജോയും ആദിയും സ്വബോധത്തിലേക്ക് വന്നത്…പരസ്പരം ഒന്ന് നോക്കി ചിരിച്ചവർ ജെസിയെയും ആന്റണിയെയും നോക്കി…എന്നാലവരിരുവരും ഒന്നുമറിയാത്ത ഭാവത്തിൽ ഇരുന്നു..അത് കണ്ടവർ ഒരാശ്വാസത്തോടെ മുൻപിലേക്ക് നോക്കിയിരുന്നു
വണ്ടി നിർത്തിയവർ ഹോട്ടലിനകത്തേക്ക് കയറി…ഡൈനിങ് ഏരിയയിലേക്ക് കടന്നയവർ ആളൊഴിഞ്ഞയൊരു മേശക്ക് ചുറ്റിനുമിരുന്നു….ഭക്ഷണം ഓർഡർ ചെയ്ത ശേഷം അവരവിടെ ഓരോന്ന് പറഞ്ഞിരുന്നു…മുൻപത്തെ അടിയും ബഹളവും ഒന്നും നടന്നിട്ടില്ലായെന്ന മട്ടിൽ ആയിരുന്നു ജെസിയും ആന്റണിയും പെരുമാറിയത്..അത് കൊണ്ടു തന്നെ ജോയ്ക്ക് അവരോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയില്ല
ഇടക്കൊന്ന് വാഷ്റൂമിൽ പോയി വരാമെന്ന് പറഞ്ഞു ജോ എണീറ്റു നടന്നു..പിറകെ തന്നെ ആന്റണിയും എണീറ്റു..അത് കണ്ട ജെസി അയാളോട് കണ്ണുകൾ കൊണ്ടു അവിടെ ഇരിക്കാൻ പറഞ്ഞു..എന്നാൽ അയാളത് കാര്യമാക്കാതെ ഒരു ചിരിയോടെ നടന്നു പോയി..ജെസി നെറ്റിയിൽ കൈ വെച്ചു ചിരിച്ചുകൊണ്ട് ഒന്നും മനസിലാവാതെ ഇരിക്കുന്ന ആദിയെ നോക്കി
“എന്താമ്മാ…”
“ഏയ്യ്..അങ്ങേരിപ്പോ നിന്റെ ചെക്കനെ കളിയാക്കാൻ പോയേക്കുന്നതാ…”
ആന്റണിയുടെ പോക്കിന്റെ ഉദ്ദേശം മനസിലാക്കിയ ജെസി പറഞ്ഞു
“കളിയാക്കാനോ..?
”ആ…അങ്ങേർക്ക് ദിവസവും എന്തേലും പറഞ്ഞവനെ കളിയാക്കി ദേഷ്യം പിടിപ്പിച്ചില്ലേൽ ഉറക്കം വരുകേല..ഇന്നിപ്പോ കാരണം നിങ്ങളായിട്ട് തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ…“
ജെസിയുടെ വാക്കുകളുടെ അർഥം മനസിലായതും മുഖത്തേക്ക് ഇരച്ചു കയറിയ നാണം അവരെ കാണിക്കാതിരിക്കാനായി ആദി ഒരു കൈ കൊണ്ടു മുഖം പൊത്തി മറുപുറം നോക്കി ഇരുന്നു…
അല്പം കഴിഞ്ഞു ചിരിയോടെ ആന്റണിയെയും പിറകെ ഇഞ്ചികടിച്ച ഭാവവുമായി ദയനീയമായി ജെസിയെയും ആദിയെയും മാറി മാറി നോക്കിക്കൊണ്ട് ജോയും വന്നിരുന്നു…ഇരുന്നപാടെ അവനാരോടും ഒന്നും മിണ്ടാതെ മുൻപിൽ കൊണ്ടു വെച്ച ഫുഡ് എടുത്തു കഴിക്കാൻ തുടങ്ങി…അത് കണ്ടതോടെ ആന്റണിയുടെ ചിരി ഉച്ചത്തിലായി..അത് കണ്ടിരുന്ന ജെസിയും ആദിയുമാ ചിരിയിൽ പങ്കു ചേർന്നു…മൂവരെയും നോക്കി എന്ത് പറയണമെന്നറിയാതെ ജോയുമിരുന്നു
എല്ലാവരും കഴിച്ചു കഴിഞ്ഞതും ബില്ലടക്കാനായി ആന്റണിയും ജെസിയും കൌണ്ടറിലേക്ക് നടന്നു..പരിചയക്കാരൻ ആണവിടെ ഇരിക്കുന്നതെന്ന് മനസിലായ ജോ ഒന്നും മിണ്ടാതെ ആദിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി