കണ്ണിൽ ഉരുണ്ടു കൂടിയ മിഴിനീര് കൂടി തുടച്ചെടുത്തു കിച്ചു ചിരിക്കാൻ ശ്രെമിച്ചു. അമല അവന്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.
“എല്ലാം…ശെരിയാവും കിച്ചു…”
അമല പറഞ്ഞെങ്കിലും കിച്ചുവിന്റെ മുഖത്തു നിന്നു ഹൃദയം തകർന്നവന്റെ പുഞ്ചിരി മാഞ്ഞില്ല.
*********************************** “കിച്ചു…..?”
വിളി കേട്ട കിച്ചു തിരിഞ്ഞു നോക്കി. കൃഷ്ണനെ കണ്ടു ഒരു പകപ്പ് മനസ്സിലും ശരീരത്തിലും നിറഞ്ഞു. വന്നിട്ട് ദിവസങ്ങൾ ആയെങ്കിലും സാഹചര്യങ്ങൾ ഇങ്ങനെ ആയിരുന്നതുകൊണ്ട് കൃഷ്ണനും കിച്ചുവും സംസാരിച്ചിരുന്നില്ല, കാണാതിരിക്കാൻ ശ്രെമിക്കുകയായിരുന്നു കൂടുതലും. എന്നാൽ ഇപ്പോൾ മുറിയിൽ പെട്ടെന്ന് കൃഷ്ണനെ കണ്ടപ്പോൾ കിച്ചുവിന് വല്ലാത്ത അപരിചിതത്വം തോന്നി. കിച്ചുവിൽ നിന്ന് മറുപടിയോ പ്രതികരണമോ ഇല്ലാതിരുന്നതിനാൽ കൃഷ്ണൻ മുറിയിലേക്ക് കയറി ഒന്നു കണ്ണോടിച്ചു ചുറ്റും നോക്കി, പെട്ടെന്ന് മുറിയിലെ ഭിത്തിയിൽ താലി ചാർത്തി കിച്ചുവിനൊപ്പം നിൽക്കുന്ന ഇരുവരുടെയും കല്യാണ ഫോട്ടോ കണ്ട കൃഷ്ണൻ ഒന്നു ഞെട്ടി പിന്നെ പെട്ടെന്ന് കണ്ണു എടുത്തു കിച്ചുവിനെ നോക്കി, അപ്പോഴും കിച്ചു തല കുനിച്ചു കട്ടിലിൽ തന്നെ ഇരുന്നിരുന്നു. ചെറിയ ജാള്യതയോടെ കൃഷ്ണൻ അവനരികിൽ ഇരുന്നു.
“നിന്റെ പഠിത്തം ഒക്കെ എങ്ങനെ പോകുന്നു…”
കൃഷ്ണൻ ഏട്ടന്റെ വേഷം എടുത്തണിയാൻ ശ്രെമിച്ചു ദയനീയമായി പരാജയപ്പെട്ടു.
“നടക്കുന്നുണ്ട്….”
“ഉം….നല്ലോണം പഠിക്കണം,…. ഒരു നിലയിൽ എത്തണം….”
പറയാൻ ഉള്ള നാണക്കേട് കൊണ്ടു കൃഷ്ണൻ വീണ്ടും ഉരുണ്ടു.
കിച്ചുവിനും കൃഷ്ണന്റെ സാമിപ്യം അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടായിരുന്നു.
“നീരജ….അവൾ…”
പറയാൻ തുടങ്ങിയെങ്കിലും കൃഷ്ണന്റെ വാക്കുകൾ മുറിഞ്ഞു. പെട്ടെന്ന് അവളെ കുറിച്ചു കേട്ടതും കിച്ചുവിന്റെ നെഞ്ചിടിച്ചു.
“ഭൂമിയിൽ എനിക്കിനി ഒന്നും ഇല്ല കിച്ചു സ്വന്തമായി, അവൾ അല്ലാതെ….ഞാൻ ഇല്ലാതെ വന്നപ്പോൾ അവളുടെ കൂടെ രക്ഷയ്ക്ക് വേണ്ടിയാണ് നീ അവളെ കെട്ടീതെന്നു എനിക്കറിയാം,…നിനക്ക് അവളെ മറ്റൊരു തരത്തിൽ ഒരിക്കലും കാണാൻ കഴിയില്ലെന്നും അറിയാം…”
കൃഷ്ണൻ പറയുന്നത് കേട്ട കിച്ചുവിന്റെ നെഞ്ചിലാരോ ഇരുന്നു കത്തി കുത്തിയിറക്കുന്ന പോലെ തോന്നി. കൃഷ്ണൻ പറയുന്ന ഓരോ വാക്കും കേട്ടു അവന്റെ ചെവി കരിഞ്ഞു.
“ഞാൻ അവളെ കൂട്ടി ഇവിടുന്ന് പോവാം കിച്ചു…ഈ വീടും എല്ലാം നീയെടുത്തോ…അവൾക്കും അതായിരിക്കും ഇഷ്ടം…ഒരു പുതിയ സ്ഥലത്തു പുതിയ ജീവിതം, ഇവിടെ അനിയന്റെ ഭാര്യയായി ജീവിക്കേണ്ടി വന്നതൊന്നും ഓർക്കേണ്ടല്ലോ…”