ഏട്ടത്തി 3 [Achillies] [Climax]

Posted by

നീരജയെ കാണാനോ സംസാരിക്കാനോ കൃഷ്ണനോ കിച്ചുവിനോ ഇപ്പോൾ കഴിയാത്തതിനാൽ തന്റെ മനസ്സ് അവൾ കാണുന്നുണ്ടോ എന്നു പോലും കിച്ചുവിന് അറിയാത്ത അവസ്ഥയിലായി, എന്നാൽ ഹൃദയത്തിൽ വീണ മുറിവും, ഉറക്കം കാണാത്ത കണ്പോളകളും, കരഞ്ഞു വീങ്ങിയ മുഖവും കണ്ടു കണ്ണു നിറഞ്ഞ അമല അവനെ തേടി വന്നു. കട്ടിലിൽ പുറത്തേക്ക് നോക്കി കിടന്നിരുന്ന കിച്ചുവിനെ കട്ടിലിൽ വന്നിരുന്ന അമല മുടിയിൽ തലോടി.

“ഒരിക്കെ ചെയ്തത് തെറ്റാണെന്ന് അമ്മയ്ക്ക് ഇപ്പോഴും തോന്നീട്ടില്ല…. പക്ഷെ നിങ്ങൾ രണ്ടും ഇപ്പോഴും ഏട്ടത്തിയെയും അനിയനേയും പോലെ ജീവിക്കുന്നത് കാണുമ്പോൾ, അമ്മ ഇവരോടൊക്കെ എന്താ പറയേണ്ടേ….”

ഉത്തരം അറിഞ്ഞിട്ടും തോറ്റു പോയവനെ പോലെ ആയിരുന്നു കിച്ചുവിന്റെ മനസ്സ്. അവളില്ലാതെ പറ്റില്ല എന്നും അവളിപ്പോൾ ജീവനാണെന്നും പറയണം എന്നുണ്ടെങ്കിലും, അവളുടെ മൗനം കിച്ചുവിനെ കടിച്ചു മുറിച്ചു. അമലയുടെ വയറിനെ ചുറ്റിപ്പിടിച്ചു മടിയിൽ മുഖം അമർത്തി അവൻ തേങ്ങിക്കരഞ്ഞു.

ഏട്ടന്റെ ഭാര്യയെ ഏട്ടനുള്ളപ്പോൾ തന്നെ താലി കെട്ടേണ്ടി വന്നതിന്റെയാണോ, അതോ തകർന്നു പോയ സ്വന്തം ജീവിതം ഓർത്തിട്ടാണോ അവൻ കരയുന്നത് എന്നറിയാതെ ആ ‘അമ്മ ഹൃദയം വേദനിച്ചുകൊണ്ടു അവന്റെ മുടിയിലൂടെ തഴുകി കൊണ്ടിരുന്നു.

***********************************

കൃഷ്ണൻ പുറത്തേക്ക് പോവുന്നത് കണ്ടാണ് കിച്ചു നീരജയെ കാണണം എന്നുറപ്പിച്ചു പുറത്തേക്ക് വന്നത്. അമ്മയുടെ മുറിയിലേക്ക് കയറുമ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു.

ജനൽപ്പടിയിൽ പുറത്തേക്ക് കണ്ണും നട്ട്,

“ച…”

വിളിക്കാൻ തുടങ്ങിയ അവളുടെ ഓമനപ്പേര് എന്തുകൊണ്ടോ അവന്റെ തൊണ്ടയിൽ കെട്ടി.

പാതിയിൽ മുറിഞ്ഞ വിളി കേട്ടു നീരജ തിരിഞ്ഞു നോക്കി, അവളുടെ മുഖം കിച്ചുവിനെ കണ്ടു ഒന്നു ഇടറി. അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട കിച്ചുവും തകർന്നു.

“കരയല്ലേ….ഈ കരച്ചിൽ കാണാതിരിക്കാൻ വേണ്ടി അല്ലെ, ഞാൻ ഇതുവരെ…… …എനിക്കറിയില്ല ഇപ്പൊ…. നിന്റെ മനസ്സിൽ എന്താണെന്നോ, നമ്മുടെ ഭാവി എന്താണെന്നോ ഒന്നും… പക്ഷെ, നിന്റെ തീരുമാനം അതിനപ്പുറം ഒന്നുമില്ല എനിക്ക്….നിന്റെ സന്തോഷത്തിനും മേലെ വേറൊന്നും എനിക്ക് വേണ്ട…..”

ശബ്ദം ഇടറി തുടങ്ങിയതും പുറം കൈകൊണ്ടു കണ്ണു തുടച്ചു അവളിൽ നിന്നും മുഖം തിരിച്ചു അവൻ വേഗം പുറത്തേക്ക് ഇറങ്ങി നടന്നു. വാതിൽ പടിയിൽ നിൽക്കുമ്പോൾ അമ്പലത്തിൽ നിന്നും അമ്മയും വല്യമ്മയും വരുന്നതവൻ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *