ഏട്ടത്തി 3
Ettathy Part 3 | Author : Achillies | Previous Part
വൈകിയത് മനഃപൂർവ്വമല്ല
സമയം ജോലി അസുഖം എല്ലാവരും കൂടി ആക്രമിച്ചത് താങ്ങാൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല… ഈ ഭാഗം എല്ലാം ഒന്നു കൂട്ടിയോജിപ്പിക്കുക എന്നത് മാത്രേ ചെയ്തിട്ടുള്ളൂ… കിച്ചുവും നീരജയേയും രണ്ടു പാർട്ടിൽ അവതരിപ്പിച്ചതിലും കൂടുതലായി ഒന്നും എന്റെ മനസ്സിൽ വരുന്നില്ല, തെറ്റുകൾ മാത്രമേ ഉണ്ടാവാൻ സാധ്യത ഉള്ളൂ, വിമർശങ്ങൾ സ്വാഗതം ചെയ്യുന്നു…
കാത്തിരുന്ന, വായിക്കുന്ന എനിക്ക് വേണ്ടി രണ്ടു വരി എഴുതാനും പ്രോത്സാഹിപ്പിക്കാനും വിമർശിച്ചു തെറ്റുകൾ കാട്ടിത്തരാനും സമയം കണ്ടെത്തുന്ന എല്ലാ കൂട്ടുകാരോടും ഹൃദയം നിറഞ്ഞ നന്ദി.
കഥകൾ പലപ്പോഴും കഥകളായി തന്നെ എടുക്കണം, കഥകളുടെ ഉദ്ദേശം ഏറ്റവും പ്രഥമമായി എന്നെയും നിങ്ങളെയും സന്തോഷിപ്പിക്കുക ചിന്തിപ്പിക്കുക എന്നു മാത്രമാണ്…
സ്നേഹപൂർവ്വം…❤️❤️❤️
“ഡാ…കൃഷ്ണാ…..മോനെ, നീ എങ്ങനെ…..”
കിച്ചു കണ്ടത് മനസ്സ് കണക്ക് കൂട്ടും മുൻപ് കരഞ്ഞു വിളിച്ചു തൊട്ടടുത്തു നിന്ന രാഘവൻ ഓടിയിരുന്നു.. മുന്നിലുള്ളത് സത്യമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് തിരിച്ചറിയാൻ കഴിയാതെ കിച്ചു യാന്ത്രികമായി മുന്നോട്ടു നടന്നു.
“മോനെ….”
ഓടിക്കയറിയ രാഘവൻ കൃഷ്ണനെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിക്കുമ്പോൾ കിച്ചുവിനാകെ ഒരു മരവിപ്പ് മാത്രമേ തോന്നിയുള്ളൂ…
“ഇത് ഏട്ടൻ തന്നെ ആണോ…അല്ലെങ്കിൽ ഏട്ടന്റെ മുഖം ഉള്ള മാറ്റാരെങ്കിലും ആയിരിക്കുമോ…”
കിച്ചുവിന്റെ മനസ്സിലൂടെ ചോദ്യങ്ങളുടെ തീവണ്ടി പാളങ്ങൾ പലതും തെറ്റിച്ചോടി.
“മോനേ….കിച്ചു….ഇത് ഞാൻ തന്നെ ആടാ…നിന്റെ ഏട്ടനാ,….”
വല്യച്ഛന്റെ കൈപ്പിടിയിൽ നിന്ന് വഴുതി കിച്ചുവിനെ മുറുക്കി കെട്ടിപ്പിടിച്ചു കൃഷ്ണൻ പറയുമ്പോൾ സന്തോഷത്തിന് പകരം അസ്വസ്ഥതയും സങ്കടവും തന്നിൽ നിറയുന്നതെന്തിനെന്നു കിച്ചുവിന് എത്ര ആലോചിച്ചിട്ടും മനസിലാക്കാൻ കഴിഞ്ഞില്ല.
“നിനക്ക് എന്താ പറ്റിയെ…നിന്റെ ആത്മഹത്യകുറിപ്പും കൊണ്ടു ഇവിടെ വന്ന ആളേതാ…നീ ഇത്ര കാലം എവിടെ ആയിരുന്നു…”
കൃഷ്ണൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു ഇരുന്നപ്പോൾ രാഘവൻ അവന്റെ കൈ കവർന്നു ചോദ്യങ്ങൾ എയ്തു കൊണ്ടിരുന്നു.