“എൻ്റെ കാര്യം ഓർത്തല്ല…ലിയ ചേച്ചിയെ അവൻ എന്തെങ്കിലും ചെയ്യുമോന്നാ എൻ്റെ പേടി…”
“അങ്ങനെയൊന്നും സംഭവിക്കില്ല…നീ ചുമ്മാ ഓരോന്ന് ചിന്തിച്ച് ഉള്ള സമാധാനം കൂടി കളയല്ലേ…”
“മ്മ്…”
“പിന്നേ ലിയ ചേച്ചിയെ മാത്രമേ സാറ് രക്ഷിക്കത്തുള്ളോ…?” ശാലിനി അവൻ്റെ മൂഡ് മാറ്റാൻ വേണ്ടി മനപ്പൂർവം തന്നെ അങ്ങനെയൊരു ചോദ്യം എറിഞ്ഞതാണെങ്കിലും അവളുടെ ഉള്ളിൽ ചെറിയ ഒരു കുശുമ്പ് ഉണ്ടെന്നുള്ളതായിരുന്നു സത്യം.
“ചേച്ചിയെ രക്ഷിക്കാൻ മറ്റാരുടെയും ആവശ്യം വേണ്ടല്ലോ…അത്യാവശ്യം പൊടിക്കൈകൾ ഒക്കെ ചേച്ചിയുടെ കൈവശം തന്നെയുണ്ടല്ലോ…അല്ലാ, എൻ്റെ നേർക്കും പ്രയോഗിച്ചതാണല്ലോ ഒരെണ്ണം…”
“അയ്യ…പോടാ…അല്ലേലും നിൻ്റെ സഹായം എനിക്ക് വേണ്ടാ…ഹും…” ഇത്തവണ ശാലിനിയുടെ ഉള്ളിലെ കുശുമ്പ് യഥാർത്ഥത്തിൽ പുറത്ത് വന്നതാണ്.
“ഹഹഹ…ശാലിനി ചേച്ചിക്ക് കുശുമ്പ് കുത്തിയോ…”
തിരിഞ്ഞ് മുഖം താഴ്ത്തി നിന്ന ശാലിനിയോട് ആര്യൻ ചോദിച്ചെങ്കിലും അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല.
“അതേ ഞാൻ ലിയ ചേച്ചിയെ മാത്രം അല്ലാ ആവശ്യം വന്നാൽ ശാലിനി ചേച്ചിയെയും രക്ഷിക്കും കേട്ടോ…”
ആര്യൻ അത് പറഞ്ഞപ്പോൾ ശാലിനിയുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. എന്നാൽ അവൾ തിരിഞ്ഞ് നിന്നിരുന്നതിനാൽ ആര്യൻ അത് കണ്ടില്ല.
“വേണ്ടി വന്നാൽ ഈ നാടിനെ തന്നെ രക്ഷിക്കും…രക്ഷകൻ ആര്യൻ…”
ആര്യൻ ഒരു നാടകത്തിൻ്റെ പേര് പറയുന്നത് പോലെ അൽപ്പം ഗാംഭീര്യത്തിൽ അത് പറഞ്ഞപ്പോൾ ശാലിനിയുടെ പുഞ്ചിരി ഒരു പോട്ടിച്ചിരിയായി മാറി.
അവൾ “പോടാ ചെക്കാ…ഞാൻ പോവാ” എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നതും കറൻ്റ് പോയതും ഒന്നിച്ചായിരുന്നു.
“അയ്യോ…” ആര്യൻ ഇരുട്ടത്ത് നിന്നുകൊണ്ട് പറഞ്ഞു.
“ശ്ശേ…നശിച്ച കറൻ്റിന് പോകാൻ കണ്ട സമയം…” ശാലിനി നീരസത്തോടെ പറഞ്ഞു.
“ഭാഗ്യം വീട് വിട്ട് പോകാൻ തുടങ്ങിയപ്പോഴേക്കും കറൻ്റും പോയി…ചേച്ചി ഒരു സംഭവം തന്നെ…” ആര്യൻ ശാലിനിയെ ആക്കി പറഞ്ഞു.
“ഇരുട്ടത്ത് നിന്നാലും എന്നെ കളിയാക്കാൻ മറക്കരുത് കേട്ടോ…പോയി മെഴുകുതിരി വല്ലോം ഉണ്ടെങ്കിൽ എടുത്തോണ്ട് വാടാ ചെക്കാ…ഇല്ലേൽ ഞാൻ പോവാ…” ശാലിനി അൽപ്പം ദേഷ്യം അഭിനയിച്ച് പറഞ്ഞു.