ആര്യൻ ആദ്യം ശാലിനിയുടെ വീട്ടിൽ ഒന്ന് കയറി. മുറ്റത്ത് നിന്ന് സൈക്കിളിൻ്റെ ബെൽ അടിച്ചപ്പോഴേക്കും ശാലിനി ഇറങ്ങി വന്നിരുന്നു.
“അമ്മുവിനെ അമ്മ കുളിപ്പിക്കുക്കയാടാ…” അമ്മുവിനുള്ള പൊതിയുമായാണ് ആര്യൻ വന്നതെന്ന് കരുതി ശാലിനി പറഞ്ഞു.
“അയ്യോ ചേച്ചീ ഞാൻ ഒന്നും വാങ്ങിയില്ല…”
“ആഹാ…ഞാൻ കരുതി നീ അവൾക്ക് എന്തേലും കൊടുക്കാനായി കയറിയതായിരിക്കുമെന്ന്…”
“ശ്ശേ…ഞാൻ മറന്നു പോയി…”
“അതോർത്ത് നീ വിഷമിക്കണ്ട…അല്ലെങ്കിലും അതൊരു ശീലം ആക്കണ്ടാ എന്ന് നിന്നോട് ഞാൻ പറയാനിരിക്കുവായിരുന്നു…”
“മ്മ്…ഞാൻ ഇപ്പോ വന്നത് വേറൊരു കാര്യം പറയാനാണ് ചേച്ചീ…”
“എന്താടാ…?”
“ചേച്ചി കുളത്തിലേക്ക് പോകുന്നുണ്ടോ ഇന്ന്…?”
“ഉണ്ടെടാ പോണം…അവൾടെ കുളി കൂടി കഴിയാൻ നോക്കി ഇരിക്കുവായിരുന്നു…”
“എങ്കിൽ ചേച്ചി പോയിട്ട് വന്നതിന് ശേഷം ഞാൻ വരാം…”
“നീ കാര്യം പറയടാ…”
“പറയാം…ചേച്ചി പോയിട്ട് വാ…”
“മ്മ് ശരി…”
“എങ്കിൽ ഞാൻ സന്ധ്യക്ക് വരാം…പോവാ…”
“ഹാ…”
ആര്യൻ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം ഒന്ന് കുളിച്ച ശേഷം അവൻ അൽപ്പം വിശ്രമിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ ആണ് ആര്യൻ എഴുന്നേറ്റത്. ഉടനെ തന്നെ അവൻ ശാലിനിയുടെ അടുത്തേക്ക് പോകാൻ തയ്യാറായി. എന്നാൽ അപ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ആര്യൻ വാതിൽ തുറന്നപ്പോൾ ശാലിനി മുൻപിൽ നിൽക്കുന്നു.
“നീ സന്ധ്യക്ക് അങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ട്…?” ശാലിനി ശബ്ദം അൽപ്പം കനപ്പിച്ച് ചോദിച്ചു.
” ഞാൻ ഒന്ന് ഉറങ്ങിപ്പോയി ചേച്ചീ…അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവായിരുന്നു അപ്പോഴേക്കും ഇങ്ങോട്ട് പോന്നോ…?”
“പിന്നെ പോരാതെ…എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ് മനുഷ്യൻ്റെ നെഞ്ചില് തീ കോരി ഇട്ടിട്ട് പോയതല്ലേ…കാണാതായപ്പോൾ ഞാനിങ്ങു പോന്നതാ…”
“അത് നന്നായി…അവിടെ അമ്മയും അമ്മുവും ഒക്കെ ഉള്ളതിനാൽ ഇവിടെ ഇരുന്ന് പറയുന്നത് തന്നെയാ നല്ലത്…”
“നീ പേടിപ്പിക്കാതെ കാര്യം പറയടാ ചെക്കാ…”
ആര്യൻ ശാലിനിയെ അവിടെ ഇരുത്തിയ ശേഷം ഉണ്ടായ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശാലിനി കുറച്ച് നേരം നിശ്ശബ്ദയായി ഇരുന്നു.