അതിൻ്റെ ആവശ്യം ഉണ്ടോ? അയാളോട് മാപ്പ് പറയുന്നത് പോലെ ആവില്ലേ അത്? ആര്യൻ അവനോട് തന്നെ ചോദിച്ചു.
എങ്കിലും ശാലിനി ചേച്ചി പറഞ്ഞത് പോലെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതെ ഇരിക്കുന്നതാ നല്ലത്. അതിന് അയാളോട് അങ്ങോട്ട് ചെന്ന് പറയണമെങ്കിൽ അങ്ങനെ തന്നെ. ആര്യൻ മനസ്സിൽ ഉറപ്പിച്ചു.
അയാള് എവിടെ കാണും…വീട്ടിൽ കാണുമോ…പോയി നോക്കണോ…ഇനി ഒരുപക്ഷേ അവിടെ ഇല്ലെങ്കിലോ…അതോ നേരിട്ട് കാണുവാണെങ്കിൽ പറഞ്ഞാൽ മതിയോ…അതുവരെ താമസിപ്പിക്കണോ…വേണ്ട പെട്ടെന്ന് തന്നെ പ്രശനം തീർക്കാം…എന്തായാലും വീട്ടിലേക്ക് തന്നെ ഒന്ന് പോയി നോക്കാം…അവൻ ഒരു തീരുമാനത്തിലെത്തി.
ആര്യൻ ചായ കുടിച്ച ശേഷം ഗ്ലാസ്സ് കഴുകി വച്ചുകൊണ്ട് ഉടനെ തന്നെ വീട് പൂട്ടി സൈക്കിളും എടുത്തുകൊണ്ട് സുഹറയുടെ വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ വേണോ വേണ്ടയോ എന്നെല്ലാം അവൻ്റെ മനസ്സിൽ വീണ്ടും സംശയം തോന്നി. എന്തായാലും ഇറങ്ങിയതല്ലേ പോയി കണ്ടിട്ട് വരാം. അയാളവിടെ ഉണ്ടെങ്കിൽ വഴക്കൊന്നും ഉണ്ടാകാതെ ഇരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അവൻ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു. ഇനി അയാൾ അവിടെ ഇല്ലെങ്കിൽ സൂഹറയിത്തയോട് എന്ത് പറയുമെന്നും അവൻ ആലോചിച്ചു. ഇത്തയോട് ഉണ്ടായ കാര്യം പറയണോ അതോ വേണ്ടയോ എന്നും അവൻ പലകുറി മനസ്സിൽ ചിന്തിച്ചു. എന്തായാലും ആദ്യം അവിടെ ചെല്ലട്ടെ എന്നിട്ട് നോക്കാം എന്ന് പറഞ്ഞ് അവൻ സൈക്കിൾ വേഗം ചവിട്ടി.
സൈക്കിൾ പോസ്റ്റ് ഓഫീസിൻ്റെ മുൻപിൽ വച്ചിട്ട് അവൻ കനാലിലേക്ക് കയറി. ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. ഓരോ പടിയും അവൻ വളരെ സൂക്ഷ്മതയോടെ വച്ചു. സുഹറയുടെ വീട്ടിലേക്ക് അടുക്കുംതോറും ഉള്ളിൽ ചെറിയ രീതിയിൽ ഭയം കൂടി വന്നു. ഒടുവിൽ അവൻ ധൈര്യം സംഭരിച്ച് കനാലിൻ്റെ പടികൾ ഇറങ്ങി വീടിൻ്റെ മുന്നിലേക്ക് നടന്നു.
(തുടരും…)
__________________________________
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഭാഗം ഞാൻ ഉദ്ദേശിച്ചത് പോലെ എഴുതാൻ കഴിയാഞ്ഞിട്ടും നിങ്ങൾ അതിന് തന്ന പിന്തുണയും വളരെ വലുതായിരുന്നു. എങ്കിലും അത് പലരെയും തൃപ്തിപ്പെടുത്തിയിരുന്നില്ല എന്ന് എനിക്ക് അറിയാം. അതുകൊണ്ട് അതിലും മികച്ചതാക്കി ഈ ഭാഗം എഴുതാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ ശ്രമം എത്രത്തോളം വിജയകരമായി എന്ന് നിങ്ങൾ മുഴുവനും വായിച്ചതിനു ശേഷം അറിയിക്കുക.