ചന്ദ്രിക മുഖം തിരിച്ച് അവനെ നോക്കി. ആര്യൻ അവളുടെ ചുണ്ടിൽ വിരൽ അമർത്തി. എന്നിട്ടൊരു ഉമ്മ കൂടി ചുണ്ടിൽ കൊടുത്തു. ചന്ദ്രിക അവനെ നോക്കി പുഞ്ചിരിച്ചു. ആര്യൻ തിരിച്ചും.
******** ******** ********
സമയം മൂന്നര. വീട്ടിലെത്തിയ ആര്യൻ ആദ്യം തന്നെ കുളിമുറിയിൽ കയറി ഒന്നുകൂടി കുളിച്ചു. കുളിച്ചതിന് ശേഷം അവൻ മോളി ചേട്ടത്തിയെ മറക്കാൻ പറ്റില്ലല്ലോ എന്നോർത്തുകൊണ്ട് അവർക്കും അവനുണ്ടാക്കിയ കൊഴിക്കറിയിൽ കുറച്ച് കൊണ്ടുപോയി കൊടുത്തിരുന്നു. തോമാച്ചനും അവിടെ ഉണ്ടായിരുന്നതിനാൽ രണ്ട് പേരും അത് രുചിച്ച ശേഷം അവരുടെയും കൂടി നല്ല അഭിപ്രായങ്ങൾ കേട്ട ശേഷമാണ് തിരികെ വന്നത്. ക്ഷീണം പിടികൂടിയ അവനെ കട്ടിൽ മാടി വിളിച്ചു. ആര്യൻ കയറി കിടന്നു. കണ്ണുകളടച്ചു…
രാജൻ്റെ പിന്നിൽ നിന്നുമുള്ള അടിയേറ്റ ആര്യൻ പെട്ടെന്ന് കണ്ണുകൾ തുറന്ന് ചാടി എഴുന്നേറ്റു. കട്ടിലിൽ തന്നെ ആണെന്ന് മനസ്സിലാക്കിയ ആര്യൻ മുറിയിലാകെ കണ്ണുകൾ പരതി.
“ഹോ…സ്വപ്നം ആയിരുന്നോ…!?” ആര്യൻ അവനോട് തന്നെ ചോദിച്ചു.
മുറിയിൽ ഇരുട്ട് നിറയാൻ തുടങ്ങിയിരുന്നു. ആര്യൻ എഴുന്നേറ്റ് പോയി വാച്ചെടുത്ത് സമയം നോക്കി. സമയം അഞ്ചര.
“ഒന്ന് കണ്ണടച്ച് തുറന്നപ്പോഴേക്കും അഞ്ചരയോ…” അവൻ ആത്മഗതം ചെയ്തു.
ആര്യൻ പോയി മുഖം കഴുകി ചായ ഇട്ട് കുടിച്ചു. ചായ കുടിക്കുമ്പോൾ മുഴുവൻ അവൻ്റെ മനസ്സിൽ അവൻ കണ്ട സ്വപ്നം ആയിരുന്നു. അവൻ്റെ മനസ്സിൽ വീണ്ടും രാജൻ എന്ന കഥാപാത്രം കയറിവന്നു. അവൻ്റെയുള്ളിൽ ചെറിയ രീതിയിൽ ഒരു ഭയം നിഴലടിച്ചു. അത് മറ്റൊന്നും കൊണ്ടല്ല, രാജൻ നേർക്ക് നേർ വന്നാൽ ഒരു പേടിയും ഇല്ലാതെ അവനെ നേരിടാൻ ഉള്ള ധൈര്യം ഒക്കെ അവനുണ്ടെങ്കിലും സ്വപ്നത്തിൽ കണ്ടത് പോലെ പിന്നിൽ നിന്നും വന്ന് ആക്രമിച്ചാൽ എന്ത് ചെയ്യും എന്നോർത്ത് അവൻ തെല്ലൊന്ന് പരിഭ്രമിച്ചു.
ഇനി കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കരുതെന്ന് പോയി പറഞ്ഞിട്ട് പ്രശ്നം പരിഹരിച്ചാലോ. ആര്യൻ ചിന്തിച്ചു.