അങ്ങനെ തന്നെ കുറച്ച് നേരം കൂടി നിൽക്കാൻ ലിയയുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവൻ്റെ മാറിൽ നിന്നും മുഖം അടർത്തി മാറ്റി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
ആര്യൻ വീട് പൂട്ടി ലിയയെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ടുപോയി.പോകുന്ന വഴിയിൽ ലിയയുടെ മനസ്സിൽ പല ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു.
“ശരിക്കും ആരാണ് ആര്യൻ തനിക്ക്?…ആദ്യം ഒരു അനിയനായി കണ്ട അവനോട് ഇപ്പോൾ തനിക്ക് ഒരു അനിയനോട് തോന്നുന്ന തരത്തിലുള്ള സ്നേഹം മാത്രം ആണോ തോന്നുന്നത്?…ആദ്യം അവനോടൊപ്പമുള്ള കുറച്ച് നിമിഷങ്ങൾ ആണ് തനിക്ക് സന്തോഷം നൽകിയിരുന്നതെങ്കിൽ പിന്നീട് അവൻ്റെ സാമിപ്യം പോലും താൻ വല്ലാതെ ആഗ്രഹിക്കുന്നു…എന്നാൽ ഇപ്പോൾ അവൻ്റെ ഒരു ചെറിയ സ്പർശനം പോലും താൻ കൊതിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു…അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി തന്നിലൂടെ കടന്നു പോകുന്നു…ചേട്ടൻ തന്നെ വിട്ടുപോയതിന് ശേഷം മറ്റാരോടും ഇത്രയും കാലം ആയിട്ടും തോന്നാതിരുന്ന ഒരു അടുപ്പം എന്തുകൊണ്ടാണ് തനിക്ക് ആര്യനോട് തോന്നുന്നത്?…ഇവനെ കണ്ടുമുട്ടാൻ വേണ്ടിയാണോ എന്നെ അന്നത്തെ അപകടത്തിൽ നിന്നും ദൈവം രക്ഷിച്ചത്?…ഇതിന് വേണ്ടിയാണോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്?…തനിക്ക് അവനോട് തോന്നുന്ന രീതിയിലുള്ള പോലെ ഒരു സ്നേഹം അല്ലാ അവന് തന്നോടുള്ളത്…അവൻ്റെ മനസ്സിൽ ഒട്ടും കളങ്കം ഇല്ലാത്ത സ്നേഹമാണ്…പക്ഷേ താൻ ഇപ്പോൾ അവനിൽ നിന്നും ആഗ്രഹിക്കുന്ന സ്നേഹം മറ്റൊന്നല്ലേ?…അതറിഞ്ഞാൽ അവൻ എങ്ങനെയാവും പ്രതികരിക്കുക?…ഒരിക്കലും അവൻ തന്നോടൊപ്പം ഇനിയുള്ള ജീവിതകാലം മുഴുവൻ കാണില്ല…പക്ഷേ എത്ര കാലം ഉണ്ടോ അത്രയും കാലം അവനോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ തൻ്റെ മനസ്സ് ആഗ്രഹിക്കുന്നു ഇപ്പോൾ…”
“ചേച്ചീ…ചേച്ചീ…”
ആര്യൻ്റെ വിളിയിൽ ചിന്തകളിൽ മുഴുകിയിരുന്ന ലിയ സ്വബോധത്തിലേക്ക് തിരിച്ച് വന്നു.
“ശരിയടാ…പോവാ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് ലിയ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ഉടനെ തന്നെ ബസ്സ് എത്തുകയും അവൾ അതിൽ കയറി യാത്രയായി. ആര്യൻ ഒന്നും മനസ്സിലാകാതെ ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം വീട്ടിലേക്ക് തിരിച്ചു.