“മ്മ്…ചേച്ചി കഴിച്ചോ…?”
“ഇല്ലാ…നീ കോഴിക്കറിയും കൊണ്ട് വരാമെന്ന് പറഞ്ഞല്ലേ പോയത് രാവിലെ…എവിടായിരുന്നു…?” ചന്ദ്രിക മുടി കെട്ടിക്കൊണ്ട് ചോദിച്ചു.
“ശാലിനി ചേച്ചിയും അമ്മുവും ഇന്ന് അവിടുന്നാ കഴിച്ചത്…അവര് ഇറങ്ങാൻ കുറച്ച് താമസിച്ചു അതാ…” ആര്യൻ കൈയിലെ പാത്രം നീട്ടിക്കൊണ്ട് പറഞ്ഞു.
“അത് ശരി…എന്നിട്ട് നീ എന്നേ വിളിച്ചില്ലല്ലോടാ ദുഷ്ട്ടാ…?” ചന്ദ്രിക പരിഭവം പറഞ്ഞുകൊണ്ട് അവൻ്റെ കൈയിൽ നിന്നും പാത്രം വാങ്ങി.
“അയ്യോ…കുട്ടച്ചൻ ഇല്ലാത്തോണ്ട് ചേച്ചി ഒറ്റക്ക് കട നോക്കണ്ടേ എന്ന് വിചാരിച്ചാ ഞാൻ ചോദിക്കാഞ്ഞത്…അല്ലെങ്കിൽ ഞാൻ വിളിക്കാതെ ഇരിക്കുമോ…?” ആര്യൻ ഒരു ക്ഷമാപണം പോലെ പറഞ്ഞു.
“പോടാ ചെക്കാ ഞാൻ ചുമ്മാ പറഞ്ഞതാ…” ചന്ദ്രിക അവൻ കൊടുത്ത പാത്രം തുറക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“അത് ശരി…” ആര്യന് ആശ്വാസമായി.
“എടാ…ഇത് കൊള്ളാമല്ലോ…!” ചന്ദ്രിക പാത്രം തുറന്ന ഉടനെ കറിയുടെ മണം ഉള്ളിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു.
“അതിന് ആദ്യം രുചിച്ച് നോക്ക്…എന്നിട്ട് പറ…” ആര്യൻ ഒന്ന് ചിരിച്ചു.
“ഒരു കറി എങ്ങനെ ഉണ്ടെന്ന് അറിയാൻ ഈ ചന്ദ്രികക്ക് രുചിച്ച് നോക്കേണ്ട ആവശ്യം ഇല്ലടാ ചെക്കാ…നീ എന്നെ അപമാനിക്കരുത് കേട്ടോ…” ചന്ദ്രിക അവളുടെ പാചകത്തിലുള്ള അനുഭവ സമ്പത്ത് എടുത്തു കാട്ടാൻ വേണ്ടി പറഞ്ഞു.
“അയ്യോ അറിയാമേ പൊറുക്കുക…ചേച്ചി രുചിച്ചിട്ട് കൂടി പറഞ്ഞാൽ ഇരട്ടി സന്തോഷം…അതുകൊണ്ട് പറഞ്ഞതാ…” ആര്യൻ മാപ്പ് തമാശ രീതിയിൽ മാപ്പ് ചോദിച്ചു.
ചന്ദ്രിക ഒന്ന് ചിരിച്ച ശേഷം ഒരു സ്പൂൺ എടുത്ത് കുറച്ച് ചാറ് കോരി വായിലേക്കൊഴിച്ച് രുചിച്ച് നോക്കി. അവളുടെ മുഖത്ത് നിന്നും ആര്യന് അഭിപ്രായം വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.
“അടിപൊളി…ടാ ചെക്കാ നീ പോസ്റ്റ് ഓഫീസിലെ ജോലി കളഞ്ഞ് ഇവിടെ കൂടുന്നോ…?” ചന്ദ്രിക കാര്യമായി പറയുന്നത് പോലെ അവനോട് ചോദിച്ചു.
ആര്യൻ അത് കേട്ട് പൊട്ടിച്ചിരിച്ചു. അവൻ്റെ കൂടെ ചന്ദ്രികയും.
“ചേച്ചി ചിരിച്ചോണ്ട് നിൽക്കാതെ ഊണ് കഴിക്കാൻ നോക്ക്…?” ആര്യൻ ചിരി നിർത്തിയിട്ട് പറഞ്ഞു.