“എനിക്കൊരു സഹായവും വേണ്ടേ…” ആര്യൻ അൽപ്പം നീട്ടി പറഞ്ഞു.
“വേണ്ടെങ്കിൽ വേണ്ട…എവിടെ വരെയായി നിൻ്റെ കലാവിരുത്…?”
“വാ കാണിക്കാം…ആ വാതിൽ അടച്ചിട്ട് പോരേ ചേച്ചീ…” ആര്യൻ ശാലിനിയോട് പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു.
ശാലിനി വാതിൽ അടച്ച ശേഷം അടുക്കളയിലേക്ക് ചെന്നു. പാതകത്തിൽ കഴുകി ഒരു പാത്രത്തിൽ വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങൾ, ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന പച്ചക്കറികൾ, ആര്യൻ ഉണ്ടാക്കി വച്ചിരിക്കുന്ന മറ്റു കൂട്ടുകറികൾ എല്ലാം ശാലിനിയുടെ ശ്രദ്ധയിൽപ്പെട്ടു.
“ആഹാ തകൃതിയായി നടക്കുന്നുണ്ടല്ലോ കാര്യങ്ങൾ…!” ശാലിനി ഒരു ഉത്സാഹത്തോടെ പറഞ്ഞു.
“പിന്നെ കുട്ടിക്കളി ആണെന്ന് വിചാരിച്ചോ…?” ആര്യൻ ചൂട് ചട്ടിയിലേക്ക് എണ്ണ ഒഴിച്ചുകൊണ്ട് അൽപ്പം ഗൗരവത്തോടെ തിരിച്ച് ചോദിച്ചു.
“ശെടാ…ഒന്ന് പ്രോത്സാഹിപ്പിക്കാനും പറ്റില്ലേ…!?”
“ഓ പ്രോത്സാഹിപ്പിച്ചതാണോ? സോറി…ക്യാരി ഓൺ ക്യാരി ഓൺ…”
ആര്യൻ അരിഞ്ഞ് വച്ചിരുന്ന സവാള എണ്ണയിലേക്ക് ഇട്ട ശേഷം അതിൻ്റെ മുകളിലേക്ക് പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതും, ആവശ്യത്തിന് ഉപ്പും കൂടി ഇട്ട ശേഷം ഇളക്കി അത് വഴറ്റിയെടുക്കാൻ ആരംഭിച്ചു. ശാലിനിയാവട്ടെ ആര്യൻ അതെല്ലാം ഒരു പാചക വിദഗ്ധനെ പോലെ ചെയ്യുന്നതും വീക്ഷിച്ചുകൊണ്ട് അവൻ്റെ അരികിൽ തന്നെ നിന്നു.
“നിനക്ക് കട കണ്ടുപിടിക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നല്ലോ അല്ലേ?…പിന്നെ കടയിൽ തിരക്ക് ഉണ്ടായിരുന്നോ?…നീ പോയിട്ട് എപ്പോ വന്നു…?” ശാലിനി ആര്യൻ സവാള വഴറ്റുന്നതിനിടയിൽ ഒറ്റ ശ്വാസത്തിൽ തന്നെ കുറേ ചോദ്യങ്ങൾ ചോദിച്ചു.
“കട കണ്ടുപിടിക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല…വഴിയിൽ കണ്ട ഒന്ന് രണ്ടു പേരോടും ചോദിച്ചിരുന്നു…പിന്നെ തിരക്കും അത്ര വലുതായി ഒന്നും ഇല്ലായിരുന്നു ചെന്നപ്പോൾ…എങ്കിലും മൂന്ന് പേരുണ്ടായിരുന്നു…ഞാൻ അവിടുന്ന് കോഴി വാങ്ങി ഇറങ്ങുമ്പോൾ പക്ഷേ ഒരു പത്തിന് അടുത്ത് ആളുകൾ കടയിലേക്ക് വന്നിരുന്നു…തിരിച്ച് ഒരു ഒമ്പത് ആകാറായപ്പോൾ എത്തി…”
“മ്മ്…ടാ പാകമായീന്ന് തോന്നുന്നു…” ശാലിനി ചട്ടിയിലേക്ക് നോക്കി പറഞ്ഞു.
“എനിക്കറിയാം കേട്ടോ…ഡോണ്ട് ടീച്ച് മീ യാഹ്…” ആര്യൻ തമാശ രൂപേണ മറുപടി നൽകി.
“ഹൂം…ഒരു വലിയ ഷെഫ് വന്നിരിക്കുന്നു…” ശാലിനി തിരിച്ചും അവനിട്ടൊന്ന് കൊട്ടി.