ആര്യൻ അകത്തേക്ക് കയറിയതും ലിയ കരഞ്ഞുകൊണ്ട് അകത്തെ മുറിയിലേക്ക് ഓടി. ആര്യനും അവളുടെ പിന്നാലെ ഓടി. മുഖം പൊത്തിപ്പിടിച്ച് കരയുന്ന ലിയയെ കണ്ട ആര്യൻ അവളുടെ തോളിൽ കൈ വെച്ച് “ചേച്ചീ…” എന്ന് വിളിച്ചതും ലിയ ആര്യൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചുകൊണ്ട് ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
ലിയയുടെ സങ്കടം മുഴുവൻ തീരുന്നത് വരെ കരഞ്ഞോട്ടെ എന്ന് കരുതി ആര്യൻ ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ തഴുകി അനങ്ങാതെ നിന്നു. ആര്യൻ്റെ നെഞ്ചിലെ ചൂട് പതിയെ ലിയയുടെ വിഷമങ്ങൾ അകറ്റി. ഏറെ നേരത്തിനുശേഷം ലിയ അവളുടെ മുഖം ഉയർത്തി ആര്യൻ്റെ തലയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് അവൻ്റെ നെറ്റിയിൽ ചുംബിച്ചു.
ലിയക്ക് തന്നോട് പറയാൻ ഉള്ളതും തന്നോടുള്ള മുഴുവൻ സ്നേഹവും ആ ചുംബനത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ആര്യൻ അവളെ വീണ്ടും അവൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ലിയ കുറച്ച് നേരം കൂടി അവൻ്റെ നെഞ്ചിലെ ചൂട് പറ്റി നിന്നു.
ഒടുവിൽ ആര്യൻ ലിയയുടെ മുഖം ഉയർത്തിയ ശേഷം “സാധനങ്ങൾ എല്ലാം എടുത്തോ…വീട്ടിലേക്ക് പോകാം…” എന്ന് പറഞ്ഞപ്പോൾ രണ്ട് മണി ആകാൻ അര മണിക്കൂർ കൂടി ഉണ്ടെങ്കിലും ലിയ അതിന് സമ്മതമായി മൂളി.
ആര്യൻ ഓഫീസ് പൂട്ടിയ ശേഷം ലിയയുമായി വീട്ടിലേക്ക് സൈക്കിൾ ചവിട്ടി. ലിയ ആര്യൻ്റെ വയറിൽ കൈ ചുറ്റിപ്പിടിച്ച് അവൻ്റെ പുറത്തേക്ക് തല ചായ്ച്ചുകൊണ്ടാണ് സൈക്കിളിൽ ഇരുന്നത്. അവളുടെ വിഷമം എത്രത്തോളം ഉണ്ടെന്ന് അതിൽ നിന്നും ആര്യന് ഊഹിക്കാവുന്നതേയുള്ളായിരുന്നു.
വീട്ടിലെത്തിയ ശേഷം ഇരുവരും കുറച്ച് നേരം പരസ്പരം ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ മൗനം ഭേദിച്ച് കൊണ്ട് ആര്യൻ എഴുന്നേറ്റു.
“ചേച്ചീ…മതി വാ കഴിക്കാം…”
“എനിക്കൊന്നും വേണ്ടാ…” ലിയ ശബ്ദം അൽപ്പം കടുപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“അതെന്താ…?”
ലിയയുടെ ഭാഗത്ത് നിന്നും മൗനം.
ആര്യൻ ലിയയുടെ അരികിൽ ചെന്ന് അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.
“ചേച്ചീ…”