ആര്യൻ സൈക്കിളിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു. ശാലിനിയും കൂടെ കയറിയ ശേഷം ആര്യൻ മെല്ലെ കുളത്തിലേക്ക് ചവിട്ടി.
കുളി എല്ലാം കഴിഞ്ഞ് ചന്ദ്രിക ചേച്ചിയോട് യാത്രയും പറഞ്ഞ് അവർ വീട്ടിലേക്ക് തിരിച്ചു.
“എടാ പയ്യെ പോയാൽ മതിയേ…ഈ തുണിയും ബക്കറ്റും എല്ലാം കൂടി കാരണം എനിക്ക് മര്യാദക്ക് ഇരിക്കാൻ കൂടി പറ്റുന്നില്ല…” ശാലിനി അൽപ്പം ഗൗരവത്തിൽ പറഞ്ഞു.
“ശരി ചേച്ചീ…ചേച്ചീടെ കൈയിൽ ഒരുപാട് തുണിയില്ലേ അല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പുറത്ത് സൈഡിൽ തൂക്കി ഇടാരുന്നു ബക്കറ്റ്…ബാലൻസ് പോകും അതാ…”
“അത് സാരമില്ലടാ ഞാൻ പിടിച്ചോളാം നീ മെല്ലെ ചവിട്ടിയാൽ മതി…”
“ഹാ…ഒരു കാര്യം ചെയ്യ് സൈക്കിളിൽ പിടിക്കാതെ എന്നെ പിടിച്ചിരുന്നോ…”
“അത്…വെട്ടം വീണു അല്ലായിരുന്നേൽ പിടിക്കാരുന്നെടാ…”
“അതിനെന്താ…?”
“ആരേലും കണ്ടാൽ…”
“ഒന്ന് പോയെ ചേച്ചീ…ചേച്ചി ധൈര്യമായിട്ട് പിടിച്ചോ…”
“മ്മ്…” ശാലിനി കൈ എടുത്ത് അവൻ്റെ അരയിൽ മുറുക്കി പിടിച്ചു.
“ആരേലും കാണുമോ എന്ന് വിചാരിച്ച് വേറെ എന്തൊക്കെ ചെയ്യാതിരുന്നിട്ടുണ്ട്…?” ആര്യൻ ഒന്ന് കളിയാക്കാൻ തീരുമാനിച്ചു.
അതിന് മറുപടിയായി ശാലിനി അവൻ്റെ അരയിൽ പിടിച്ചിരിക്കുന്ന കൈ ഉപയോഗിച്ച് ഒന്ന് നുള്ളിയ ശേഷം “വാങ്ങിക്കും നീ” എന്ന് പറഞ്ഞു.
“ഔ…ദേ സൈക്കിൾ കയ്യിൽ നിന്ന് പോകും കേട്ടോ…അടങ്ങിയിരിക്ക്…”
“എങ്കിൽ മര്യാദക്ക് മിണ്ടാതെ ഇരുന്ന് ചവിട്ട് നീ…”
“ശരി മാഡം…പിന്നെ കോഴി കിട്ടുമല്ലോ അവിടെ അല്ലേ…താമസിച്ചോ…?”
“എടാ നേരത്തെ പോകാൻ പറഞ്ഞത് വേറൊന്നും കൊണ്ടല്ല…ഇന്ന് ഞായർ അല്ലേ…തിരക്ക് കാണും…അതുകൊണ്ടാ…താമസിച്ചിട്ടോന്നുമില്ല നീ പോയിട്ട് വാ…”
“ഹാ ശരി…”
“ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ…എന്തേലും അരിയാനോ മുറിക്കാനോ വല്ലോം…”
“ഒന്നും വേണ്ടാ…കഴിക്കാറാകുമ്പോൾ അമ്മുവിനെയും അമ്മയെയും കൊണ്ട് വന്നാൽ മതി…”
“ഉത്തരവ്…”
ആര്യൻ ശാലിനിയുടെ വീടിന് മുറ്റത്തേക്ക് സൈക്കിൾ കയറ്റി നിർത്തി.
“ഹോ…ഇതിൽ ഇരുന്ന് പോകുന്നതിലും നല്ലത് നടന്ന് പോകുന്നതായിരുന്നു…” ശാലിനി സൈക്കിളിൽ നിന്നും ഇറങ്ങിക്കൊണ്ട് മുഖം വീർപ്പിച്ചു.