ഞാനവനോട് ഒന്നും കൂടെ ചേർന്നിരുന്ന് അവന്റെ വയറിലൂടെ കൈ കൊണ്ട് കെട്ടിപിടിച് പഴയ പോലെ തല പുറത്ത് ചാരിയിരുന്നു.
വീട്ടിലെത്തിയപ്പോഴേക്കും അമ്മ കിച്ചുവിനുള്ള ചായ എടുത്തു വച്ച് ഉമ്മറത്തു കാത്തിരിക്കുന്നുണ്ടായിരുന്നു.
:നീയെന്താടി ഇന്ന് വൈകിയേ.. ഇല്ലേൽ ഇന്നത്തെ ദിവസം ഉച്ചക്ക് എത്തുന്നതാണല്ലോ
ബൈക്കിൽ നിന്നിറങ്ങുമ്പോൾ അമ്മ ചോദിച്ചു.
:ഇറങ്ങാൻ നോക്കിയാർന്നു. പക്ഷെ കുറച്ചു വർക്ക് പെന്റിങ് ഉണ്ടാർന്നു. അത് തീർക്കാൻ നിന്നതാ..ന്നാ പിന്നെ മനസ്സമാധാനമായിട്ട് വീട്ടിലിരിക്കലോന്ന് വച്ച്
കയ്യിലുള്ള ബാഗും ഫയലുകളും തിണ്ണയിലേക്ക് വച്ചു കൊണ്ട് അമ്മയോടായി പറഞ്ഞു. ശേഷം ബൈക്കിൽ മുന്നിലിരിക്കുന്ന കണ്ണനെ എടുക്കാൻ കൈ നീട്ടി. എവടെ അവൻ ഇറങ്ങില്ലാന്ന് പോലെ എന്റെ കൈകളെ തട്ടി മാറ്റാൻ ശ്രേമിച്ചു കൊണ്ടിരുന്നു.
:ഔ…. എന്താപ്പത്… അമ്മേ നോക്കിയേ അവന്റെ ദേഷ്യം
അമ്മയും കിച്ചുവും അത് കണ്ട് ചിരിക്കുന്നുണ്ട്
:ഇങ്ങോട്ടേക്ക് ഇറങ്ങാട
ഞാനതും പറഞ് അവനെ പിടിക്കാൻ വീണ്ടും കൈ നീട്ടി. അത് കണ്ട അവൻ പെട്രോൾ ടാങ്കിലേക്ക് തല വച്ചു കിടന്ന് കൊണ്ട് കൈ കൊണ്ടും കാലുകൊണ്ടും ഇറുക്കെ ബൈക്കിൽ പിടി മുറുക്കി.
:ആഹാ.. അത്രക്കായോ
ഞാനവനെ കുറച്ചു ബലം പിടിച്ചു ഉഴർത്തി. അതോടെ കണ്ണൻ പിന്നിലേക്ക് ചാഞ് കിച്ചുവിനെ പിടിക്കാൻ ശ്രേമം നടത്തി.
:ദേ അച്ഛനിറങ്ങാണ്
അതും പറഞ് കിച്ചുവും അവനെ കൈ ഒഴിഞ് ബൈക്കിൽ നിന്നിറങ്ങി. അതോടെ ഞാൻ കണ്ണനെ പൊക്കിയെടുത്തു. പക്ഷെ അവനുണ്ടോ അടങ്ങുന്നത് കയ്യിൽ കിടന്ന് ഒച്ചയുണ്ടാക്കി കുതറുകയാണ്. അത് കണ്ടപ്പോ ഞാൻ അവന്റെ കുഞ്ഞി തുടയിൽ വേദനിപ്പിക്കാതെ അടിയങ് വച്ചു കൊടുത്തു.
:അടങ്ങി ഇരിക്കടാ.. നമ്മള് ഇപ്പൊത്തന്നെ പോകും.. ആ.. അവന്റെ ഒരു പവറ് കാട്ടല്
കണ്ണുരുട്ടി അത് പറഞ്ഞപ്പോ കണ്ണൻ കിടന്ന് കരയാൻ തുടങ്ങി. ചുണ്ടൊക്കെ പിളർത്തി ചെറുതായി കണ്ണിൽ നിന്നൊക്കെ കണ്ണുനീര് വരുവാനും തുടങ്ങി. നല്ല രസണ്ട് അതൊക്കെ കാണാൻ. അവന്റെ ചുണ്ട് പിളർത്തുന്ന ഭാവം കണ്ടതോട് കൂടി അമ്മ അവന് നേരെ കൈ നീട്ടി.