അർത്ഥം അഭിരാമം 8 [കബനീനാഥ്]

Posted by

പത്തു മിനിറ്റിനകം വിനയചന്ദ്രൻ കുട്ടിയേയും കൊണ്ട് പുറത്തിറങ്ങി..

മുറിക്കകത്തു നിന്നും അയാൾ രക്ഷപ്പെടാൻ വെമ്പൽ കൊള്ളുകയായിരുന്നു…

അയാൾക്കു പിന്നാലെ ശിവരഞ്ജിനിയും പുറത്തേക്ക് വന്നു.

സനോജ് കസേരയിൽ ഇരിപ്പുണ്ടായിരുന്നു… അയാളോട് കുശലം പറഞ്ഞ് യുവാവും…

“അനിയനാ… രാജേഷ്……. ”

അവൾ അച്ഛന് അവനെ പരിചയപ്പെടുത്തി.

” സ്കൂൾ കുട്ടികളുടെ ഓട്ടം ഉണ്ട്… ഒഴിവാക്കാൻ വയ്യ ..,”

രാജേഷ് ക്ഷമാപണസ്വരത്തിൽ പറഞ്ഞു …

“അത് സാരമില്ല…… പോയിട്ടു വാ.”

വിനയചന്ദ്രൻ പറഞ്ഞു……

രാജേഷ് മടിയോടെ ഒതുക്കു കല്ലുകൾ കയറിപ്പോയി…

” എന്താ രാഹുലിന്റെ പ്രശ്നം … ?”

വിനയചന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കി……

” സ്പൈനലിന് ഇഷ്യൂ ഉണ്ട്… അതാണ് മെയിൻ… ”

അവൾ നിലത്തു നോക്കിപ്പറഞ്ഞു……

വിനയചന്ദ്രന് വീണ്ടും ശ്വാസം മുട്ടിത്തുടങ്ങി……

” ടീച്ചേഴ്സ്  സഹായിച്ചിരുന്നു… പിന്നെ ഇവിടുത്തെ ഒരു ട്രസ്റ്റ് സഹായിക്കാനായി ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്…… അതൊന്നും എവിടെയും എത്തിയിട്ടില്ല… ”

അവളത് പറഞ്ഞത് നിർവ്വികാരമായിട്ടായിരുന്നു…

വിനയചന്ദ്രൻ പൂർണ്ണമായും തളർന്നിരുന്നു…

തന്റെ മകളുടെ ഭർത്താവ് , എന്തിന് മകൻ തന്നെ ചികിത്സക്കായി സാമ്പത്തിക സഹായം ഇരന്നു തുടങ്ങിയത്, അയാളുടെ തലച്ചോറു വരെ ശിഥിലമാക്കാൻ തക്കതായ കാര്യമായിരുന്നു..

സനോജ് അയാളെ ഒന്നു നോക്കി…

താൻ വെറും പുഴു മാത്രമാണെന്ന് വിനയചന്ദ്രന് തോന്നി..

തറവാട്ടു മഹിമയുടെയും ആഢ്യത്വത്തിന്റെയും പിൻബലത്തിൽ മാത്രം നെഗളിച്ചു നടന്നിരുന്ന പുഴു…

ജ്യേഷ്ഠനു മരുന്നു വാങ്ങാനും ഭക്ഷണം കൊടുക്കാനും മുച്ചക്രം ഉരുട്ടാൻ പോയ അനിയന്റെ ഏഴയലത്തുപോലും തനിക്ക് സ്ഥാനമില്ലെന്നറിഞ്ഞ് അയാൾ ഹൃദയം വെടിച്ചു കീറി തൊലിയുരിഞ്ഞു നിന്നു…

തന്റെ ന്യായവാദങ്ങൾ തെറ്റായിരുന്നു… !

മകളെ വെറുക്കാനുണ്ടായ കാരണം അയാൾ മരിച്ചു കിടന്ന മനസ്സിൽ വെറുതെ മാന്തി നോക്കി…

ഗുരുനാഥനെ പ്രേമിച്ചത് തെറ്റ്…… !

ഗുരുനാഥനെ കാമിച്ചത് തെറ്റ്…… !

കാഞ്ചനയുടെ മകൾ എന്നതിലായിരുന്നു , വെറുപ്പധികവും……

അമ്മ ചെയ്തത് തന്നെ മകളും ചെയ്തപ്പോൾ പിന്നീടൊന്നും താൻ ആലോചിച്ചില്ല…

അതൊരു വലിയ കാരണമാക്കി കൊട്ടിഘോഷിച്ച്, സ്വയം നശിച്ച നീ എന്തു നേടി…….?

ശിവരഞ്ജിനി കാഞ്ചനയുടെ മാത്രമല്ല, നിന്റെയും കൂടി മകളായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *