” പണം ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്……”
രാജേഷ് അത്രമാത്രം പറഞ്ഞു..
” അതവിടെ ഇരിക്കട്ടെ .. ആവശ്യങ്ങൾ വേറെയുമുണ്ടല്ലോ…… ”
അവനതിന് മറുപടി പറഞ്ഞില്ല…
” മറ്റൊന്നു കൂടി ഉണ്ട് രാജേഷേ… ”
വിനയചന്ദ്രൻ ഗ്ലാസ്സ് കൈവെള്ളയിലിട്ടുരുട്ടി…
” അവളുടെ അമ്മയുമായുള്ള ബന്ധം എന്നോ ഇല്ലാതായതാണ്.. അവളുടെ പേരു പറഞ്ഞ് ഇനി ആരും അവളെ കാണാതിരിക്കാൻ ശ്രദ്ധിക്കണം…… അവരുടെ ഉദ്ദേശം നല്ലതല്ല…”
” എനിക്കറിയാം.. അന്ന് വന്നവരുടെ പേരിൽ ഞാൻ ചേച്ചിയോട് , ആ കാര്യം പറഞ്ഞു പിണങ്ങിയതാണ്…… ”
രാജേഷ് പറഞ്ഞു……
” അവരെ കൂട്ടാൻ ഇവനേ വരൂ… എനിക്ക് യാത്ര പറ്റാതായി…… ”
സനോജിനെ നോക്കി വിനയചന്ദ്രൻ മുൻകൂർ ജാമ്യമെടുത്തു……
” അതൊന്നും ഓർത്ത് പേടിക്കണ്ട… ”
രാജേഷ് എഴുന്നേറ്റു .
വിനയചന്ദ്രൻ ചായയുടെ പണം കൊടുക്കാമെന്ന് പറഞ്ഞപ്പോൾ രാജേഷ് സമ്മതിച്ചില്ല …..
” അതിന്റെ പേരിൽ തർക്കം വേണ്ട രാജേഷേ… രണ്ടു പേരും തരണ്ട…… ഇത് എന്റെ സന്തോഷം… ”
കേട്ടു നിന്ന ചായക്കടക്കാരൻ സന്തോഷത്തോടെ പറഞ്ഞു.
“ചേട്ടൻ നന്നായി പഠിക്കുമായിരുന്നു.. അവനു വേണ്ടിയാ ഒരു കണക്കിൽ കുടുംബം ജീവിച്ചതു തന്നെ.. അവന്റെ കാര്യങ്ങൾക്കായിരുന്നു മുൻഗണന… അതുകൊണ്ട് സഹോദരിമാരുടെ കല്യാണം തന്നെ വൈകിയാ നടന്നത്.
അവനിങ്ങനെ സംഭവിച്ചപ്പോൾ എല്ലാവരും തകർന്നു പോയി… ”
കാറിനടുത്തു വെച്ച് രാജേഷ് പറഞ്ഞു……
” ഇനി കഴിഞ്ഞു പോയത് ഓർക്കണ്ട..”
വിനയചന്ദ്രൻ അവനെ ആശ്വസിപ്പിക്കുന്നതു പോലെ പറഞ്ഞു..
അവനോടു യാത്ര പറഞ്ഞു പിരിഞ്ഞപ്പോൾ വിനയചന്ദ്രൻ അല്പം ആശ്വാസത്തിലായിരുന്നു…
” നല്ല മനുഷ്യൻമാരും നാട്ടിലുണ്ടല്ലേ മാഷേ… ?”
സനോജ് ചിരിയോടെ ചോദിച്ചു……
” ഈ ലോകം അവസാനിക്കാതിരിക്കുന്നത് അതുകൊണ്ടല്ലേടാ… ”
കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു..
” വീടൊന്ന് വൃത്തിയാക്കണം.. പെയിന്റടിക്കണം… ”
വിനയചന്ദ്രൻ പറഞ്ഞു……
” ചെന്നിട്ട് ഏർപ്പാടാക്കാം… ”
” നാളെ വേണ്ട… കാർ കൊടുക്കുന്നതിന് മുൻപ്, നീ കൊച്ചിനേയും കൊണ്ട് വീഗാലാന്റ് കറങ്ങി വാ… കുട്ടികൾക്ക് കൊടുത്ത ആശയല്ലേ… ”
സനോജ് മൂളുക മാത്രം ചെയ്തു……