അർജുൻ ഇന്ന് തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ഇഷാനിക്കും തോന്നി. അതിനോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ആരോടാണ് ഒന്ന് ചോദിക്കുക.. ശ്രുതിയോട് ചോദിച്ചാലോ…? ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഇഷാനി കുഴങ്ങി..
ഉച്ച കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് വന്നു പൈപ്പിന് അടുത്ത് നിന്ന് മുഖം കഴുകുമ്പോളാണ് ഇഷാനി തന്റെ ഗെറ്റപ്പ് ചേഞ്ച് പലരും ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞത്.. ബാത്‌റൂമിന്റെ സൈഡിൽ നിന്ന് ഏതോ കുട്ടികൾ സംസാരിക്കുകയായിരുന്നു..
‘അവനിപ്പോ അവളുടെ പിറകിൽ നിന്ന് മാറാൻ സമയം ഇല്ല.. എന്ത് കണ്ടിട്ടാണെന്നാണ് എനിക്ക് മനസിലാകാത്തത്..’
‘ശരിക്കും കണ്ടിട്ട് തന്നെ ആകും.. ഇന്നത്തെ അവളുടെ കോലം നീ കണ്ടിരുന്നോ..? ഇറുകി പിടിച്ച ഒരു ഡ്രസ്സ് ആണ് ഇട്ടോണ്ട് വന്നത്.. കാണുമ്പോ നമ്മുടെ തന്നെ തൊലി ഉരിയും..’
അത് പറഞ്ഞപ്പോൾ അവരുടെ ഇടയിൽ ഒരു ചിരി ഉയർന്നു.. അവരീ സംസാരിക്കുന്നത് തന്നെയും അർജുനെയും പറ്റി ആണെന്ന് ഇഷാനിക്ക് തോന്നി
‘എന്തായാലും അവളെ സമ്മതിച്ചു കൊടുത്തേ പറ്റൂ.. അവന്റെ പിറകെ കുറെ അവളുമാർ നടന്നിട്ടും പാട്ടിൽ ആക്കിയെടുത്തല്ലോ…’
‘അതേ അതേ.. അവൾ മിടുക്കി ആണ്.. ഇപ്പൊ ആരും അവളെ നേരിട്ട് കളിയാക്കാറൊന്നുമില്ല.. എന്നാലും ഈ കഥ ഒക്കെ അറിഞ്ഞിട്ട് അവൻ പിന്നെയും ഇവളുടെ പിറകെ മണപ്പിച്ചു നടക്കുന്നതാണ് അത്ഭുതം..’
അവരുടെ പരദൂഷണം കേട്ട് ഇഷാനിക്ക് തന്നെ വെറുപ്പ് തോന്നി. അത് അവർ തന്നെ കുറിച്ചോ അർജുനെ കുറിച്ചോ പറഞ്ഞത് കൊണ്ടൊന്നുമല്ല. താൻ ഇവിടെ നിൽക്കുന്നുണ്ട് എന്ന് അവളുമാർക്ക് വ്യക്തമായി അറിയാം.. അപ്പോൾ താനിത് കേൾക്കാൻ തന്നെ ആണ് ഇവരീ പറയുന്നത് ഒക്കെ.. അവരുടെ സംസാരം കൂടുതൽ കേട്ടാൽ ചിലപ്പോൾ തനിക്ക് കണ്ട്രോൾ പോകുമെന്ന് തോന്നി ഇഷാനി പെട്ടന്ന് മുഖം കഴുകി അവിടുന്ന് പോകാൻ നോക്കി
‘അവനിവിടെ ഒരു വില ഉണ്ടായിരുന്നു വന്നപ്പോൾ ഒക്കെ. ഇപ്പൊ കാണുമ്പോൾ ആളുകൾ ഉള്ളിൽ ചിരിക്കുകയാ.. ‘
അവളുമാർ നിർത്തിയിരുന്നില്ല പരദൂഷണം
‘നിനക്ക് ഫിസിക്സ്‌ലെ പൂജയെ അറിയുമോ.. പൂച്ചക്കണ്ണുള്ളെ..? അവൾ ഇവനെ പ്രൊപ്പോസ് ചെയ്തതാ ഇൻസ്റ്റ വഴി മറ്റോ.. അവളെ റിജക്റ്റ് ചെയ്തിട്ടാണ് ഈ പൊട്ടൻ ഈ സാധനത്തിനെ കൊണ്ട് നടക്കുന്നെ..’