‘അപ്പൊ റോക്കിക്ക് ഈ കോളേജിൽ ഒരാളെയെങ്കിലും പേടിയുണ്ട്..’
ടീമിൽ ഏതോ തെണ്ടി എന്റെ അവൾക്ക് പിന്നാലെ ഉള്ള ഓട്ടം കണ്ടു കമന്റ് അടിച്ചു. ഗ്രൗണ്ട് മൊത്തം അതിന്റെ ബാക്കിയായി ചിരി പടർന്നു. ഞാൻ തിരിഞ്ഞു നോക്കിയില്ല.. നോക്കിയാൽ അവന്മാർ അളിയിച്ചു വിടും. ഞാൻ ഓടി അവളുടെ തൊട്ട് പിന്നിൽ എത്തി കയ്യിൽ പിടിച്ചെങ്കിലും അവൾ കൈ വിടുവിക്കാൻ കുതറി
‘നീ പോ.. നീ പോയി അടിയുണ്ടാക്ക്… ചെല്ല്.. വല്യ ഹീറോ അല്ലെ..’
‘ആര് അടിയുണ്ടാക്കി.. ഞാൻ പ്രശ്നം സോൾവ് ചെയ്തത് അല്ലെ…’
‘നീ എന്നെ അത്ര പൊട്ടി ആക്കല്ലേ. ഞാൻ കണ്ടതാ നീ വഴക്ക് ഉണ്ടാക്കുന്നത്..’
രണ്ട് പേരും അടിയാകാറായപ്പോൾ തള്ളി മാറ്റിയത് ആണ് ഇവൾ ഞാൻ അടി വച്ചെന്ന് പറയുന്നത്
‘എന്റെ പൊന്നോ… അത് അടിയുണ്ടാക്കിയതല്ല.. അത് അവരെ മാറ്റിയതാണ്..’
‘നീ എന്നോട് പറഞ്ഞതല്ലേ ഇനി വഴക്കിനു ഇടയിൽ ഒന്നും പോകില്ല എന്ന്..’
‘അത് മനഃപൂർവം അല്ലല്ലോ.. നീ കണ്ടതല്ലേ രാഹുലിനെ അവൻ ചവിട്ടിയത്..’
‘നിനക്ക് എപ്പോളും എന്തെങ്കിലും കാരണം ഉണ്ടാകുമല്ലോ..’
‘നീ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ അതിന് ബാക്കി എന്ത് പറയാനാണ്..’
‘ഞാൻ ഒന്നും പറയുന്നില്ല.. അല്ലേലും ഞാൻ പറയുന്നത് ഒന്നും നീ ചെയ്യില്ലല്ലോ.. മീശ ഉള്ളതാണ് നല്ലതെന്ന് പറഞ്ഞപ്പോൾ അത് വടിച്ചോണ്ട് വന്നു പിറ്റേ ദിവസം., അടിയുണ്ടാക്കില്ല എന്ന് പറഞ്ഞിട്ട് എന്റെ മുന്നിൽ വച്ചു തന്നെ അടിക്കിടയിലേക്ക് ഓടി പോയി. ഞാൻ പറയുന്നതിന് ഒന്നും വില ഇല്ലല്ലോ.. ഇതൊക്കെ ഇഷ്ടപ്പെടാൻ വേറെ ആളുകൾ ഉണ്ടല്ലോ..’
ഇഷാനി ദേഷ്യത്തിൽ അല്ല സങ്കടത്തിന്റെ സ്വരത്തിൽ ആണ് ഇത്രയും പറഞ്ഞത്
‘ നീ ഒന്ന് നിക്ക്.. ഞാൻ ഒന്നു പറയട്ടെ… ഇപ്പോൾ നിന്നില്ലേൽ ഞാൻ ഇനി മിണ്ടാൻ വരില്ല..’
അത് കേട്ടപ്പോൾ ഇഷാനി സ്റ്റോപ്പ് ആയി. ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നു. മുഖത്ത് പരിഭവമാണ്..