‘നീ എല്ലാവരുടെയും ഡാഡി കളിക്കാതെ, ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടേൽ അത് ഞങ്ങൾ തമ്മിൽ തീർത്തോളാം..’
അവൻ എന്നെ ഇതിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. അവന്റെ വർത്താനം കേട്ട് ടെമ്പർ തെറ്റി വാടാ എന്ന് പറഞ്ഞു രാഹുൽ അവന്റെ നേർക്ക് അടുത്തു. ഞാൻ അവനെ തള്ളി മാറ്റി നിഖിലിൽ നിന്നും മാറ്റി നിർത്തി
‘നിനക്ക് അവനായി പ്രശ്നം ഉണ്ടേൽ ആണുങ്ങളെ പോലെ മുഖത്ത് നോക്കി പറയണം.. അല്ലേൽ തല്ലി തീർക്കണം. നിന്റെ പ്രശ്നം അതല്ലല്ലോ.. ടീമിൽ ഇല്ലാത്തതിന്റെ ചൊരുക്ക് അല്ലെ നീ ഇപ്പോൾ ഇവനെ കളിക്കിടയിൽ ചവിട്ടി തീർത്തത്.. അതും ഞാനും ഫൈസിയും ഇല്ലാത്ത ദിവസം തന്നെ.. നിന്നെ കൊണ്ടു എന്നെങ്കിലും ഇവനായി ഒരു ഡ്യുവൽ ജയിക്കാൻ പറ്റിയിട്ടുണ്ടോ.. ഇന്ന് ഒരു രണ്ട് തവണ എങ്കിലും നീ അവന്റേന്ന് ബോൾ റിക്കവർ ചെയ്തു എടുത്താൽ ഞാൻ നിന്നെ പഴയ പൊസിഷനിൽ ഇറക്കാൻ പറയാം.. പക്ഷെ നിനക്കും അറിയാം അത് ഉണ്ടാക്കാൻ നിന്നെ കൊണ്ട് പറ്റില്ലെന്ന്..’
ഞാൻ മെല്ലെ അവന്റെ തോളിൽ കൈ വച്ചു. തോളിൽ ഇരുന്ന കയ്യിൽ രൂക്ഷമായി ഒന്ന് നോക്കിയെങ്കിലും അത് തട്ടി മാറ്റാൻ അവൻ ധൈര്യപ്പെട്ടില്ല.
‘ഇത് ഡാഡി കളി ഒന്നുമല്ല, പക്ഷെ ഇത് ഞാനും കൂടെ കളിക്കുന്ന ടീമാണ്. അതിൽ നീ മനഃപൂർവം പക പൊക്കാൻ ചവിട്ടും കുത്തുമൊക്ക തുടങ്ങിയാൽ ഉറപ്പായും നീ അടി വാങ്ങും.. അതിൽ ഒരു സംശയവുമില്ല..’
വാക്കേറ്റം പിന്നീട് നീണ്ടില്ല. രാഹുലും നിഖിലും കൈ കൊടുത്തു. ഞാൻ രാഹുലിന്റെ കാൽ ശരിക്കും പരിശോധിച്ചു. വമ്പൻ പണി കിട്ടാൻ ചാൻസുള്ള ടാക്കിൾ ആയിരുന്നു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല. ചെറിയ വേദനയെ ഉള്ളെന്നാണ് അവൻ പറഞ്ഞത്. രാഹുൽ പതിയെ എഴുന്നേറ്റ് കാൽ അനക്കി പ്രശ്നം ഒന്നുമില്ല എന്ന് കാണിച്ചു. അപ്പോളാണ് ഞാൻ ഇഷാനിയെ ശ്രദ്ധിക്കുന്നത്
ഗ്രൗണ്ടിന് നടുവിൽ ഒരു പ്രതിമ കണക്കെ സ്വന്തം ബാഗ് തോളിൽ ഇട്ടു എന്റെ ബാഗ് കയ്യിലും പിടിച്ചു അവൾ ഞങ്ങളെ നോക്കി നിൽക്കുകയാണ്. അവൾ ഗ്രൗണ്ടിന് പകുതി വരെ എത്തിയപ്പോൾ വഴക്ക് ഒക്കെ ഒരുമാതിരി കുറഞ്ഞിരിഞ്ഞു. അവിടെ തന്നെ നിൽപ്പാണ് കക്ഷി എന്നെയും നോക്കി. ഞാൻ മെല്ലെ അവളെ കയ്യുയർത്തി ഇങ്ങോട്ട് വരാൻ കാണിച്ചു. അത് കണ്ടതും അവൾ മുഖം വീർപ്പിച്ചു പെട്ടന്ന് വന്ന ദേഷ്യത്തിൽ “പോടാ” എന്ന് പറഞ്ഞു എന്റെ ബാഗ് നിലത്തേക്ക് എറിഞ്ഞിട്ട് തിരിഞ്ഞു നടന്നു.. ഞാൻ സത്യത്തിൽ അയ്യടാ എന്നായിപ്പോയി. ഒരു പിണക്കം ഒന്ന് കഴിഞ്ഞു സെറ്റായി വന്നതാണ്. കൃത്യമായി അടുത്തത് വന്നു ചാടി പിന്നെയും.. വേഗത്തിൽ നടന്നു പോയ അവൾക്ക് ഒപ്പമെത്താൻ ഞാൻ പിന്നാലെ മെല്ലെ ഓടി ബാഗും എടുത്തോണ്ട്.