കൃഷ്ണ തിളങ്ങുന്ന കണ്ണുകളോടെ എന്നോട് ചോദിച്ചു
‘രണ്ടും ചേരുന്നുണ്ട്. ഏതാണ് കിടു എന്ന് പറയാൻ പറ്റുന്നില്ല..’
സത്യത്തിൽ അന്ന് ഞാൻ മോഡേൺ ആണ് കിടു എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് തോന്നി. അങ്ങനെ പറഞ്ഞിരുന്നേൽ കൃഷ്ണ പിന്നെ മോഡേൺ മാത്രമേ ധരിക്കുകയുള്ളായിരുന്നു.. ഇടയ്ക്ക് ഈ പിങ്ക് ചുരിദാർ ഇട്ടു വരുമ്പോൾ ഇഷാനി എന്നെ നോക്കി ദഹിപ്പിക്കുന്നതും ഇല്ലാതെ ആക്കാമായിരുന്നു….
ചുരിദാറിന്റെ പിന്നിലെ യഥാർത്ഥ രഹസ്യം പിടി കിട്ടിയില്ല എങ്കിലും ആ പിണക്കം കുറച്ചു പാടായിരുന്നു മാറ്റാൻ. പിണക്കത്തേക്കാൾ ഉപരി സങ്കടം ആയിരുന്നു അവൾക്കെന്ന് എനിക്ക് തോന്നി. എന്റെ കഷ്ടകാലത്തിന് കൃഷ്ണ തന്നെ അത് വലിച്ചു കേറ്റി അവളുടെ മുന്നിൽ വന്നു. അവൾക്ക് വേണ്ടി ഞാൻ വാങ്ങിച്ചത് ഞാൻ തന്നെ കൃഷ്ണയ്ക്ക് കൊടുത്തു എന്നാണ് ഇഷാനി വിശ്വസിച്ചത്.
‘എനിക്ക് തോന്നുന്നത് നിന്റെ വീടിന്റെ ഓപ്പോസിറ്റ് ഉള്ള പയ്യന്നില്ലേ. അവനാകും നിനക്ക് ചുരിദാർ ഗിഫ്റ്റ് ആയി തന്നതെന്നാണ്.. അവൻ രാവിലെ പത്രത്തിൽ നോക്കിയപ്പോൾ നിന്റെ ഫോട്ടോ കണ്ടു.. പെട്ടന്ന് കടയിൽ പോയി ഒരു ഗിഫ്റ്റ് വാങ്ങി നിന്റെ വാതുക്കൽ വച്ചു..’
ആരാണ് ആ ചുരിദാർ അവിടെ വച്ചതെന്ന എന്റെ സംശയം അപ്പോളും ആറിയിട്ടില്ല. ഇഷാനി പലപ്പോഴും അവളുടെ വീടിന് എതിർ വശം താമസിക്കുന്ന വീട്ടിലെ പയ്യൻ അവളെ വായ് നോക്കുന്നതും ട്യൂൺ ചെയ്യാൻ നോക്കുന്നതും ഒക്കെ പറഞ്ഞിട്ടുണ്ട്. അവളവനെ മൈൻഡ് ചെയ്യുക പോലും ഇല്ലായിരുന്നു. ഒരുപക്ഷെ അവനാകാം ചുരിദാർ ഗിഫ്റ്റ് ആയി വച്ചതെന്ന് എന്റെ മനസ് പറഞ്ഞു
‘എന്റെ അർജുൻ ഒന്ന് നിർത്തുവോ… എനിക്ക് ഇപ്പോൾ ചുരിദാർ എന്ന് കേൾക്കുന്ന പോലും ഇഷ്ടമല്ല.. ‘
കോളേജ് വിട്ടു കഴിഞ്ഞു തിരിച്ചു പോകുകയായിരുന്നു ഞങ്ങൾ. ബൈക്ക് പാർക്ക് ചെയ്തിരിക്കുന്ന തണലത്ത് ഞങ്ങളെത്തിയപ്പോൾ ഗ്രൗണ്ടിൽ പ്രാക്ടീസ് മാച്ച് നടക്കുന്നത് ദൂരെയായി കാണാം. ഇന്ന് ഒഴിവ് പറഞ്ഞു ഞാൻ പ്രാക്ടീസിൽ നിന്ന് മുങ്ങിയിരിക്കുകയാണ്. ഫൈസി ഉണ്ടെങ്കിൽ അത് നടക്കില്ല. ഭാഗ്യത്തിന് ഇന്ന് അവൻ ലീവുമാണ്. അപ്പൊ ഇന്ന് ഇഷാനി ആയി ചെറുതായ് ഒന്ന് കറങ്ങാം.. കറക്കം എന്ന് വച്ചാൽ അവളെ കോളേജിൽ നിന്ന് ബുക്ക് ഷോപ്പിൽ എത്തിക്കുന്നതാണ് എന്ന് മാത്രം. ഇടയ്ക്കു വല്ല ഐസ്ക്രീം കട കണ്ടാൽ അവിടെ ചവിട്ടുമെന്ന് മാത്രം..