‘നീ എന്തിനാ എന്റെ ചുരിദാർ എടുത്തു അവൾക്ക് കൊടുത്തേ…?
ഇഷാനി ദേഷ്യം കൊണ്ടു ചുവന്നു വരുന്ന
കണ്ണുകളോടെ എന്നോട് ചോദിച്ചു.
‘നീ വേണ്ടെന്ന് പറഞ്ഞു അവിടെ വച്ചിട്ട് പോയതല്ലേ.. അവൾക്ക് ചേരുന്നുണ്ട് എന്ന് പറഞ്ഞു അവൾ എടുത്തു..’
ഞാൻ നടന്ന കാര്യം പറഞ്ഞു
‘അവൾക്ക് കൊടുക്കാൻ ആണേൽ പിന്നെ എന്തിനാ നീ എനിക്ക് അത് വാങ്ങി തന്നത്..’
ഇഷാനിയുടെ മുഖം കണ്ടാൽ എന്നെ വെട്ടി കറി വയ്ക്കുന്ന ലക്ഷണം ആണ്. അത് പോലെ കലിപ്പ്..
‘എടി ഞാനല്ലല്ലോ അത് വാങ്ങിയതും അവൾക്ക് കൊടുത്തതും.. ഇതിലൊന്നും എനിക്കൊരു പങ്കുമില്ല..’
ഞാൻ എന്റെ നിസ്സഹായാവസ്‌ഥയോടെ അവളോട് പറഞ്ഞു. ഞാൻ വീണ്ടും കള്ളം പറയുവാണ് എന്ന് കരുതി ഇഷാനി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൂട്ടത്തിൽ എന്നെ ഒരു തള്ളും വച്ചു തന്നു.. ബാലൻസ് ഇല്ലാതെ ഇരിക്കുന്ന കാരണം ഞാൻ ചെറുതായ് പുറകിലേക്ക് മറിഞ്ഞു.
‘നീ പോ….. എന്നോട് മേലാൽ മിണ്ടാൻ വരണ്ട ഇനി..’
ഇഷാനി കൃഷ്ണയ്ക്ക് മുഖം കൊടുക്കാതെ നടന്നകന്നു. അപ്പോൾ അടുത്തെത്തിയതേ ഉള്ളത് കൊണ്ടു കൃഷ്ണ ഞങ്ങളുടെ സംസാരം ഒന്നും കേട്ടിരുന്നില്ല..
‘വഴക്ക് തീർന്നില്ലേ..?
‘അതിനി ഉടനെ തീരുമെന്ന് തോന്നുന്നില്ല..’
ഞാൻ അവളുടെ ചുരിദാർ നോക്കി പറഞ്ഞു.. പിങ്ക് നിറത്തിൽ ഫുൾ സ്ലീവുള്ള ചുറ്റും നെറ്റൊക്കെ ഉള്ള ഒരു നല്ല ചുരിദാർ.. ഇഷാനി ഇട്ടിരുന്നേൽ ബാർബി ഗേൾ പോലെ ഇരുന്നേനെ. കൃഷ്ണ ഇട്ടിട്ടും അടിപൊളി ആയിട്ടുണ്ട്. അവളുടെ ഹെയർ സ്റ്റൈൽ, മേക്കപ്പ് ഒന്ന് ശ്രദ്ധിച്ചാൽ ഈ ഡ്രസ്സ് മാച്ച് ആകും.
‘എനിക്കിത് ചേരുന്നുണ്ടോ..?
കൃഷ്ണ ഒരു മോഡലിനെ പോലെ എനിക്ക് പോസ് ചെയ്തു കൊണ്ടു ചോദിച്ചു
‘നല്ലപോലെ ചേരുന്നുണ്ട്. സത്യത്തിൽ ഞാൻ കരുതിയത് നിനക്ക് മോഡേൺ മാത്രമേ ചേരൂ എന്നാ.. മേക്കപ്പ് കൂടെ ഇല്ലായിരുന്നേൽ നിന്നെ കണ്ടാൽ ഒരു മിഡിൽ ക്ലാസ്സ് പെൺകൊച്ചു ആണെന്നെ പറയൂ.. ഇതെന്താ ഇപ്പോൾ പെട്ടന്ന് ഡ്രസ്സ് മാറിയേ..?
‘ചുമ്മാ ഇത് കണ്ടപ്പോൾ ഇടാൻ തോന്നി. അപ്പൊ തന്നെ ബാത്‌റൂമിൽ പോയി മാറി.. എനിക്ക് ഇതാണോ മോഡേൺ ആണോ ചേരുന്നത്..?