‘അതിന് നിനക്ക് ഇങ്ങനെ ഒരു പേരുണ്ട് എന്ന് എനിക്ക് അറിയില്ലല്ലോ.. നീ എന്നോട് ഇത് വരെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ഞാൻ ഇത് എഴുതി ഇടും.. ഇത് വേറെ ആരോ വച്ചതാണ് ഇഷാനി…’
‘വേറെ ആരുമല്ല നീ തന്നെയാ.. നീ അന്ന് വീട്ടിൽ വന്നപ്പോൾ അവരാരെങ്കിലും പറഞ്ഞു അറിഞ്ഞതാണ് എന്റെ ഈ പേര്. എനിക്ക് അത് ഇഷ്ടം അല്ലെന്നറിഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാനാണ് നീ ഇത് ആരും കാണാതെ വീടിന്റെ മുന്നിൽ കൊണ്ട് വച്ചത്..’
അവളുടെ ആരോപണം ഞാൻ ഒരു രസത്തോടെ കേട്ടിരുന്നു.. ഞാനത് നിഷേധിച്ചിട്ടും കാര്യമില്ല, അവൾ ഞാൻ തന്നെ ആണ് ചുരിദാർ വാങ്ങി അവിടെ വച്ചതെന്ന് വിശ്വസിച്ചിരിക്കുകയാണ്..
‘നീ എന്നെ ദേഷ്യം പിടിപ്പിക്കാനാണ് ഇത് ചെയ്തത് എങ്കിൽ എനിക്ക് നല്ല ദേഷ്യം വരണുണ്ട്..’
അത്രയും പറഞ്ഞു എന്നെ ദേഷ്യത്തിൽ നോക്കി ജ്വലിപ്പിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു
‘അപ്പൊ ഈ ചുരിദാറൊ..?
ഞാൻ വിളിച്ചു ചോദിച്ചു.. ഞാൻ വീണ്ടും ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാണ് എന്ന് തോന്നി അവൾ തിരിഞ്ഞു നടന്നതിലും സ്പീഡിൽ എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു ഡെസ്കിൽ ഇരുന്ന കവർ എടുത്തു എന്റെ മടിയിലേക്ക് എറിഞ്ഞു
‘ഇത് നീ തന്നെ പുഴുങ്ങി തിന്ന്..’
ദേഷ്യത്തിൽ ഇഷാനി തിരിഞ്ഞു നടക്കുമ്പോളാണ് കൃഷ്ണ ക്ലാസ്സിലേക്ക് കയറി വരുന്നത്. ഇഷാനിയെ കണ്ട് കൃഷ്ണ ഒന്ന് ചിരിച്ചെങ്കിലും അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇഷാനി വേഗത്തിൽ പുറത്തേക്ക് പോയി. കൃഷ്ണ ഇളിഭ്യയായി ഞങ്ങളെ നോക്കി.
‘ജുന് ജി ഹ്യുന് എന്ത് പറ്റി ഭയങ്കര കലിപ്പിൽ ആണല്ലോ..!!
ഇഷാനിയുടെ വേഷവിധാനങ്ങൾ ഒക്കെ കൊണ്ട് കൊറിയൻ ഡ്രാമയിലെ നടിമാരെ പോലെ ഉണ്ടെന്ന് കൃഷ്ണ ആണ് പണ്ട് എന്നോട് പറഞ്ഞിട്ടുള്ളത്. ഇഷാനി കേൾക്കാതെ അവൾ എന്റെയടുത്തു അവളെ ഏതെങ്കിലും കൊറിയൻ നടിമാരുടെ പേരൊക്കെ ആണ് വിളിക്കുന്നത്
‘എന്താണെന്ന് അറിയില്ല, ഇപ്പോൾ അവളെന്നോട് എല്ലാത്തിനും വഴക്ക് ഉണ്ടാക്കുവാ..’
ഞാൻ പറഞ്ഞു