ഞാൻ നേരത്തെ തന്നെ കോളേജിൽ ചെന്നെങ്കിലും അവിടെ ചെന്നപ്പോൾ ആണ് ഓർത്തത് ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന് രണ്ട് ദിവസത്തേക്ക് സെമിനാർ ആണെന്ന്. പിള്ളേർ മിക്കവരും താമസിച്ചാണ് വന്നത്. ഇഷാനി കുറെ നേരം ആയിട്ടും വന്നുമില്ല.. അവളിനി വരില്ലേ എന്ന് ഞാൻ ചിന്തിച്ചു. പിള്ളേർ അധികവും സെമിനാർ ഹോളിൽ ആയിരുന്നു.. ക്ലാസ്സിൽ ഞാനും ശ്രുതിയും കുറച്ചു പിള്ളേരും മാത്രം..
ഇഷാനി ക്ലാസ്സിൽ എത്തിയപ്പോൾ ഞാനും ശ്രുതിയും ബാക്ക് ബെഞ്ചിൽ ഇരിക്കുവായിരുന്നു.. അവളെ കണ്ട ഉടനെ ഞാൻ ചിരിച്ചെങ്കിലും അവളുടെ മുഖത്ത് ഒരു കലിപ്പ് ഭാവം ആയിരുന്നു. ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിന് അടുത്ത് വന്നു അവൾ കയ്യിലിരുന്ന കവർ എനിക്ക് നേരെ നീട്ടി
‘ഇതെന്താ…?
അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു. ഞാൻ കവർ തുറന്നു നോക്കി
‘ഇതൊരു ചുരിദാർ ആണല്ലോ.. ഇതിനെന്താ..?
കാര്യം മനസിലാകാതെ ഞാൻ ചോദിച്ചു
‘ഈ എഴുതിയിരിക്കുന്നത് എന്തുവാണ്…?
ഞാൻ ആ കവറിൽ എഴുതിയ വാക്കുകൾ അപ്പോളാണ് ശ്രദ്ധിച്ചത്.. “കൺഗ്രാറ്റ്ലഷൻസ് മാളൂ..”
‘ആരാ ഈ മാളൂ..?
‘നീ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ അർജുൻ.. നിനക്ക് ഗിഫ്റ്റ് തരണം എങ്കിൽ നേരിട്ട് തന്നൂടെ. എന്തിനാ കള്ളന്മാരെ പോലെ വീടിന് മുന്നിൽ വച്ചിട്ട് പോകുന്നെ..?
ഇവൾ എന്ത് തേങ്ങയാണ് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.
‘നീ എന്തുവാ പറയുന്നെ.. ഞാൻ നിന്റെ വീടിന്റെ മുന്നിൽ കൊണ്ട് വന്നു ഇത് വച്ചെന്നോ..’
‘പിന്നെ നീയല്ലാതെ വേറാര് എനിക്ക് കൊണ്ട് ഗിഫ്റ്റ് തരാനാണ്.. അത് വച്ചത് അല്ല എനിക്ക് പ്രശ്നം.. നീയെന്തിനാ ഇവിടെ മാളൂ എന്ന് എഴുതി വച്ചത്..’
‘എടി എന്തുവാ നിനക്ക് ഇത്ര ദേഷ്യം.. അതിനിപ്പോ എന്തുണ്ടായി..?
അത്രയും നേരം മിണ്ടാതെ ഇരുന്ന ശ്രുതി ഇഷാനിയോട് ചോദിച്ചു
‘എന്നെ ഈ പേര് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. അത്ര തന്നെ..’
ഇഷാനി തറപ്പിച്ചു പറഞ്ഞു. ഞാൻ അപ്പോളും കാര്യം സീരിയസ് ആയി എടുത്തില്ല.. അത് കൊണ്ട് തന്നെ ഞാൻ അവളെ കളിപ്പിക്കുവാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായി