അന്ന് ആ വഴക്കിന്റെ ഇടയിൽ പെട്ട് പോയത് കൊണ്ട് ഇഷാനിയോട് ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല. വഴക്ക് സത്യത്തിൽ ഫുട്ബോൾ ടീമിലെ സ്‌ഥാനത്തെ ചൊല്ലി ആണ്. രാഹുൽ നന്നായി കളിക്കുന്നത് ചൂണ്ടി കാട്ടി അവനെ ഞാൻ ടീമിൽ സ്‌ഥിരം ആക്കിയപ്പോൾ സ്‌ഥാനം പോയ നിഖിൽ ആണ് വഴക്കിനു തുടക്കം ഇട്ടത്. പ്രത്യക്ഷത്തിൽ വിഷയം അതല്ല എങ്കിലും എനിക്കറിയാമായിരുന്നു അവന് രാഹുലിനോട് ചൊരുക്ക് വരാൻ അതാണ് കാരണമെന്ന്. അന്ന് തന്നെ ഇനി ഒരു പ്രശ്നം ഉണ്ടാകില്ല എന്ന് പറഞ്ഞു തീർത്തു
അടുത്ത ദിവസം അവളോട് മിണ്ടണം എന്ന് മനസ്സിൽ കരുതി ഇരിക്കുമ്പോളാണ് അവൾ ഇങ്ങോട്ട് വന്നു മിണ്ടിയത്..
‘എന്നെ ഫൈസി ചേട്ടൻ റീന എന്ന് വിളിച്ചു കളിയാക്കി..’
അവൾ എന്നോട് വന്നു പരാതി പറഞ്ഞു
‘റീനയോ.. അതെന്തിനാ നിന്നെ അങ്ങനെ വിളിച്ചേ..?
‘ഞാൻ എപ്പോളും നിന്റെ കൂടെ നടക്കുന്ന കൊണ്ടാണ്.. റോക്കിയുടെ റീന എന്നൊക്കെ ആണ് പറഞ്ഞു കളിയാക്കിയേ..’
‘ഓ കെജിഎഫ് ലെ റീന.. അതിപ്പോ എന്താ റീന എന്നല്ലേ.. നാറീ എന്നൊന്നും അല്ലല്ലോ. നിന്റെ പഴയ കോണ്ടം എന്ന പേരിനെക്കാൾ എന്ത് കൊണ്ടും നല്ലതാണ്..’
ഞാൻ അവളുടെ പരാതിയെ വലിയ കാര്യമാക്കി എടുക്കാത്തത് പോലെ പറഞ്ഞു
‘എന്നാലും നമ്മളെ കുറിച്ച് ആവശ്യം ഇല്ലാത്തത് ഓരോന്ന് ഉണ്ടാക്കി പറയില്ലേ..?
അവൾ ചിറി കൊട്ടി എന്നോട് ചോദിച്ചു
‘പറയുന്നവർ പറയട്ടെ.. നമുക്കെന്താ.. പണ്ട് നിന്റെ ഇവിടെ പറഞ്ഞു നടക്കുന്ന കഥകളെ പറ്റി ഞാൻ ചോദിച്ചപ്പോൾ നീ ഇങ്ങനെ അല്ലെ പറഞ്ഞത്..’
അത് പറഞ്ഞപ്പോൾ ഇഷാനിക്ക് മറുപടി ഒന്നും ഇല്ലായിരുന്നു..
‘ഇന്ന് തല്ലുണ്ടാക്കാൻ പോയില്ലേ..?
ഒരു വിഷയം തീർന്നപ്പോൾ അവൾ അടുത്തത് എടുത്തിട്ടു..
‘ഞാൻ അതിന് എവിടെയും തല്ലുണ്ടാക്കാൻ ഒന്നും പോയില്ല.. ഇന്നലെ അത് പറഞ്ഞു തീർക്കാൻ ആണ് പോയത്..’
‘എന്തിനാ വഴക്കിനു ഇടയിൽ പോകുന്നത്..’
‘പിന്നെ രാഹുലിന് ഒരു പ്രശ്നം വരുമ്പോ ഞാൻ മാറി നിൽക്കണോ..?