ഒരു സിനിമ ഡയലോഗ് പോലെയാണ് അർജുൻ അത് പറഞ്ഞത്. അതും ഇഷാനിയുടെ കണ്ണിൽ തന്നെ നോക്കി
‘പറ. എനിക്ക് ഇനി അതറിയാതെ ഉറക്കം വരില്ല..’
ഇഷാനി ഒരു കൊച്ചു കുട്ടിയെ പോലെ ഫോൺ കിട്ടിയ കഥ അറിയാൻ കെഞ്ചി
‘ഇന്നലെ ഫോട്ടോ പേടിച്ചു ഉറങ്ങിയില്ല. ഇന്ന് അത് ഞാൻ എങ്ങനെ ഒപ്പിച്ചു എന്നോർത്തു ഉറങ്ങുന്നില്ല. നിനക്ക് ഉറങ്ങാതെ അവസാനം വല്ലോ വട്ടും വരും..’
ഞാൻ തമാശക്ക് വെറുതെ പറഞ്ഞു
‘പ്ലീസ് പറ.. എങ്ങനെ ആണ് അവളുടെ ഫോൺ എടുത്തത്.. ആരെ കൊണ്ടാണ് എടുപ്പിച്ചെ.. പറ.. പറ.. ‘
അത് പറയാതെ ഇഷാനി എന്നെ വിടില്ല എന്ന് എനിക്ക് അറിയാമായിരുന്നു.
സത്യത്തിൽ ഇന്നലെ ഇഷാനിയെ പറഞ്ഞു വിട്ട് കഴിഞ്ഞു എന്ത് ചെയ്യണം എന്ന് എനിക്ക് യാതൊരു പിടിയും ഇല്ലായിരുന്നു. ലക്ഷ്മി കാറിലാണ് പോയിരിക്കുന്നത്. അത് ആരെ കൊണ്ടെങ്കിലും ബ്ലോക്ക് ചെയ്യിച്ചാൽ ഒരുപക്ഷെ ആ ഫോൺ കൈക്കലാക്കാം.. പക്ഷെ അതിനുള്ള സമയം ഒന്നും കിട്ടില്ല. പ്ലാൻ സെറ്റ് ആയി വരുന്നതിന് മുന്നേ അവൾ വീട്ടിൽ ചെല്ലും.
ആദ്യം എനിക്കറിയേണ്ടത് ഫോട്ടോ എടുത്തത് ആരൊക്കെ എന്നാണ്. ലക്ഷ്മി അല്ലാതെ മറ്റാരെങ്കിലും ഫോട്ടോ എടുത്തോ എന്ന് തനിക്കറിയില്ല എന്നാണ് ഇഷാനി പറഞ്ഞത്. തല്ക്കാലം ആ ഫോട്ടോകൾ ലക്ഷ്മിയുടെ കയ്യിൽ മാത്രം ഉള്ളു എന്ന് വിശ്വസിക്കുകയെ വഴി ഉള്ളു. അതിനി എടുക്കണം എങ്കിൽ ഒറ്റ വഴിയേ ഉള്ളു. അവളുടെ വീട്ടിൽ കയറണം. ഒരു പെണ്ണ് കേസിനു വേണ്ടി ഇത്രയും വലിയ റിസ്ക് എടുക്കണോ എന്ന ചോദ്യം എന്റെ മനസിലെ വന്നില്ല. കാരണം ഏതെങ്കിലും ഒരു പെണ്ണല്ലല്ലോ ഇഷാനി..!
ഞാൻ ആദ്യം ചെയ്തത് ലക്ഷ്മിയുടെ അതേ മോഡൽ ഫോൺ ഒരെണ്ണം ഒപ്പിക്കുകയാണ്. ലക്ഷ്മി ആയി സംസാരിക്കുമ്പോളും ഇഷാനി പറഞ്ഞ അറിവ് വച്ചുമൊക്കെ അതേത് മോഡൽ ആണെന്ന് ഞാൻ മനസിലാക്കി. അവളുടെ ഇൻസ്റ്റ നല്ലത് പോലെ ഒന്ന് പരതിയപ്പോൾ അവൾക്ക് രണ്ട് ഫോൺ നിലവിൽ ഉണ്ടെന്ന് മനസിലായി. പക്ഷെ ഇന്ന് ഫോട്ടോ എടുക്കാൻ ഉപയോഗിച്ച ഫോൺ ആണ് അവൾ ഏറ്റവും യൂസ് ചെയ്യുന്നത്. അതിന്റെ സെക്കന്റ് ഹാൻഡ് കിട്ടാതെ വന്നപ്പോൾ പുത്തൻ മോഡൽ തന്നെ വാങ്ങിക്കേണ്ടി വന്നു. ഈ പ്ലാൻ റിസ്കി മാത്രം അല്ല കോസ്റ്റിലി കൂടി ആണ്.