‘നീ എന്തിനാ നാണിക്കുന്നെ.. അത് നിന്റെ കുഞ്ഞിലത്തെ ഫോട്ടോ അല്ലെ..?
‘എന്നാലും നീ കാണണ്ട.. എന്നെ പിന്നെ എപ്പോളും കളിയാക്കാനല്ലേ..’
‘ഓ പിന്നെ നിന്റെ നല്ല പ്രായത്തിലെ കയ്യിൽ ഉണ്ടായിട്ട് ഞാൻ നോക്കിയില്ല പിന്നല്ലേ ഞാൻ നീ പിച്ച വച്ച പ്രായത്തിലെ കണ്ട് കളിയാക്കുന്നെ..’
ഞാൻ അവളുടെ കയ്യിൽ നിന്ന് ആൽബം വാങ്ങി വീണ്ടും ആ ഫോട്ടോ എടുത്തു. കുഞ്ഞു ഇഷാനിയെയും എന്റെ അടുത്തിരിക്കുന്ന ഇഷാനിയേയും മാറി മാറി നോക്കി. ഞാൻ കളിയാക്കിയത് മനസിലാക്കി ഇഷാനി വീണ്ടും എന്റെ കയ്യിൽ നിന്ന് ആൽബം വാങ്ങി മടക്കി വച്ചു. അവസാനം കളിയാക്കില്ല എന്ന ഉറപ്പിന്മേൽ ഞങ്ങൾ വീണ്ടും ആൽബം തുറന്നു ഫോട്ടോസ് കാണാൻ തുടങ്ങി. ഇഷാനിയുടെ ഭരതനാട്യത്തിന്റെ അരങ്ങേറ്റവും പാർവതിയുടെ കച്ചേരിയുടേയും ഒക്കെ ആയി ഒരുപാട് ഫോട്ടോകൾ ഉണ്ടായിരുന്നു. ഇഷാനിയുടെ അച്ഛന്റെ പഴയ കുറച്ചു ഫോട്ടോകളും ഉണ്ടായിരുന്നു. അതിൽ ഒന്നിൽ കുഞ്ഞു ഇഷാനിയെ അച്ഛൻ എടുത്തോണ്ട് നിൽക്കുന്ന ചിത്രം ഉണ്ടായിരുന്നു. എന്നാൽ ആ ആൽബത്തിലും ആ വീട്ടിലും അവൾ ഇന്നേ വരെ എന്നോട് അവളെപ്പറ്റി സംസാരിച്ച എല്ലാത്തിലും എനിക്ക് മിസ്സ് ആയത് അവളുടെ അമ്മയെ ആണ്. ഒരിടത്തും ഇഷാനി അവളുടെ അമ്മയെ കുറിച്ച് പറഞ്ഞിട്ടില്ല. ഈ ആൽബത്തിൽ എങ്കിലും അവർ ഉണ്ടാകുമെന്ന് ഞാൻ കരുതിയെങ്കിലും അതും ഉണ്ടായില്ല
‘നീ എന്താ ഒരു ഫോട്ടോയിലും ചിരിക്കാതെ വിഷമിച്ചു നിൽക്കുന്നെ. ഒറ്റ ഫോട്ടോയിലും ചിരിക്കുന്നില്ലല്ലോ..?
അവളുടെ വിഷാദഭാവം എല്ലാ ഫോട്ടോയിലും കണ്ട് ഞാൻ ചോദിച്ചു
‘അതിവിടെ എല്ലാവരും പറയുന്ന കാര്യമാണ്.. ഫോട്ടോ എടുക്കുമ്പോ ആയാലും എപ്പോ ആയാലും എനിക്ക് വിഷമം ആണ് സ്‌ഥായി ഭാവം എന്ന്.. എനിക്ക് ആണേൽ ഫോട്ടോ എടുക്കുമ്പോ ചിരിക്കാനും അറിയില്ല..’
‘എന്തിനാ വിഷമിക്കുന്നത് എപ്പോളും..?
‘അതെനിക്കും അറിയില്ല.. എനിക്ക് പണ്ടേ സെന്റി ആണ് ഇഷ്ടം. ഇഷ്ടമുള്ള പാട്ടുകൾ ഒക്കെ വിരഹഗാനങ്ങൾ ആയിരിക്കും. വായിച്ച പുസ്തകങ്ങൾ ഹാപ്പി എൻഡിങ് അല്ലേൽ അതാണ് ഇഷ്ടം. പാടാനും വയലിൻ വായിക്കാനും ഒക്കെ അതേ പോലെ തന്നെ. ഞാൻ ഇവിടെ വയലിൻ വായിക്കുന്നത് ഫുൾ “കാപി”യിലും “ചാരുകേശി”യിലും ഒക്കെ ആയിരുന്നു.. ഇവർ എന്നെ കളിയാക്കി വിളിച്ചോണ്ട് ഇരുന്നതും അങ്ങനെ ഒക്കെ ആണ് അത് കൊണ്ട്..’