ലക്ഷ്മിയുടെ ഫോണിലെ ആ ചിത്രങ്ങളിൽ രണ്ടാമതൊന്നു നോക്കാൻ ഇഷാനിക്ക് കഴിഞ്ഞില്ല. അത് കാണുമ്പോൾ താൻ അപ്പോൾ അനുഭവിച്ച ഭയം വീണ്ടും ഇഷാനിക്ക് തോന്നി. ആ ഒമ്പത് ഫോട്ടോകളും അപ്പോൾ തന്നെ ഇഷാനി ഡിലീറ്റ് ആക്കി. ഡിലീറ്റ് ആക്കിയ സൗണ്ട് കേട്ടാവണം അർജുൻ അകലേക്ക് നോക്കിയിരുന്ന മുഖം അവളിലേക്ക് തിരിച്ചു.
‘കളഞ്ഞോ മുഴുവൻ..?
‘മ്മ്.. കളഞ്ഞു..’
ഇഷാനി ശരിക്കും സന്തോഷിക്കേണ്ട സന്ദർഭമാണ് ഇത്. പക്ഷെ ഇന്നലത്തെ സംഭവങ്ങൾ വീണ്ടും മനസിലൂടെ പോയതിനാൽ അവൾ ഒരല്പം സങ്കടത്തോടെ ആയിരുന്നു ഇരുന്നത്
‘ഇനി എന്തിനാണ് വിഷമം. എല്ലാം റെഡി ആയില്ലേ.. ഞാൻ ഇന്നലെ തന്നെ പറഞ്ഞില്ലേ എല്ലാത്തിനും പരിഹാരം ഉണ്ടെന്ന്…’
അർജുൻ അത് പറഞ്ഞപ്പോ അവളുടെ കണ്ണുകൾ അവനോടുള്ള നന്ദി കൊണ്ട് നിറഞ്ഞു. അവൻ ചെയ്തതിന് എങ്ങനെ തിരിച്ചു അവനോട് നന്ദി കാണിക്കണം എന്നറിയാതെ അവൾ ശരിക്കും വിഷണ്ണയായി.. ഒരു ഹഗ് ആയിരുന്നു ഏറ്റവും ഉചിതം. പക്ഷെ രണ്ട് പേരുടെയും മനസിൽ ഇത് വരെ പുറത്തിടാത്ത പലതും ഉള്ളത് കൊണ്ട് ഹഗ് ഉണ്ടായില്ല. നിറകണ്ണുകളോടെ ഇഷാനി അർജുനെ നോക്കി..
‘താങ്ക്സ്..!
അത്ര മാത്രമേ അവൾ പറഞ്ഞുള്ളു. പക്ഷെ ആ പറച്ചിലിൽ എല്ലാം ഉണ്ടായിരുന്നു. കുറച്ചു നേരം കൂടെ അങ്ങനെ ഇരുന്നാൽ അവൾ കരഞ്ഞു പോകുമെന്ന് അർജുന് തോന്നി
‘കഴിഞ്ഞെങ്കിൽ ആ ഫോൺ താ.. കുറച്ചു പരുപാടി ഉണ്ട്..’
‘ഇനി എന്ത് പരുപാടി ആണ്..?
ഇഷാനി സംശയത്തോടെ ചോദിച്ചു
‘ഡിലീറ്റ് ചെയ്താലും ആ പിക് ഒക്കെ വീണ്ടും എടുക്കാൻ പറ്റും. ഇനി ഇത് പെർമെനെന്റ് ആയി ഡിലീറ്റ് ചെയ്യണം. സത്യത്തിൽ അങ്ങനെ ചെയ്തിട്ട് ഫോൺ കൊണ്ട് വന്നാൽ മതിയായിരുന്നു. പക്ഷെ നിന്റെ കൈ കൊണ്ട് ഡിലീറ്റ് ആക്കിയാൽ നിനക്ക് ഒരു ആശ്വാസം കിട്ടുമെന്ന് തോന്നി. അതാണ് നേരെ ഇങ്ങ് കൊണ്ട് വന്നത്..’
‘ഇതെങ്ങനെ കിട്ടി. അതിതുവരെ പറഞ്ഞില്ലല്ലോ..’
‘അതൊക്കെ കിട്ടും. ഞാൻ ശരിക്കൊന്ന് ആഗ്രഹിച്ചാൽ എനിക്ക് കിട്ടാത്തതായി ഒന്നുമില്ല ഈ ലോകത്തിൽ..’