കാറുകൾ ഞങ്ങളുടെ പിന്നിൽ നിന്നും നഷ്ടം ആയത് വളരെ ഇടുങ്ങിയ ഒരു വഴിയിലൂടെ ഞങ്ങൾ പോയപ്പോളാണ്. ഒരു ചെറിയ കോളനി വഴി ഉള്ള റോഡാണ്. ഈ വഴി കാർ വരില്ല. പക്ഷെ ഞങ്ങൾ ശരിക്കും അതിൽ പെട്ട് പോയിരുന്നു. കാരണം കോളനിയിലേക്ക് ഒറ്റ വഴിയേ ഉള്ളു. ആ വഴി ആണ് ഞങ്ങൾ വന്നത്. ഇനി തിരിച്ചു ഇവിടെ നിന്ന് ഇറങ്ങണം എങ്കിൽ ആ വഴി തന്നെ പോകണം.. അവിടെ ഉറപ്പായും പാർട്ടിക്കാർ നിൽക്കുന്നുമുണ്ടാകും. എന്റെ മനസിൽ ചെറുതായ് പേടി തോന്നി തുടങ്ങി. അത് ഇഷാനിയെ ഓർത്തായിരുന്നു.
ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിലും ഞങ്ങൾക്ക് പറ്റിയ ഒരേയൊരു ഭാഗ്യം എന്താണെന്ന് വച്ചാൽ ഞങ്ങൾ കയറിയ കോളനിയിൽ ഈ പാർട്ടിക്കാർക്ക് കയറി ഞങ്ങളെ പൊക്കാൻ പറ്റില്ല എന്നതായിരുന്നു. അവന്മാരുടെ എതിർ പാർട്ടിക്കാർ ഒരുപാട് ഉള്ള സ്‌ഥലമാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന കോളനി. അത് കൊണ്ട് ഇതിൽ വന്നു അവരുടെ ഗുണ്ടായിസം നടക്കില്ല. വഴി ചോദിച്ചപ്പോൾ കാര്യം മുഴുവൻ ഞങ്ങളെ കൊണ്ട് പറയിച്ച ഒരു ചേട്ടനാണ് അത് പറഞ്ഞത്. അവർ ഞങ്ങളോട് ഇവിടെ എത്ര നേരം വേണമെങ്കിലും ഇരുന്നോളാൻ പറഞ്ഞു. പക്ഷെ ഞങ്ങൾ കല്യാണത്തിന്റെ കാര്യം പറഞ്ഞതോടെ അവരും നിസ്സഹായരായി.
‘ദാ സുരേഷേ ഓട്ടോ ഇറക്ക്..’
ഞങ്ങൾ വഴി ചോദിച്ച ചേട്ടൻ അവിടെ നിന്ന മറ്റൊരാളോട് ഉറക്കെ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഒരു വഴക്കിനു പോകാനാണ് അവർ തുനിഞ്ഞത്. അത് ഞങ്ങളുടെ അവസ്‌ഥ കണ്ടുള്ള വിഷമം കൊണ്ടാണോ എതിർ പാർട്ടിക്കാരോടുള്ള അമർഷം കൊണ്ടാണോ എന്ന് എനിക്ക് മനസിലായില്ല.
‘അയ്യോ വേണ്ട. ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഇനി പോയി.. അടി ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ പോയില്ലേൽ പോയില്ല എന്നെ ഉള്ളു. ഇനി ഇത് പറഞ്ഞു വഴക്കിനു ഒന്നും ആരും പോകണ്ട..’
ഇഷാനി അവരോട് പറഞ്ഞു. അവൾ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവർ ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്..
‘മനോജ് അണ്ണാ നമുക്ക് പോലീസിൽ വിളിച്ചാലോ..?
കൂടെ നിന്ന ഒരുവൻ മനോജ് എന്ന് പേരുള്ള, ഞങ്ങൾ വഴി ചോദിച്ച ചേട്ടനോട് ചോദിച്ചു..