‘നമുക്ക് എന്തെങ്കിലും കഴിക്കാം. നിനക്ക് വിശക്കുന്നില്ലേ..?
‘ഹേയ് ഇല്ല. കുഴപ്പമില്ല വണ്ടി വിട്ടോ..’
എങ്ങനെ എങ്കിലും വീട്ടിൽ ചെല്ലണം എന്ന നിലയിൽ ആയിരുന്നു ഇഷാനി. വിശപ്പ് ഒന്നും അവൾ കാര്യമാക്കുന്നില്ല എന്ന് തോന്നി
‘ഇപ്പൊ വിശക്കുന്നില്ലായിരിക്കും. കുറച്ചു കഴിയുമ്പോ വിശക്കും അപ്പോൾ കടയും കാണില്ല. നീ ഇറങ്ങു.. നമുക്ക് ഇവിടുന്ന് കഴിച്ചിട്ട് പോകാം..’
ഞങ്ങൾ ആ ഹോട്ടലിൽ ചെന്നു. അവിടെ പക്ഷെ ഫുഡ് പാർസൽ മാത്രമേ കൊടുക്കൂ. ഹർത്താൽ ആയത് കൊണ്ട് ഇരുത്തി കഴിപ്പിക്കാൻ ഭയം കാണും. ഞങ്ങൾ രണ്ട് പേർക്കുള്ള ദോശയും ചമ്മന്തിയും മിനറൽ വാട്ടറും വാങ്ങി യാത്ര തുടർന്ന്.. പോണ വഴി കഴിക്കാൻ പറ്റിയൊരു സ്പോട്ടിൽ വച്ചു ഞങ്ങൾ പാർസൽ അഴിച്ചു കഴിപ്പ് തുടങ്ങി. ഇഷാനി ആണേൽ ഒരു ദോശ കഴിച്ചിട്ട് മതിയായി എന്ന് പറഞ്ഞു എഴുന്നേറ്റ്.. പക്ഷെ എന്റെ നിർബന്ധം കാരണം മുഴുവൻ കഴിക്കാതെ അവളെ ഞാൻ വിട്ടില്ല. ഭക്ഷണം കഴിച്ചപ്പോൾ എനിക്ക് ഒരു ഉണർവ് ഒക്കെ തോന്നി. ഇഷാനിയുടെ മുഖത്ത് എന്തോ ഒരു വിഷമം രാവിലെ തൊട്ടുണ്ട്. അതെന്തെന്ന് അറിയാൻ എനിക്ക് ഇത് വരെ പറ്റിയില്ല. ഞങ്ങൾ വീണ്ടും യാത്ര തുടർന്ന് ഒരു ചെറിയ കവല എത്തിയപ്പോൾ ആണ് അവിടെ പാർട്ടിക്കാർ കൂടി നിൽക്കുന്നത് കണ്ടത്. ഞങ്ങൾക്ക് പോകാനുള്ള വഴി ഒക്കെ കല്ലും ഡെസ്കും കൊണ്ട് തടഞ്ഞു വച്ചിരിക്കുകയാണ്. ബൈക്കിനു പോകാനുള്ള ഗ്യാപ് ഉണ്ടെങ്കിലും അവരുടെ സമ്മതം ഇല്ലാതെ പോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾക്ക് മുന്നിൽ രണ്ട് കാറും ഒരു ബൈക്കും അവർ തടഞ്ഞു വച്ചിട്ടുണ്ടായിരുന്നു. അവരെ ഒന്നും ഹർത്താലുകാർ കടത്തി വിട്ടിട്ടില്ല. ഞാൻ ബൈക്കിൽ നിന്നിറങ്ങി ഒരു ഭവ്യതയോടെ അവിടെ മെയിൻ എന്ന് തോന്നിയ ഒരുത്തന്റെ അടുത്ത് ചെന്നു
‘ചേട്ടാ ഞങ്ങളെ ഒന്ന് കടത്തി വിടാമോ.. ഒരു കല്യാണം ഉണ്ടായിരുന്നു. അത്യാവശ്യമാണ്. അല്ലെങ്കിൽ ഇറങ്ങില്ലായിരുന്നു. ‘
‘ഇത്രയും പേര് ഇവിടെ നിക്കുന്ന കണ്ടില്ലേ.. പിന്നെ നിങ്ങളെ മാത്രമായ് കടത്തി വിടണോ..?