‘റോക്കി ഭായ്.. ഇത് കരീഷ്മ.. ഞങ്ങളുടെ ജൂനിയർ ആണ്..’
ഞാൻ ആ പെങ്കൊച്ചിനെ ചിരിച്ചു കാണിച്ചു. അവൾ ഒരു ചിരി മുഖത്ത് വരുത്തി
‘കരീഷ്മ.. വെറൈറ്റി പേരാണല്ലോ.. എനിക്ക് പണ്ടൊരു ബൈക്ക് ഉണ്ടായിരുന്നു ആ നെയിം..’
ഞാൻ പറഞ്ഞത് കേട്ട് അവളുമാർ എല്ലാം ചിരിച്ചു. ആ പെൺകൊച്ചു മാത്രം വല്ലാതെ ആയി നിന്നു. ഞാൻ വല്ല മണ്ടത്തരം പറഞ്ഞോ.. അതോ ഇങ്ങനെ ഒരു ബൈക്ക് ഉള്ളത് ഇവൾക്കൊന്നും അറിയില്ലേ.. ആ പെണ്ണ് ഞങ്ങളുടെ അടുത്ത് നിന്നും പോകാൻ തുടങ്ങിയപ്പോൾ ഐശ്വര്യ അവളെ കൈ പിടിച്ചു നിർത്തി
‘ആ പോകുവാണോ.. എങ്ങോട്ടാ പോണേ.. കാന്റീനിലേക്കാണോ..?
‘അല്ല ചേച്ചി.. ‘
ആ പെണ്ണ് ഒരു അടിമ എന്ന പോലെ ആണ് സംസാരിക്കുന്നത്
‘എന്നാൽ ക്യാന്റീനിൽ പോയിട്ട് വാ.. ഞങ്ങൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങിച്ചോണ്ട് വാ.. പെട്ടന്ന് വേണം..’
ആ പെൺകൊച്ചു തലയാട്ടി നടന്നു പോയി
‘അതിന്റെ കയ്യിൽ നിങ്ങൾ പൈസ കൊടുത്തില്ലല്ലോ..?
ഞാൻ സംശയത്തോടെ ചോദിച്ചു. വീണ്ടും അവരെല്ലാം എന്നെ നോക്കി ചിരിച്ചു. എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു..
‘അവളുടെ പേര് എന്താണെന്ന് അറിയാമോ..?
ലച്ചു എന്നോട് ചോദിച്ചു
‘കരീഷ്മ എന്നല്ലേ..’
‘അല്ല. ശരിക്കും അവളുടെ പേര് ഗ്രീഷ്മ എന്നാണ്.. കരീഷ്മ എന്ന് ഞങ്ങൾ വിളിക്കുന്നത് ആണ്..’
അതെന്തിനാണ് അങ്ങനെ വിളിക്കുന്നത് എന്ന് ഞാൻ ചോദിച്ചില്ല. കാരണം എനിക്ക് വ്യക്തമായിരുന്നു. അവൾ കറുത്ത നിറമാണ്.. അതിനാണ് ഇവളുമാർ അതിനെ കളിയാക്കുന്നത്.. അതും എന്നെ വരെ ഇതിൽ ഉൾപ്പെടുത്തി അതിനെ കളിയാക്കാൻ..
‘എന്തിനാ അവളെ ചുമ്മാ കളിയാക്കുന്നെ.. അതൊരു പാവം ആണെന്ന് തോന്നുന്നു…’
‘ഇവളുടെ സ്‌ഥിരം കുറ്റിയാണ് അവൾ..’
നീലിമ ലച്ചുവിനെ നോക്കി പറഞ്ഞു
‘ലച്ചൂസിനെ ഒരു ദിവസം അവൾ ബാഡ്മിന്റൺ കോർട്ടിൽ ഇട്ടു “ക്ഷ” വരപ്പിച്ചു. അതിൽ പിന്നെ അവളെ എവിടെ കണ്ടാലും ഇവൾ വെറുതെ വിടില്ല..’
അലീന പറഞ്ഞത് കേട്ട് ലച്ചു എന്നെ നോക്കി ചിരിച്ചു