അത് തന്നെ ആയിരുന്നു ശരിയെന്നു ഇഷാനിയുടെ കണ്ണുകളിൽ എനിക്കിപ്പോൾ കാണാൻ കഴിഞ്ഞു. വലിയൊരു മഴ പെയ്തൊഴിഞ്ഞ പോലെ ഉണ്ടായിരുന്നു അവളുടെ മുഖം അപ്പോൾ. നടന്ന സംഭവം ഒന്നും കൃത്യമായി അവളോട് പറഞ്ഞില്ല എങ്കിലും രാത്രി വീട്ടിൽ കയറി ഫോൺ എടുത്തത് ആണെന്ന് എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു. അത് കേട്ടതും അന്തം വിട്ടു വായിൽ കൈ വച്ചു ഇഷാനി. അവിടെ വച്ചു പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തിനെ പറ്റി ഒക്കെ അവൾ എനിക്ക് പറഞ്ഞു തന്നു. അതെല്ലാം അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ ആ കൃത്യത്തിന് മുതിർന്നത് എന്ന് കേട്ടപ്പോൾ അവൾ വല്ലാതായി.
‘ചേട്ടൻ എന്റെ ഇവിടുത്തെ ഗാർഡിയൻ എയ്ഞ്ചൽ ആണല്ലോ..’
‘ചേട്ടൻ അല്ല.. നീ.. അത് മതി..’.
അവളുടെ പുകഴ്ത്തലിനു ഞാൻ മറുപടി കൊടുത്തു
‘ഞാൻ അത് ആ ദേഷ്യത്തിൽ വിളിച്ചത് അല്ലെ. അത് മനസിൽ വക്കല്ലേ..’
‘മനസിൽ വച്ചതല്ല. ഞാൻ നിന്നോട് നേരത്തെ പറയാൻ ഇരുന്നതാ.. ചേട്ടൻ വിളിയേക്കാൾ അടുപ്പം നീ, എടാ എന്നൊക്കെ വിളിക്കുമ്പോ ആണ്..’
‘ചേട്ടൻ എന്നേക്കാൾ എത്ര വയസിനു മൂത്തത് ആണ്. എന്നിട്ട് ഞാൻ ഡാ എന്ന് വിളിക്കണോ..’
‘പ്രായം അല്ല ഇവിടെ വിഷയം. നമ്മൾ ഒരു ക്ലാസ്സിൽ അല്ലെ പഠിക്കുന്നെ. അപ്പോൾ ഈ ചേട്ടൻ വിളിയേക്കാൾ നല്ലത് പേരോ നീയെന്നോ ഒക്കെ വിളിക്കുന്ന ആണ്..’
‘എന്നിട്ട് ശ്രുതി ഇപ്പോളും ചേട്ടാ എന്നല്ലേ വിളിക്കുന്നത്..?
ശ്രുതിയെ പോലെ ആണോ നീ എനിക്ക്.. അത് പറയാൻ പക്ഷെ എനിക്ക് പറ്റിയില്ല. അവൾ ശ്രുതിയേ വച്ച സ്‌ഥിതിക്ക് കൃഷ്ണയേ പകരം വച്ചു ചെക്ക് ചെയ്യാമെന്ന് ഞാൻ കരുതി.
‘ ശ്രുതി എന്റെ സിസ്സി അല്ലെ. കൃഷ്ണ എന്നെ നേരത്തെ ചേട്ടാ എന്ന് വിളിച്ചു നടന്നതാ. ഇപ്പോൾ കണ്ടോ കൂടുതൽ കമ്പനി ആയപ്പോ എടാ പോടാ എന്നായി.. അതാണ് എനിക്കും ഇഷ്ടം..’
കൃഷ്ണയേ പറ്റി ഞാൻ പറഞ്ഞത് അവൾക്ക് കൊണ്ടിട്ടുണ്ടാകും.