‘അല്ല.. നീ അന്ന് എന്നോട് വന്നു സംസാരിച്ചത് പോലും ഞാൻ മൂഡോഫ് ആയത് അന്നത്തെ നമ്മുടെ വിഷയം കൊണ്ടാണോ എന്നോർത്താണ്.. അതിലാണേൽ നീ എന്നോട് വന്നു തിരക്കണ്ട കാര്യം പോലുമില്ല. തെറ്റ് എന്റെ അടുത്താണ് എന്ന് എനിക്ക് നല്ലത് പോലെ അറിയാം..’
അവളുടെ വാക്കുകളിൽ ഒരു ഏറ്റുപറച്ചിലിന്റെ സ്വരം ഇല്ലായിരുന്നു. എന്നാലും ആ വാക്കുകളിൽ ആത്മാർത്ഥത ഉണ്ടായിരുന്നു.
‘എന്ന് വച്ചു ഞാനൊരിക്കലും നിന്റെ ഫ്രണ്ട്നോട് വന്നു മാപ്പ് പറയാൻ ഒന്നും പോണില്ല. അന്ന് അവളോട് അങ്ങനെ ഒക്കെ ചെയ്തത് മോശം ആണെന്ന് എനിക്ക് ബോധ്യം ഉണ്ടെന്ന് നീ വേണേൽ അവളോട് പറഞ്ഞേര്..’
ഞാൻ ശരിയെന്ന ഭാവത്തിൽ തലയാട്ടി.. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ ലക്ഷ്മി ദേഹത്ത് ചുറ്റിയ പേഴ്സിൽ നിന്ന് ഫോൺ പുറത്തെടുത്തു. അതവളുടെ ഒറിജിനൽ ഫോണാണ്. എന്നെ അത് പൊക്കി കാണിച്ചതിന് ശേഷം വെള്ളത്തിലേക്ക് ഇട്ടു. ഞങ്ങൾ തുഴയുന്ന പുഴയുടെ അഴങ്ങളിലേക്ക് ആ ഫോൺ കൂപ്പു കുത്തി.
‘അതെന്താ എടുത്തു കളഞ്ഞത്..?
‘അതല്ലേ ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയ ഫോൺ.. അത് കാണുമ്പോൾ എനിക്ക് ആ സംഭവങ്ങൾ ഒക്കെ ഓർമ വരും. വേണമെങ്കിൽ ഇതെന്റെ ഒരു സോറി ആയി കൂട്ടിക്കോളൂ..’
ലക്ഷ്മി സൗമമായി പറഞ്ഞു
‘അതിൽ നിനക്ക് വേണ്ട ഡാറ്റാ വല്ലതും ഉണ്ടായിരുന്നോ..?
‘ഓ.. ഒരിക്കലും പ്രയോജനം ഉണ്ടാകാത്ത പത്തഞ്ഞൂർ കോൺടാക്ട്സും കുറെ കൂറ സെൽഫികളും ക്രിഞ്ചു വീഡിയോസും.. ഒക്കെ പോട്ടെ..’
ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു. ഞാനും അവൾക്കൊപ്പം ചിരിച്ചു. അവൾ പേഴ്സിൽ നിന്ന് ഒരു ഫോൺ കൂടി എടുത്തു. അത് അന്ന് ഞാൻ വാങ്ങി അവൾക്ക് കൊടുത്ത ഫോൺ ആണ്. അവളുടെ ഡ്യൂപ്ലിക്കേറ്റ് ഫോൺ. അതവൾ എനിക്ക് നേരെ നീട്ടി
‘നിന്റെ ഫോൺ.. ആ കടം തീരട്ടെ മുഴുവൻ ആയും. സിം ഊരി നീ എനിക്ക് തന്നാൽ മതി..’
‘വേണ്ട.. അത് നീ തന്നെ വച്ചോ.. അതെന്റെ ഒരു മാപ്പായി കരുതിയാൽ മതി..’