‘എങ്ങോട്ടാ ഇത്ര ധൃതിക്ക്..?
‘എങ്ങോട്ടുമില്ല.. വീട്ടിലേക്ക്..’
അവൾ നിസംഗതയോടെ പറഞ്ഞു
‘വീട്ടിൽ നിന്നല്ലേ ഇപ്പോൾ ഇങ്ങോട്ട് വന്നത്. കുറച്ചു നേരം ഇവിടെ നില്ല്..’
‘ഇവിടെ നിന്നിട്ട് എനിക്കൊരു നെഗറ്റീവ് വൈബ്..’
‘എന്നാൽ കുറച്ചു പോസിറ്റീവ് വൈബ് കിട്ടുന്ന എങ്ങോട്ടെങ്കിലും പോകാം..’
ഞാൻ ഒരു നിർദേശം പറഞ്ഞു
‘എവിടെ പോകാനാണ്. ഇവിടെ എല്ലായിടത്തും ഞാൻ പോയിട്ടുള്ളതാ..’
‘അത് നിനക്ക് തോന്നുന്നതാണ്.. നീ കാണാത്ത പല സ്‌ഥലങ്ങളും ഇവിടെ ഉണ്ട്.. കാണിച്ചു തരണോ..?
‘അത് വേണ്ട.. എനിക്കും നിനക്കും അറിയാത്ത ഒരു സ്‌ഥലം ആണേൽ ഓക്കേ. അങ്ങനെ ഒരിടത്താണെൽ ഞാൻ റെഡി..’
അവൾ പെട്ടന്ന് നഷ്ടപ്പെട്ട ആവേശം വീണ്ടെടുത്തു പറഞ്ഞു.
‘അതേതാ നമുക്ക് രണ്ട് പേർക്കും അറിയാത്ത സ്‌ഥലം..?
ഞാൻ സംശയത്തോടെ ചോദിച്ചു
‘ആ….’
അവളും അറിയാത്ത മട്ടിൽ പറഞ്ഞു.. പെട്ടന്ന് ഞങ്ങൾ നിന്നിടത്തിന് അടുത്തായി ഒരു കെഎസ്ആർടിസി ബസ് വന്നു നിർത്തി
‘വാ.. ഇതിൽ പോകാം..’
അവളെന്നെ നിർബന്ധിച്ചു
‘ഇതിലോ..? എന്റെൽ ബൈക്ക് ഉണ്ട്..’
‘എന്റേൽ കാറും ഉണ്ട്. പക്ഷെ അതിലൊന്നും പോകണ്ട. അറിയാത്ത സ്‌ഥലത്തു പോകാൻ ബസിൽ തന്നെ പോകാം.. വാ..’
അതെവിടെക്കുള്ള ബസ് ആണെന്ന് പോലും നോക്കാൻ എനിക്ക് സമയം കിട്ടിയില്ല. അവൾ ഓടിക്കയറിയതിന് പിന്നാലെ ഞാനും ഓടി കയറി. ഞങ്ങൾ ഇടയിലായി ഒരു സീറ്റിൽ ഇരുന്നു. വലിയ തിരക്കില്ല ബസിൽ. ടിക്കറ്റ് ചോദിച്ചു വന്നപ്പോൾ അവസാന സ്റ്റോപ്പിലേക്ക് പറഞ്ഞു. അവസാനസ്റ്റോപ്പ് ഒരു ബസ് സ്റ്റാൻഡ് ആയിരുന്നു. ഞങ്ങൾ അവിടെ ഇറങ്ങി
‘ഇത് നിനക്ക് അറിയുന്ന സ്‌ഥലം ആണോ..?
ലക്ഷ്മി എന്നോട് ചോദിച്ചു
‘പിന്നെ.. ഞാൻ വന്നിട്ടുണ്ട്..’
ലക്ഷ്മി പെട്ടന്ന് അവിടെ നിർത്തിയിട്ടിരിക്കുന്ന ബസുകളിലേക്ക് നോക്കി..
‘ദേ ആ അറ്റത്തു കിടക്കുന്ന ബസ് പോകുന്ന സ്‌ഥലമോ..?
‘അറിയാം. പോയിട്ടുണ്ട്..’
ഞാൻ പറഞ്ഞു
‘അതിനപ്പുറത്തെ…?
അവൾ വീണ്ടും ചോദിച്ചു