“ആണോ…ചിലപ്പോ അയാൾ അതിന് മുന്നേ എവിടെയെങ്കിലും ഇറങ്ങിക്കാണും…”
“മ്മ്…”
ആര്യൻ അവൻ അയാളോട് പറഞ്ഞതൊന്നും മനപ്പൂർവം തന്നെ ലിയയോട് പറഞ്ഞില്ല…ലിയ അവൻ പറഞ്ഞത് മുഴുവൻ വിശ്വസിച്ചതുമില്ല…കൂടുതൽ ഒന്നും തന്നെ അവനോട് ചോദിക്കാനും മുതിർന്നില്ല.
“ഇനി ഇങ്ങനെ എന്തെങ്കിലും അനുഭവം ഉണ്ടായാൽ ചേച്ചി ഉടൻ തന്നെ പ്രതികരിക്കണം കേട്ടോ…”
“മ്മ്…”
“ചേച്ചി ഒന്ന് അയാളെ തിരിഞ്ഞ് കണ്ണുരുട്ടിയെങ്കിൽ പോലും അയാള് പേടിച്ച് മാറിയേനേം…എന്നിട്ടും മാറിയില്ലെങ്കിൽ കരണം നോക്കി ഒരെണ്ണം അങ്ങ് പൊട്ടിച്ചേക്കണം…”
“അയ്യോ…”
“എന്ത് അയ്യോ…ഒന്നും സംഭവിക്കില്ല…ബാക്കി ഒക്കെ നമ്മൾക്ക് വരുന്നിടത്ത് വെച്ച് കാണാം…”
“മ്മ്…”
“വെറുതെ മൂളിയാൽ പോരാ…പേടിക്കരുത് അങ്ങനത്തെ സന്ദർഭങ്ങളിൽ…കുറച്ച് ധൈര്യം കാണിച്ചാൽ അവന്മാർ പിന്നെ ഒന്ന് മടിക്കും.”
“മ്മ്…നീ ഇങ്ങനൊക്കെ പറഞ്ഞപ്പോൾ എനിക്ക് ഇപ്പോ തോന്നുന്നു ഞാൻ അവനിട്ട് രണ്ടെണ്ണം പൊട്ടിക്കണമായിരുന്നു എന്ന്…”
“പിന്നല്ലാ…അവനെ ഇനി കാണുവാണെങ്കിൽ നമ്മൾക്ക് ഒരെണ്ണം കൊടുക്കാം എന്തേ…ഹഹ…”
“അതിന് ഞാൻ അവനെ കണ്ടില്ല…നീ കണ്ടായിരുന്നോ?”
“ഞാനും അത്ര വ്യക്തമായി കണ്ടില്ല…അവൻ മുഖം തരാതെയാ തിരിഞ്ഞ് പോയത്…”
“തിരിഞ്ഞ് പോയതോ…നീ അയാളുടെ മുന്നിൽ കയറി നിന്നു എന്നല്ലേ പറഞ്ഞത്…”
“ഹാ…അത്…അതേ…ഹാ ഞാൻ അയാളുടെ മുന്നിൽ കയറിയപ്പോൾ അയാള് അപ്പുറത്തെ വശം തിരിഞ്ഞ് പിറകിലേക്ക് മാറി…അതാ ഞാൻ ഉദ്ദേശിച്ചത്…” ആര്യൻ വിക്കിയെങ്കിലും എങ്ങനെയോ പറഞ്ഞൊപ്പിച്ചു…
“മ്മ്…മ്മ്…” അവൻ പറയുന്നത് താൻ വിശ്വസിച്ചിട്ടില്ലെന്ന് മനസ്സിലാകും വിധം ലിയ അവനെ നോക്കി ചിരിച്ചു.
“ചേച്ചി ഇവിടെ ഇരിക്ക് ഞാൻ ഇപ്പോ വരാം…”
“എവിടെ പോവാ?”
“മോളി ചേട്ടത്തി ഒരു ബ്ലൗസ് തയിപ്പിക്കാൻ ഈ കനാലിൻ്റെ കുറച്ചപ്പുറത്തുള്ള ഒരു വീട്ടിൽ കൊടുത്തിട്ടുണ്ട്…അത് റെഡി ആയെങ്കിൽ വാങ്ങിക്കൊണ്ട് വരാൻ പറഞ്ഞിരുന്നു…ഞാൻ ഒന്ന് പോയി ചോദിച്ചിട്ട് വരാം…”
“മ്മ് ശരി…പെട്ടെന്ന് വരണം…”
“എന്താ പേടിയുണ്ടോ…അയാളിവിടെ വരാൻ ഒന്നും പോകുന്നില്ല…ഇനി അഥവാ വന്നാൽ ഞാൻ പറഞ്ഞത് മറക്കണ്ട…ഠിഷ്…ഠിഷ്…ഹഹഹ…”