ലിയ അകത്തേക്ക് പോയി മുഖം കഴുകി തുടച്ച് കലങ്ങിയ കണ്ണുകളുമായി പുറത്തേക്ക് വന്നു. അവൻ അവളെയും കൂട്ടി അവളുടെ മേശയുടെ അടുത്തേക്ക് പോയി.
ലിയയെ കസേരയിൽ ഇരുത്തിയ ശേഷം ആര്യൻ അവളുടെ അരികിലായി തന്നെ ഇരുന്നു.
അവളുടെ വിഷമം മുഴുവൻ മാറുന്നതും നോക്കി അവൻ അവിടെ തന്നെ ഒന്നും മിണ്ടാതെ ഇരുന്നു.
“ഞാൻ ആകെ പേടിച്ച് പോയെടാ…എനിക്ക് എങ്ങനെ പ്രതികരിക്കണമെന്നോ എന്ത് ചെയ്യണമെന്നോ അറിയാത്ത ഒരു അവസ്ഥ ആയിരുന്നു…നിന്നെ ഒന്ന് തിരിഞ്ഞ് പോലും നോക്കാൻ പറ്റാത്ത അവസ്ഥ…എന്നിട്ടും എൻ്റെ അപ്പോഴത്തെ വിഷമം മനസ്സിലാക്കി നീ അവിടേക്ക് വന്നില്ലേ…നന്ദിയുണ്ട് നിന്നോട്…ഒരുപാട് നന്ദി…”
“എന്താ ചേച്ചീ ഇങ്ങനെയൊക്കെ…ഞാൻ എനിക്ക് ഇവിടെ ഒരു ചേച്ചിയുണ്ടെന്ന് അമ്മയോട് പറഞ്ഞത് അത് ശരിക്കും ഉദ്ദേശിച്ച് തന്നെയാണ്…ഇനിയും ചേച്ചിക്ക് എന്തേലും ബുദ്ധിമുട്ട് ഇതുപോലെ ഉണ്ടായാൽ ഞാൻ കാണും കൂടെ…അതിന് ഇങ്ങനെ നന്ദി ഒന്നും പറയണ്ട എന്നോട്…”
“എനിക്കറിയാം ടാ…നീയും എനിക്കെൻ്റെ സ്വന്തം അനിയൻ തന്നെയാണ്…നിന്നോട് ഒന്നും പറയാൻ പറ്റാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ അപ്പോൾ…അതുകൊണ്ട് ഇപ്പോ പറഞ്ഞെന്നേ ഉള്ളൂ…എൻ്റെ ഒരു സമാധാനത്തിന്…”
“ചേച്ചിക്ക് ഒരു സമാധനക്കുറവും വേണ്ട…എനിക്ക് ചേച്ചി ഇങ്ങനെ വിഷമിക്കുന്നത് കാണാതെ ഇരുന്നാൽ മാത്രം മതി…”
അവൻ അവളുടെ കൈകളിൽ പിടിച്ച് പറഞ്ഞു. അവളും അവൻ്റെ കൈകളിൽ അമർത്തി പിടിച്ചു. കുറച്ച് സമയം അവർ അങ്ങനെ മൗനമായി ഇരുന്നു. ലിയയുടെ സങ്കടം പൂർണമായി മാറി വന്നു.
“നിനക്കെങ്ങനെ മനസ്സിലായി…?”
“എന്ത്?”
“അയാളെന്നെ ശല്യം ചെയ്യുവാണെന്ന്…”
“അത് ചേച്ചിയുടെ അപ്പോഴത്തെ പെരുമാറ്റവും ശരീര ഭാഷയും ഒക്കെ കണ്ടപ്പോൾ തന്നെ എനിക്കെന്തോ പന്തികേട് തോന്നിയിരുന്നു…പിന്നെ അയാൾ ചേച്ചിയുടെ കൈയിൽ കയറി പിടിക്കുന്നത് കണ്ടതോടെ ആണ് ഉറപ്പിച്ചത്…”
“മ്മ്…നീ എങ്ങനെയാ അയാളെ മാറ്റിയത്?”
“ഞാൻ അയാളുടെ മുന്നിൽ കയറി നിന്നു അത്രതന്നെ…”
“ഒന്നും പറഞ്ഞില്ലേ…?”
“ഇല്ല ചേച്ചി…എന്തേ?”
“അല്ലാ ഞാൻ നിന്നെ തിരിഞ്ഞ് നോക്കിയപ്പോൾ അയാളെ നിൻ്റെ പുറകിലൊന്നും കണ്ടതായി ഓർക്കുന്നില്ല അതാ ചോദിച്ചത്…”