“ഇത്രയൊക്കെ ആണ് ഇന്നലത്തെ വിശേഷങ്ങൾ…ഇപ്പോ സമാധാനം ആയോ?”
“മ്മ്…” ലിയ പുഞ്ചിരിച്ചു.
“ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാം എങ്കിൽ…”
ആര്യൻ അവിടെ നിന്നും എഴുന്നേറ്റ് ടോയ്‌ലറ്റിൽ കയറി മൂത്രം ഒഴിച്ച ശേഷം കൈയും മുഖവും കഴുകി പുറത്തേക്ക് വന്നു. മുഖം തുടച്ച ശേഷം ഫ്രണ്ടിലേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും ലിയ അവിടേക്ക് വന്നു. ആര്യൻ അവളോട് എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ ലിയ അവൻ്റെ അടുത്തേക്ക് നിറമിഴികളുമായി ചെന്ന് അവനെ ചുറ്റി കരയാൻ തുടങ്ങി.
എന്താണെന്ന് മനസ്സിലാകാതെ ആര്യൻ സ്തംഭിച്ച് നിന്നു. അവൻ ഉടനെ തന്നെ അവളെ പുറത്ത് മെല്ലെ തട്ടി വിളിച്ചുകൊണ്ട് ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ചേച്ചീ…ഇങ്ങനെ കരയാൻ ഇപ്പോ എന്താ പറ്റിയത്…കരയല്ലേ…എന്താണെന്ന് പറ…”
ലിയ കുറച്ച് നിമിഷങ്ങൾ കൂടി അവനെ കെട്ടിപ്പിടിച്ച് നിന്ന ശേഷം മെല്ലെ തല അവൻ്റെ നെഞ്ചിന് മുകളിൽ നിന്നും ഉയർത്തി അവൻ്റെ മുഖത്തേക്ക് നോക്കി.
“എന്താ ചേച്ചി…വാ ഇവിടെയിരിക്ക്…”
അവൻ അവളെ ഒരു കസേരയിലേക്ക് ഇരുത്തിയ ശേഷം കുടിക്കാൻ വെള്ളം കൊടുത്തിട്ട് അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.
“പറ എന്താ പറ്റിയത്?”
“അത്…നീ ഇന്നലെ എൻ്റെ കൂടെ ഇല്ലായിരുന്നെങ്കിൽ…” ശാലിനി വീണ്ടും കരയാൻ തുടങ്ങി.
അത്രയും പറഞ്ഞപ്പോൾ തന്നെ ആര്യന് കാര്യം എന്താണെന്ന് ഏറെക്കുറെ വ്യക്തമായിരുന്നു.
“കരയാതെ ചേച്ചീ…അത് കഴിഞ്ഞില്ലേ…ഇത്രയും നേരം കുഴപ്പമില്ലാതെ ഇരുന്നിട്ട് ഇപ്പോ എന്തിനാ അത് ഓർത്തത് അതുകൊണ്ടല്ലേ…പോട്ടെ സാരമില്ല…”
ആര്യൻ അവളുടെ തലയിൽ മെല്ലെ തലോടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഓർക്കണ്ടാ ഒന്നും നിന്നോട് ചോദിക്കണ്ടാ എന്ന് തന്നെ ഉറപ്പിച്ചാടാ വന്നത്…പക്ഷേ…പറ്റണില്ലെടാ…”
“ശ്ശേ…ഇങ്ങനെ കരയല്ലേ…”
“നീ അപ്പോൾ വന്നില്ലായിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യാ…”
“ഒന്നും ഓർക്കണ്ടാ…ഒന്നും സംഭവിച്ചിട്ടുമില്ല സംഭവിക്കാൻ പോകുന്നുമില്ലായിരുന്നു…ചേച്ചി മനസ്സ് വിഷമിപ്പിക്കാതെ…”
ആര്യൻ അവൾക്ക് കുടിക്കാൻ കുറച്ചുകൂടി വെള്ളം കൊടുത്ത ശേഷം അവളെ എഴുന്നേൽപ്പിച്ച് നിർത്തി. അവൻ അവളുടെ കണ്ണുകളിൽ നിന്നും പൊഴിയുന്ന നീർതുള്ളികൾ കൈകൊണ്ട് തുടച്ച ശേഷം അവളോട് പോയി മുഖം കഴുകി വരാൻ ആവശ്യപ്പെട്ടു.