“ടാ ഇനി പറ…”
“ഹാ ചോദിക്കൂ മാഡം…”
“കളിക്കാതെ പറയുന്നുണ്ടോ…”
“ഹാ പറയാം പറയാം…ശെടാ…കേട്ടോ…
ഞാൻ ഒരു പത്തര കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി…ചെന്ന് കയറിയപ്പോൾ അമ്മ ഞെട്ടി…ആദ്യം കെട്ടിപ്പിടിച്ച് കുറേ ഉമ്മ ഒക്കെ തന്നെങ്കിലും ഒരു രാത്രി നിൽക്കാൻ വേണ്ടി മാത്രം അങ്ങോട്ട് വന്നതിന് പിന്നെ കുറേ വഴക്ക് പറഞ്ഞു…അതുകഴിഞ്ഞ് ഒരു ആഴ്‌ചക്ക് ശേഷം അമ്മ ഉണ്ടാക്കിയ കറികൾ കൂട്ടി ചോറ് കഴിച്ചു…ഇവിടുത്തെ വിശേഷങ്ങൾ പറഞ്ഞു…കിടന്നുറങ്ങി…വെളുപ്പിനെ എഴുന്നേറ്റു…കരച്ചിലും പിഴിച്ചിലും ഒക്കെ കഴിഞ്ഞ് ഇങ്ങോട്ടുള്ള വണ്ടി കയറി…ശുഭം…”
“മ്മ്…അമ്മയ്ക്ക് സന്തോഷം ആയിക്കാണും നീ ചെന്നത് അല്ലേ…”
“സന്തോഷവും ഉണ്ട് സങ്കടവും ഉണ്ട്…”
“മ്മ്…യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു നിൻ്റെ…”
“ഓ യാത്രയാ സഹിക്കാൻ പറ്റാത്തത്…പിന്നെ ഇപ്പോ വഴിയും കെറേണ്ട വണ്ടിയുമൊക്കെ മനസ്സിലായതുകൊണ്ട് ആദ്യത്തെ അത്ര ബുദ്ധിമുട്ട് തോന്നിയില്ല…”
“ഹാ…പിന്നേ…”
“പിന്നെന്താ…ചേച്ചിയെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ട്…”
അത് കേട്ടപ്പോൾ ലിയയുടെ മുഖത്ത് ഒരു ചിരി വിടരുന്നത് ആര്യൻ കണ്ടു.
“എന്ത് പറഞ്ഞു…?”
“എനിക്കിവിടെ ഒരു ചേച്ചിയെ കിട്ടിയിട്ടുണ്ടെന്നും, ആളൊരു പഞ്ചപാവം ആണെന്നും, എന്നെ ഒരുപാട് ഇഷ്ട്ടം ആണെന്നുമൊക്കെ തട്ടി വിട്ടിട്ടുണ്ട്…”
“തട്ടി വിട്ടെന്നോ…ഇതൊക്കെ ഉള്ളത് തന്നെയല്ലേ…”
“ആണോ…ഹഹ…”
“എന്നിട്ട് അമ്മ എന്ത് പറഞ്ഞു…?”
“എങ്കിൽ തിരിച്ച് ചെല്ലുമ്പോൾ എൻ്റെ ആ മോളോട് അമ്മയുടെ പ്രത്യേക അന്വേഷണം പറയാനും അമ്മ ഇവിടെ സുഖമായിട്ട് ഇരിക്കുന്നുണ്ടെന്ന് അറിയിക്കാനും പറഞ്ഞു…”
“കണ്ടോ അമ്മക്ക് നിന്നെക്കാൾ സ്നേഹം ഉണ്ട്…”
“അത് ശരി…അമ്മ പിന്നെ വേറൊരു കാര്യം കൂടി പറഞ്ഞു.”
“എന്താ…?”
“മോളോട് പറയണം വിഷമിക്കരുത്, ധൈര്യമായിമുന്നോട്ട് പോകണം, അമ്മയുടെ പ്രാർത്ഥന ഉണ്ടെന്ന്…”
“മ്മ്…” ലിയയുടെ മുഖം ചെറുതായി ഒന്ന് വാടിയെങ്കിലും അവൻ തന്നെ പറ്റി എല്ലാം തന്നെ അമ്മയോട് പറഞ്ഞെന്നും അതുകൊണ്ടാണ് അമ്മ അങ്ങനെ പറഞ്ഞത് എന്നതും ഓർത്തപ്പോൾ അവൾക്ക് അതിയായ സന്തോഷം ഉണ്ടായി.