“ഹാ ഏതായാലും ആര്യൻ ഒന്ന് ചോദിച്ച് നോക്ക് കിട്ടുവാണെങ്കിൽ കൊണ്ടുപോരെ…പൈസ ദാ ഞാൻ ഇപ്പോ എടുത്തുകൊണ്ട് വരാം…”
“ഇപ്പോ വേണ്ട ചേട്ടത്തി ഇന്ന് കിട്ടുവാണേൽ ഞാൻ കൊടുത്തോളാം…”
“എങ്കിൽ ശരി ആര്യാ…”
“ശരി ചേട്ടത്തി…”
മോളി വീടിനുള്ളിലേക്ക് കയറിപ്പോയി. രണ്ട് മിനുട്ടുകൾ കൂടി കഴിഞ്ഞപ്പോൾ ലിയ നടന്നു വന്നു.
ആര്യനെ കണ്ടതിൻ്റെ സന്തോഷം മറ്റെല്ലാവരെയും പോലെ തന്നെ ലിയയിലും ഉണ്ടായിരുന്നു. കുറച്ച് കൂടുതൽ ആണെങ്കിലേ ഉള്ളൂ. ലിയ വേഗം തന്നെ നടന്ന് അവൻ്റെ അരികിൽ എത്തി. അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.
“എന്താ ചേച്ചീ ഇങ്ങനെ ആദ്യമായിട്ട് കാണുന്ന പോലെ നോക്കുന്നത്…”
“ഏയ് ഒന്നുമില്ല…നീ എപ്പോ എത്തി?”
“ഞാൻ ഇന്നലെ വൈകിട്ട് തന്നെ എത്തി…”
“നാട്ടിലെ വിശേഷങ്ങളൊക്കെ പറ…കേൾക്കട്ടെ…”
“ഇപ്പോ തന്നെ വേണോ…ഓഫീസിൽ എത്തിയിട്ട് പറഞ്ഞാൽ പോരെ…” ആര്യൻ അവളെ കളിയാക്കി പറഞ്ഞു.
“ഓ…മതി മതി…എങ്കിൽ വാ വേഗം പോകാം…”
“മ്മ്…കേറിക്കോ…”
ലിയ അവനോടൊപ്പം സൈക്കിളിൽ കയറി അവൻ്റെ തോളിൽ പിടിച്ചിരുന്നുകൊണ്ട് ഓഫീസിലേക്ക് യാത്ര ആയി. ഓഫീസിൽ ചെന്ന ലിയ ആദ്യം തന്നെ അവൻ്റെ വിശേഷങ്ങൾ ചോദിച്ചറിയാൻ തിടുക്കം കാട്ടി.
“ടാ പറ…അമ്മ എന്ത് പറയുന്നു…സുഖം ആണോ…?”
“സുഖം സുഖം…എല്ലാം ഞാൻ വിശദമായിട്ട് ഉച്ചക്ക് പറയാം…നമ്മൾക്കാദ്യം പണി തീർക്കാം പിന്നെ സമയം കിടക്കുവല്ലെ…”
“മ്മ് ശരി…”
അവർ രണ്ടുപേരും അവരുടെ ജോലികളിലേക്ക് കടന്നു. ജോലി എല്ലാം തീർത്ത് ഏകദേശം പതിനൊന്നരയോട് കൂടി ആര്യൻ തിരിച്ചെത്തി. ലിയയുടെ ജോലി പക്ഷേ തീർന്നിട്ടുണ്ടായിരുന്നില്ല. അവൻ അവള് വരാൻ വേണ്ടി അകത്ത് വെയിറ്റ് ചെയ്തു. ഒടുവിൽ ലിയയുടെ ജോലി കഴിഞ്ഞപ്പോ സമയം ഒരു മണി ആകാറായിരുന്നു. ഇനി എങ്കിൽ പോയി കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് ആര്യൻ വീട്ടിലേക്ക് പോയി.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആര്യൻ തിരികെ വരുന്നതും കാത്ത് ലിയ അക്ഷമയായി ഇരുന്നു. ഒടുവിൽ ആര്യൻ തിരികെ വന്ന് ലിയയോടൊപ്പം ഇരുന്നു.