“ഹാ കഴിഞ്ഞു…”
“അമ്പോറ്റിയോട് എന്തൊക്കെ പ്രാർത്ഥിച്ചു…?”
“പരീക്ഷക്ക് ജയിക്കാനും അമ്മേടെ ദേഷ്യം പെട്ടെന്ന് മാറാനും…”
അത് കേട്ട് നിന്ന ആര്യനും ശാലിനിയും അമ്മയും ഒരുപോലെ പൊട്ടിച്ചിരിച്ചു പോയി.
“ഡീ ഡീ…നിൻ്റെ പ്രാർത്ഥന കുറച്ച് കൂടുന്നുണ്ട്…” എന്ന് പറഞ്ഞ് ശാലിനി അമ്മുവിനെ അവൻ്റെ ഒക്കത്ത് നിന്നും എടുത്തോണ്ട് അവനെയും വിളിച്ച് അടുക്കളയിലേക്ക് പോയി.
അവർ നാല് പേരും അടുക്കളയിൽ നിന്ന് കൊച്ചു കൊച്ചു തമാശകളും കാര്യങ്ങളും ഒക്കെ പറഞ്ഞുകൊണ്ട് ശാലിനി അത്താഴം റെഡി ആക്കിയ ശേഷം ആര്യനോട് ഭക്ഷണ മേശയിലേക്ക് ഇരിക്കാൻ പറഞ്ഞു. അവൾ അവന് ആഹാരം വിളമ്പി കൊടുത്തു. ആര്യൻ അവരോടും ഇരിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ അവൻ്റെ നിർബന്ധത്തിന് വഴങ്ങി അവരും അവനോടൊപ്പം ഇരുന്ന് തന്നെ ആഹാരം കഴിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ ശേഷം ആര്യൻ ഏകദേശം പതിനഞ്ച് മിനുട്ടുകൾ കൂടി അവിടെ ഇരുന്ന ശേഷം അവരോട് യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ ആര്യൻ കുറച്ച് നേരം കൂടി പുസ്തകം വായിച്ചിരുന്ന ശേഷം യാത്രാ ക്ഷീണം കാരണം നേരത്തെ തന്നെ കിടന്നു.
##################################
പിറ്റേദിവസം രാവിലെ തന്നെ ആര്യൻ കുളത്തിൽ പോയി കുളി ഒക്കെ കഴിഞ്ഞ് തിരികെ വന്നു. ചന്ദ്രികയോട് ഉച്ചക്ക് ഊണ് വേണ്ടാ എന്ന് ആര്യൻ പറഞ്ഞിരുന്നു. രാവിലത്തെയും ഉച്ചക്കത്തെയും ആഹാരം ഉണ്ടാക്കിയ ശേഷം ഓഫീസിൽ പോകാൻ റെഡി ആയ ആര്യൻ ഭക്ഷണം കഴിച്ചു.
എട്ടര ആയപ്പോഴേക്കും ആര്യൻ വീട് പൂട്ടി ഇറങ്ങി. ഗേറ്റിന് പുറത്ത് ലിയയെ കാത്ത് നിൽക്കുന്ന ആര്യനെ കണ്ട മോളി മുറ്റത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് അവനെ വിളിച്ചു.
“ആര്യാ…”
“എന്താ ചേട്ടത്തി?”
“ഒരു സഹായം വേണമായിരുന്നു…സുഹറയുടെ അടുത്ത് നിന്നും എൻ്റെ ഒരു ബ്ലൗസ് അവളത് തയിച്ചു കഴിഞ്ഞെങ്കിൽ ഒന്ന് വാങ്ങിക്കൊണ്ട് വരാമോ വരുമ്പോ…”
“അതിനെന്താ ചേട്ടത്തി…ഞാൻ വാങ്ങിക്കൊണ്ട് വരാം…ഇന്ന് കിട്ടുമോ… രണ്ടാഴ്ചക്കുള്ളിൽ തരാം എന്നല്ലേ അന്ന് പറഞ്ഞിരുന്നത്…”